കേരളത്തിൽ 30 തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ച മികച്ച മുന്നേറ്റം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണെന്ന് മന്ത്രി പി രാജീവ്. 17 സീറ്റുകളിലും എൽഡിഎഫിനൊപ്പം ജനങ്ങൾ നിലയുറപ്പിച്ചത് കണ്ടെങ്കിലും പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവരുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്ക് സമൂഹം യാതൊരു പിന്തുണയും നൽകുന്നില്ലെന്ന് മനസിലാക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എസ്ഡിപിഐ ജയിച്ച അപകടകരമായ സാഹചര്യവും അതിന് യുഡിഎഫിൽ നിന്ന് ലഭിച്ച സഹായവും മന്ത്രി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിന് നൽകിയ ഈ വിജയം വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രചോദനം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കേരളത്തിൽ 30 തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ച മികച്ച മുന്നേറ്റം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ്. 17 സീറ്റുകളിലും എൽഡിഎഫിനൊപ്പം ജനങ്ങൾ നിലയുറപ്പിച്ചത് കണ്ടെങ്കിലും പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവരുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്ക് സമൂഹം യാതൊരു പിന്തുണയും നൽകുന്നില്ലെന്ന് മനസിലാക്കാൻ തയ്യാറാകണം. കേരളത്തിനൊപ്പം നിന്നില്ലെങ്കിൽ ജനങ്ങളും ഒപ്പം കാണില്ലെന്നും യുഡിഎഫ് മനസിലാക്കണം. പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ വാർഡിൽ യുഡിഎഫിൻ്റെ സിറ്റിങ്ങ് സീറ്റിൽ എസ്ഡിപിഐ വിജയിക്കുന്ന അപകടകരമായ സാഹചര്യവും ഈ ഉപതെരഞ്ഞെടുപ്പിൽ കാണുകയുണ്ടായി. അവിടെ യുഡിഎഫ് വോട്ടുകളിൽ 70 ശതമാനത്തോളം കുറവുണ്ടായി. പാലക്കാട് യുഡിഎഫ് ജയിച്ചപ്പോൾ ആദ്യം ആഹ്ലാദപ്രകടനം നടത്തിയത് എസ്ഡിപിഐ ആണെന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം.
കേരളത്തിന്‍റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വയനാട് ചൂരൽമലയുൾപ്പെടെയുള്ള ദുരന്തമുഖത്തും ക്ഷേമ-വികസന-പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ പണം യൂണിയൻ ഗവണ്മെൻ്റ് തടഞ്ഞു വെക്കുന്നതിനെതിരെ കേരളത്തിനായി ആര് നിലകൊള്ളുന്നു എന്ന് ജനങ്ങൾ വിലയിരുത്തുന്നുണ്ട്. ഒപ്പം ഈ നാട് ഇന്നേവരെ കാണാത്ത വികസന മുന്നേറ്റവും ജനഹിതത്തിനെ സ്വാധീനിച്ചു. നാടിനൊപ്പം നിൽക്കുന്നവർക്കൊപ്പം നാട് നിൽക്കുമെന്ന സന്ദേശം കൂടിയാണ് ഈ ഉപതെരഞ്ഞെടുപ്പ് നൽകുന്നത്. വിജയിച്ച എല്ലാ സ്ഥാനാർഥികളെയും അഭിവാദ്യം ചെയ്യുന്നു. ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിന് നൽകിയ ഈ വിജയം വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രചോദനം നൽകുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

