കെ ഫോണ്‍ പദ്ധതിക്ക് പ്രൊപ്രൈറ്റര്‍ മോഡല്‍

കെ ഫോണ്‍ പദ്ധതി മോണിറ്റൈസ് ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കുന്നതിന് നിയോഗിച്ച സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം. ഐടി സെക്രട്ടറി കണ്‍വീനറായ ആറംഗ സമിതിയാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. നിര്‍വ്വഹണ ചുമതല കെ-ഫോണ്‍ ലിമിറ്റഡില്‍ നിക്ഷിപ്തമാക്കി മറ്റ് പ്രവര്‍ത്തനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്തുകൊണ്ടുള്ള പ്രൊപ്രൈറ്റര്‍ മോഡല്‍ സ്വീകരിക്കാനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നതിന് ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക്ക് ടെര്‍മിനല്‍ (ഒഎന്‍ടി) വരെയുള്ള പ്രവര്‍ത്തനവും പരിപാലനവും സിസ്റ്റം ഏകോപന ചുമതലയുള്ള ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് മുഖേന കെ-ഫോണ്‍ ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ഓഫീസുകളില്‍ ലാന്‍, വൈഫൈ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഏജന്‍സികളെ എംപാനല്‍ ചെയ്തിട്ടുണ്ടെന്ന് കെഎസ്‌ഐടിഐഎല്‍ ഉറപ്പു വരുത്തണം.

ഇന്റര്‍നെറ്റും ഇന്‍ട്രാനെറ്റും ലഭ്യമാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളോടും വെവ്വേറെ ബില്ലുകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടുന്നതിനു പകരം, കെഫോണ്‍ ലിമിറ്റഡിന് മൊത്തമായോ ത്രൈമാസ തവണകളായോ പേയ്‌മെന്റായി സര്‍ക്കാര്‍ തുക നല്‍കും.

30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക്ക് ടെര്‍മിനല്‍ വരെയുള്ള പ്രവര്‍ത്തനവും പരിപാലനവും മാത്രമാണ് സിസ്റ്റം ഏകോപന ചുമതലയുള്ള ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് കൈകാര്യം ചെയ്യുന്നത്. അതില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് ഒരു മാനേജ്ഡ് സര്‍വീസ് പ്രൊവൈഡറിന്റെ വൈദഗ്ദ്ധ്യം ആവശ്യമാണ്. ആതിനാല്‍, കെ ഫോണ്‍ ലിമിറ്റഡിന്റെ സാങ്കേതികവും വാണിജ്യപരവുമായ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി, ടെന്‍ഡര്‍ പ്രക്രിയയിലൂടെ, ഒരു മാനേജ്ഡ് സര്‍വീസ് പ്രൊവൈഡറെ തെരഞ്ഞെടുക്കും.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയുടെ ടെന്‍ഡര്‍ കാലാവധി അഞ്ച് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിനുള്ള സാധ്യത ടെന്‍ഡര്‍, വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കും. സാങ്കേതിക നവീകരണം, സുരക്ഷ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ സാങ്കേതിക വിഷയങ്ങളിലും കെ-ഫോണ്‍ ബോര്‍ഡിന് ഉപദേശം നല്‍കുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സില്‍ നിന്നുള്ള അംഗത്തെ കൂടി ഉള്‍പ്പെടുത്തി നിലവിലുള്ള ടെക്‌നിക്കല്‍ കമ്മിറ്റിയെ ശാക്തീകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി.

കെ ഫോണ്‍ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ നേടുന്ന രീതിയിലായിരിക്കണം പ്രവര്‍ത്തനം നിര്‍വ്വഹിക്കേണ്ടതെന്നാണ് മന്ത്രിസഭയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News