
യു ഡി എഫ് സർക്കാർ പി എം ശ്രി ഒപ്പിടുമ്പോൾ അത് ദേശീയ വിദ്യാഭ്യാസ നയത്തിലേക്ക് കൊണ്ടു പോകുമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ദേശീയ വിദ്യാഭ്യാസം നടപ്പിലാക്കിയാൽ വിദ്യാർത്ഥികളുടെ തലയിൽ ആർ എസ് എസ് മൂല്യങ്ങൾ അടിച്ചേൽപ്പിക്കും. ഇത് ചെറുത്ത് തോൽപ്പിക്കണം എന്നും സർക്കാർ ഇതിൽ നിന്നും പിൻമാറണം എന്നും സഞ്ജീവ് ആവശ്യപ്പെട്ടു.
അടിയന്തരമായി വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ യോഗം ചേരണം. വിദ്യാർത്ഥി സംഘടനകളുടെ അഭിപ്രായം കേൾക്കണം. പദ്ധതി നടത്തിപ്പിന് വേണ്ടി വി.ഡി സതീശൻ ഉന്നയിച്ച ന്യായങ്ങൾ പച്ചക്കള്ളങ്ങൾ ആണ്. കള്ളമാണെന്ന് അറിഞ്ഞിട്ടും അത് ആവർത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. എന്ത് മനോഹരമായാണ് വി.ഡി സതീശൻ കള്ളം പറയുന്നത്. മുഖത്ത് ഒരു ഭാവമാറ്റവും ഇല്ലാതെ കള്ളം പറയുന്നു എന്നും അദ്ദേഹം പറഞ്ഞു.
മുൻ സർക്കാർ പണം കൈപ്പറ്റി എന്ന് പറയുന്നത് കള്ളം ആണ്. കഴിഞ്ഞ സർക്കാരിൽ പഴിചാരി പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാനാണ് കോൺഗ്രസിൻ്റെ ശ്രമം. പി എം ശ്രി പിൻവലിക്കണം എന്നാണ് എസ്എഫ്ഐയുടെ ആവശ്യം. വിദ്യാഭ്യാസത്തിൽ മതം ഉൾപ്പെടുത്താനാണ് ആർ.എസ്എസിൻ്റെ ശ്രമം. കെ.എം ഷാജി പറഞ്ഞത് പദ്ധതി അറബി കടലിൽ എറിയുമെന്നാണ്. ഇപ്പോൾ എന്താണ് മന്ത്രിയുടെ നിലപാട് എന്നും കെ എസ് യു പോലുള്ള സംഘടനകൾ ഇപ്പോൾ എവിടെയാണെന്നും അവരുടെ നിലപാട് ഇപ്പോൾ എന്താണ് എന്നും സഞ്ജീവ് ചോദിച്ചു.
വിദ്യാഭ്യാസ മന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും കാണും. ആശങ്കകൾ ബോധ്യപ്പെടുത്തും. സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വരും ദിവസങ്ങളിൽ എസ് എഫ് ഐ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും എന്നും അദ്ദേഹം അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

