‘കർഷകസമരത്തെ അടിച്ചമർത്തുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭീകരതക്കെതിരെ ശക്തമായ ജനകീയപ്രതിഷേധം ഉയർന്നുവരണം’: എളമരംകരീം എം.പി

സയണിസ്റ്റ് ഭീകരരാഷ്ട്രമായ ഇസ്രയേലിൽ നിന്ന് ഇറക്കുമതി ചെയ്ത ഒക്‌ടോകോപ്റ്ററുകളും സെൽഫ്‌ലോഡിംഗ് റൈഫിളുകളും ശബ്ദപീരങ്കികളും ഉപയോഗിച്ച് ശത്രുരാജ്യത്ത സൈന്യത്തെപോലെ കർഷകസമരത്തെ അടിച്ചമർത്തുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭീകരതക്കെതിരെ ശക്തമായ ജനകീയപ്രതിഷേധം ഉയർന്നുവരണമെന്ന് എളമരംകരീം എം.പി. ഓരോ രാജ്യസ്‌നേഹിയും നാടിന് അന്നം നൽകുന്ന കർഷകർക്കുനേരെ നടക്കുന്ന കേന്ദ്രസർക്കാരിന്റെ നരഹത്യ നീക്കങ്ങൾക്കെതിരെ രംഗത്തുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഖനൗരി, ശംഭു തുടങ്ങിയ ഡെൽഹി അതിർത്തി പ്രദേശങ്ങളിൽ യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ കർഷകർക്കുനേരെ വെടിയുതിർത്ത് പ്രക്ഷോഭകരെ കൂട്ടക്കൊലചെയ്യാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ സൂചനയാണ് ഫെബ്രുവരി 21 ന് ഖനൗരി അതിർത്തിയിൽ ശുഭ്കിരൺസിംഗ് എന്ന യുവകർഷകൻ വെടിയേറ്റ് മരിച്ചതും നിരവധി കർഷകർക്ക് വെടിവെപ്പിൽ ഗുരുതരമായ പരിക്കേറ്റതുമായ സംഭവങ്ങൾ. ഖനൗരിയിൽ ബ്രിട്ടീഷ് ഭരണകാലത്തെ ജാലിയൻവാലാബാഗിനെ അനുസ്മരിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ സൈനികാക്രമണങ്ങൾക്കെതിരെ പ്രതിഷേധം കത്തിപ്പടരുകയാണ്.

ALSO READ: പ്രതിസന്ധികളില്‍ തളരാതെ ആകാശം കീഴടക്കി ആകാശ് ദീപ്

ഹരിയാന, പഞ്ചാബ്, ദില്ലി അതിർത്തികളിൽ കണ്ണീർവാതക ഷെല്ലിങ്ങിനുപയോഗിക്കുന്ന ഡ്രോണുകൾ ഇസ്രയേലിൽ നിന്ന് ഇറക്കുമതി ചെയ്ത ഒക്ടോകോപ്റ്ററുകളാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേൽസേന ഗാസയിലെ ആശുപത്രികളിൽ സ്‌നൈപ്പർ കൊലപാതകങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന അതേ ഒക്ടോകോപ്റ്ററുകളാണ് ദില്ലി അതിർത്തികളിൽ ഇന്ത്യൻ കർഷകർക്കുനേരെ ടിയർഗ്യാസ് ഷെല്ലിങ്ങിനായി ഉപയോഗിക്കുന്നത്. പലസ്തീൻ ജനതയെ കൊന്നുകൂട്ടുന്ന നെതന്യാഹുവിന്റെ ഇന്ത്യൻ പ്രതിരൂപമായി മാറിയ മോദി ഇസ്രയേൽ ആയുധങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ കർഷകരെ കൊന്നുകൂട്ടാനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എളമരംകരീം കുറ്റപ്പെടുത്തി.

ALSO READ: ‘വല്ലാത്തൊരു അവസ്ഥയിലേക്കാണ് കോൺഗ്രസിന്റെ പോക്ക്, ലീഗിന് യുഡിഎഫ് ബന്ധം ഒരു ബാധ്യത’: മന്ത്രി പി രാജീവ്

സ്വന്തം ഉൽപന്നത്തിനും അദ്ധ്വാനത്തിനും ന്യായമായ വില ലഭിക്കണമെന്നാവശ്യപ്പെട്ട് സമരംചെയ്യുന്ന കർഷകരെ ശത്രുസൈന്യത്തേയോ ഭീകരവാദികളെയോ നേരിടുന്നതുപോലെ മാരകമായ ആയുധസാമഗ്രികളുപയോഗിച്ച് അടിച്ചമർത്തുകയാണ് മോഡി-അമിത്ഷാ കൂട്ടുകെട്ടെന്ന് എളമരംകരീം ചൂണ്ടിക്കാട്ടി. സ്വാമിനാഥൻ കമ്മീഷൻ ശുപാർശ അനുസരിച്ച് മിനിമം താങ്ങുവില നൽകുമെന്നുള്ള 2014-ൽ മോഡി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ ഉറപ്പാണ്. അത് പാലിക്കണമെന്ന് പറഞ്ഞ് സമരം ചെയ്യുന്ന കർഷകരെയാണ് ഡെൽഹി അതിർത്തികളിൽ ഇസ്രയേലിൽ നിന്ന് ഇറക്കുമതി ചെയ്ത മാരകായുധങ്ങൾ ഉപയോഗിച്ച് കൂട്ടക്കൊല ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർത്താൻ മതനിരപേക്ഷ ജനാധിപത്യശക്തികളാകെ കർഷകരോട് ഐക്യദാർഢ്യപ്പെടണമെന്നും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News