
ഇന്ത്യയിലെ തൊഴിലാളിവർഗ സമൂഹത്തിന്റെയും സാധാരണക്കാരുടെയും ജീവിതം ദുരിതപൂർണമാക്കുന്ന നടപടികളാണ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. പാചകവാതക പ്രതിസന്ധി വ്യവസായ മേഖലയിലെ തൊഴിലാളി വിരുദ്ധ നയങ്ങൾ എന്നിവ സാധാരണക്കാരുടെ ജീവതം ദുസഹമാക്കിയ സാഹചര്യമാണ് രാജ്യത്ത് ഇപ്പോൾ നിലവിലുള്ളത്.
വിബി-ജി റാം (ജി) പദ്ധതിയിലൂടെ ദേശീയ തൊഴിലുറപ്പ് പദ്ധതിയെ നശിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം കാർഷിക-ഗ്രാമീണ തൊഴിലാളി യൂണിയനുകളും എൻആർഇജിഎ സംഘർഷ് മോർച്ചയും നടത്തി.
നിലവിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള നീക്കം ഇന്ത്യയിലെ കാർഷിക, ഗ്രാമീണ തൊഴിലാളികളുടെ ജീവിതസാഹചര്യത്തെ കൂടുതൽ കഷ്ടത്തിലാക്കുകയെ ചെയ്യുകയുള്ളൂ. ഈ ആശങ്കയെ സാധൂകരിക്കുന്ന ചില കണക്കുകൾ ഉണ്ട്, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2026 ലെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2024ൽ 4,633 കർഷകരും 5,913 കർഷക തൊഴിലാളികളും ഉൾപ്പെടെ ഗ്രാമീണ മേഖലയിൽ ആത്മഹത്യ ചെയ്ത മനുഷ്യരുടെ എണ്ണം 10,546 ആണ്. തൊഴിലുറപ്പ് പദ്ധതിക്ക് തൊഴിലുറപ്പ് നൽകാൻ സാധിച്ചില്ലെങ്കിൽ ഈ കണക്കുകൾ ഇനിയും വർധിക്കുകയായിരിക്കും ചെയ്യുക.
Also Read: സീനിയോറിറ്റി മുതല്‍ പാര്‍ട്ടിയോടുള്ള വിശ്വസ്തത വരെ; മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി പാര്‍ട്ടിക്ക് മുമ്പില്‍ രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച വാദങ്ങള്‍
ചരിത്രപരമായ തുടക്കം എന്ന നിലയ്ക്കാണ് VB-GRAM (G) നിയമം പാർലമെന്റിൽ ബിജെപി നടപ്പിലാക്കിയത് പക്ഷെ തൊഴിൽ ആവശ്യകത ഉറപ്പാക്കുന്ന ഏക പദ്ധതിയായ മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്റ്റ് 2005 അന്ത്യം കുറിച്ചു എന്നുള്ളതാണ് VB-GRAM (G)യുടെ ചരിത്രപരമായ ഏക പ്രത്യേകത.
ഇടതുപക്ഷത്തിന്റെ ശ്രമഫലമായി യുപിഎ സർക്കാർ നടപ്പിൽ വരുത്തിയ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ച് ‘വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗർ ആൻഡ് അജീവിക മിഷൻ നടപ്പിലാകുമ്പോൾ തൊഴിൽ അവകാശമല്ലാതാകും. തൊഴിൽ നൽകിയില്ലെങ്കിൽ നഷ്‌ടപരിഹാരമെന്ന നിയമപരമായ ബാധ്യതയിൽനിന്ന് കേന്ദ്രത്തിന് ഒഴിവാകുകയും ചെയ്യാം.
ദുർബ്ബല ജനവിഭാഗങ്ങൾക്ക് തൊഴിലും കൂലിയും ഉറപ്പുവരുത്തുന്ന തൊഴിലുറപ്പ് പദ്ധതിയെ കൊലപ്പെടുത്താൻ കേന്ദ്രസർക്കാർ ബുദ്ധി പൂർവം ഉപയുക്തമാക്കിയിരിക്കുന്നത് സംസ്ഥാന സർക്കാരുകളുടെ കൈകളെയാണ്. ഫെഡറലിസത്തെ നോക്കുകുത്തിയാക്കുന്ന കേന്ദ്ര സർക്കാർ തൊഴിലാളികളുടെ വേതനത്തിന്റെ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കണമെന്നാണ് തീട്ടൂരം ഇറക്കിയിരിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയിലായ സംസ്ഥാനങ്ങൾ പതയെ പദ്ധതിയിൽനിന്ന് പിന്തിരിയുമെന്നും പദ്ധതി സ്വാഭാവികമായും ഇല്ലാതാകുമെന്നുമാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്. ചുരുക്കി പറഞ്ഞാൽ കൈയ്യിൽ ചോര പുരളാതെ നടത്തുന്ന കൊലപാതകം.
വിളവെടുപ്പ് കാലത്ത് 60 ദിവസംവരെ പദ്ധതി നിർത്തി വെയ്ക്കാം എന്ന വ്യവസ്ഥയും അപകടകരമാണ്. തൊഴിലാളികളെ കുറഞ്ഞ കൂലിക്ക് വൻകിട ഭൂഉടമകൾക്ക് ലഭ്യമാക്കുവാൻ മാത്രമേ ഈ വ്യവസ്ഥ കൊണ്ട് സാധിക്കുകയുള്ളൂ. തൊഴിലാളികളുടെ കൂലിക്ക് വേണ്ടിയുള്ള വിലപേശൽശേഷി തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് ഉപകാരപ്പെടുന്നത് മുതലാളി വർഗത്തിന് മാത്രമാണ്.
ഡിജിറ്റൽ സാക്ഷരത ഇല്ലാത്ത സാധാരണക്കാരായ തൊഴിലാളികളെ പദ്ധതിയിൽ നിന്ന് പുറംതള്ളുവാൻ മാത്രമേ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള മൊബൈൽ ആപ്പുകളും ബയോമെട്രിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും കൊണ്ട് ഉപകാരപ്പെടുകയുള്ളൂ.
തൊഴിലാളികളെ ദ്രോഹിക്കുകയും പദ്ധതിയെ ഇല്ലാതാക്കുകയും ചെയ്യുന്ന ഈ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിട്ട് തൊഴിൽദിനങ്ങൾ 125 ആയി ഉയർത്തുമെന്നു പറയുന്നത് വെറും വാഗ്ദാനം മാത്രമായി അവശേഷിക്കുകയെ ഉള്ളൂ.
പ്രതിപക്ഷ എതിർപ്പുകളെ തൃണവൽഗണിച്ചു കൊണ്ട് ബിൽ സബ്‌ജക്ട് കമ്മിറ്റിക്ക് അയക്കാൻപോലും തയ്യാറാകാത്ത മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ വൻ ജനരോഷമാണുയരുന്നത്. കർഷകത്തൊഴിലാളി യൂണിയനുകളുടെ സംയുക്തവേദിയും എൻആർഇജിഎ സംഘർഷ് മോർച്ചയും അഖിലേന്ത്യാ പണിമുടക്കും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
വിബിജിആർഎഎംജി പദ്ധതി പിൻവലിക്കുക, എംഎൻആർഇജിഎ പദ്ധതിയിലെ പ്രതിവർഷ തൊഴിൽ ദിനങ്ങളുടെ എണ്ണം 200 ആയി വർധിപ്പിക്കുക, മിനിമം വേതനം 700 ആക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരത്തിന് കേന്ദ്ര ട്രേഡ് യൂണിയനുകളും അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയനും പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലാളിവർഗത്തിന്റെ ഐക്യപോരാട്ടങ്ങളിലൂടെമാത്രമേ കേന്ദ്രത്തിന്റെ ഫെഡറൽവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങളെ ചെറുക്കാൻ സാധിക്കുകയുള്ളൂ. ഇത് വെറും പ്രതിഷേധം മാത്രമല്ല ഗ്രാമീണജനതയുടെ അതിജീവനത്തിന്റെ പോരാട്ടമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

