
വി ഡി സതീശന്‍ മന്ത്രിസഭയില്‍ നിന്ന് ചാണ്ടി ഉമ്മന്‍ അടക്കമുള്ള നേതാക്കള്‍ പുറത്ത് ആയത് പ്രവർത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്. ഐ സി ബാലകൃഷ്ണനും അന്‍വര്‍ സാദത്തിനും സഭയിൽ ഇടം കിട്ടിയില്ല. ഒപ്പം എം. വിന്‍സെന്റിനെയും എന്‍. ശക്തനെയും തഴഞ്ഞു. മന്ത്രിസഭാ രൂപീകരണത്തില്‍ വ്യാപക പ്രതിഷേധം ആണ് ഉയരുന്നത്. വകുപ്പ് വിഭജനത്തില്‍ അതൃപ്തി പ്രകടമാക്കി കെ.മുരളീധരനും രംഗത്ത് വന്നിട്ടുണ്ട്.
അവസാന നിമിഷം പ്രതീക്ഷിച്ചവരൊന്നും മന്ത്രിസഭയിൽ എത്തിയില്ല, ഉമ്മൻചാണ്ടിയുടെ ലെഗസിയുടെ പിൻന്മുറക്കാരൻ ചാണ്ടി ഉമ്മനെ വെട്ടി. പകരം റോജി എം ജോൺ അട്ടിമറിയിലൂടെ മന്ത്രിയായി. ഇതിൽ കടുത്ത പ്രതിഷേധമാണ് ചാണ്ടി ഉമ്മൻ അനുകൂലികൾ ഉന്നയിക്കുന്നത്. തൻറെ നിരാശ പരസ്യമായി പങ്കുവയ്ക്കുന്നില്ല എങ്കിലും ചാണ്ടി ഉമ്മൻ കടുത്ത നീരസത്തിലാണ്.
ALSO READ: ‘ആറിൽ ആറും നേടിയെടുത്തു, കോഴിക്കോടിന് പൂജ്യം മന്ത്രി’; കോഴിക്കോടിന് മന്ത്രി സ്ഥാനമില്ലാത്തതിൽ യൂത്ത് ലീഗ് പ്രതിഷേധം
വിടി ബൽറാമിനെ കൊണ്ടുവരാനുള്ള സതീശന്റെ നീക്കം തടയപ്പെട്ടതോടെ രമേശിന് തിരിച്ചടി നൽകി സതീശൻ ഐ സി ബാലകൃഷ്ണന്റെ വഴിയും അടച്ചു. ആദിവാസി വിഭാഗത്തിൽ നിന്ന് മന്ത്രിയാകുമെന്ന് കരുതിയ ഐ സി ബാലകൃഷ്ണനും പദവി നഷ്ടമായി. ഇക്കാര്യത്തിൽ ആദിവാസി കോൺഗ്രസ് കടുത്ത പ്രതിഷേധത്തിലാണ്.
ചെന്നിത്തലയുടെ അടുത്ത അനുയായിയായ അൻവർ സാദത്തിനും കപ്പിനും ചുണ്ടിനും ഇടയിൽ മന്ത്രി പദവി നഷ്ടപ്പെട്ടു. ഈ അട്ടിമറികൾക്കിടയിൽ മന്ത്രിമാരുടെ എണ്ണത്തിലെ ഭൂരിപക്ഷം കെ സി വിഭാഗം പിടിച്ചു. ഐ സി ബാലകൃഷ്ണന് പകരം വന്ന ടി സിദ്ദിക്കും വി ടി ബൽറാമിന് പകരം പാലക്കാട് നിന്ന് എത്തിയ തുളസിയും അടക്കം കെസി വേണുഗോപാലിന്റെ അനുയായികളാണ്. കെ മുരളീധരൻ പ്രതീക്ഷിച്ച വകുപ്പുകൾ ലഭിക്കാത്തതിനാൽ അദ്ദേഹവും കടുത്ത നീരസത്തിലാണ്.
തിരുവനന്തപുരത്തുനിന്ന് മന്ത്രി പദം പ്രതീക്ഷിച്ച എം വിൻസന്റും എൻ ശക്തനും അവസാന നിമിഷം താഴെപ്പെട്ടതിൽ ഇരു സഭാ വിഭാഗങ്ങളും കടുത്ത പ്രതിഷേധത്തിലാണ്. വിൻസെന്റിനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് ലത്തീൻ വിഭാഗം നേതാക്കൾ നാളത്തെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പരസ്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതായത് വി ഡി സതീശൻ മന്ത്രിസഭയുടെ തുടക്കത്തിൽ തന്നെ തടയപ്പെട്ടവരുടെ പ്രതിഷേധത്തിനൊപ്പം സാമുദായിക നേതാക്കളുടെ എതിർപ്പും ശക്തമാവുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

