
വഖഫ് നിയമത്തിനെതിരെ പോരാട്ടം ശക്തമാക്കി പ്രതിപക്ഷം. മുസ്ലിം ലീഗ് നിയമത്തെ ചോദ്യം ചെയ്തു സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജികള്‍ കോടതി അടിയന്തരമായി പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം, നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിലുള്ള പ്രതിഷേധം അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.
വഖഫ് സ്വത്തുക്കള്‍ക്കുമേല്‍ കടന്നുകയറുന്ന നിയമത്തിനെതിരെ നിയമപരമായി പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. നിയമത്തെ ചോദ്യം ചെയ്ത് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മുസ്ലിം ലീഗ് നേതാക്കള്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഹര്‍ജി സമര്‍പ്പിച്ചത്. നിയമം മുസ്ലിം വിഭാഗങ്ങളുടെ മൗലികാവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണെന്ന് കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന നിയമം റദ്ദാക്കണമെന്നാണ് വിവിധ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കേരള സമസ്ത, ഇസ്ലാമിക പുരോഹിത സംഘടനയായ ജംഇയ്യത്ത് ഉലമ ഇ ഹിന്ദ്, കോണ്‍ഗ്രസ് എം പി മുഹമ്മദ് ജാവേദ്, അസദുദ്ദീന്‍ ഒവൈസി, എ എ പി നേതാവ് അമാനത്തുള്ള ഖാന്‍ എന്നിവരും കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ബീഹാറില്‍ നിന്നുള്ള ആര്‍ ജെ ഡി നേതാക്കളും നിയമപരമായുള്ള പോരാട്ടത്തിനായി സുപ്രീംകോടതിയെ സമീപിച്ചു.
അതേസമയം, നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. മണിപ്പൂരില്‍ ബില്ലിനെ അനുകൂലിച്ച ബി ജെ പി മോര്‍ച്ച നേതാവ് അസ്‌കര്‍ അലിയുടെ വസതി പ്രതിഷേധത്തിനിടെ തീയിട്ടു. ഉത്തര്‍പ്രദേശില്‍ ബില്ലിനെതിരെ പ്രതിഷേധിച്ച 300 പേര്‍ക്കെതിരെയും യോഗി സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. 2 ലക്ഷം രൂപ ബോണ്ട് നല്‍കണമെന്നും പതിനാറാം തീയതി കോടതിയില്‍ ഹാജരാക്കണം എന്നും പ്രതിഷേധക്കാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദില്ലിയിലെ വിവിധ കേന്ദ്ര സര്‍വകലാശാലകളിലും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ആണ് നീക്കം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


