ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രത്യേക ഇടപെടല്‍; പുലിക്കുരുമ്പ – പുറഞ്ഞാണ്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നു

പുലിക്കുരുമ്പ – പുറഞ്ഞാണ്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നു. മലയോരത്തെ സുവര്‍ണ പാതയുടെ ഉദ്ഘാടനം ഫെബ്രുവരി 20 വൈകിട്ട് 3.00 ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി യുടെ സാന്നിദ്ധ്യത്തില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രത്യേക താല്പര്യ പ്രകാരം കേന്ദ്ര സ്ഥാപനമായ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയ പദ്ധതിയായിരുന്നു ഇത്. ആദ്യം തീരുമാനിച്ച 10 മീറ്റര്‍ വീതിക്ക് പകരം 12 മീറ്റര്‍ ആക്കി ഉയര്‍ത്തി മെക്കാഡം ടാറിങ്ങോടെ ഉന്നതനിലവാരത്തില്‍ സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുകയായിരുന്നു.

2.550 കിലോമീറ്റർ 8 മീറ്റർ വീതിയും 3.8 മീറ്റർ ടാറിങ്ങും ഉണ്ടായിരുന്ന ശോചനീയാവസ്ഥയിലായിരുന്ന റോഡ് 10 മീറ്റർ വീതിയിൽ 5.5 മീറ്റർ മെക്കാഡം ടാറിങ് ചെയ്യുക എന്നതായിരുന്നു ഒറിജിനൽ പ്രൊപ്പോസൽ. അഞ്ചു കോടി രൂപയായിരുന്നു പദ്ധതി ചെലവായി കണക്കുകൂട്ടിയിരുന്നത്. ഇത് കേരള ഗവൺമെൻറ് 2021-22 വർഷത്തെ ലിസ്റ്റ് വർക്കിൽ ഉൾപ്പെടുത്തി അംഗീകാരത്തിനായി നബാർഡിലേയ്ക്ക് അയച്ചിരുന്നു. ഇപ്രകാരം ഗവൺമെൻറ് അയക്കുന്ന ലിസ്റ്റ് വർക്കിൽ നിന്നും തിരഞ്ഞെടുക്കുന്ന കുറച്ചു വർക്കുകൾക്ക് മാത്രമേ നബാർഡ് ഓരോ വർഷവും അംഗീകാരം നൽകാറുള്ളൂ.

തുടർന്ന് ഈ റോഡിൻറെ പ്രാധാന്യവും നിലവിൽ പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി ജോൺ ബ്രിട്ടാസ് എംപി നബാർഡ് അധികൃതരുമായി പലതവണ ബന്ധപ്പെടുകയും 18.10.2021-ൽ ഈ വിവരങ്ങൾ രേഖാമൂലം വിശദീകരിച്ചുകൊണ്ട് ലിസ്റ്റ് ഓഫ് വർക്സിൽ നിന്നും ഈ പ്രവൃത്തിയ്ക്ക് പ്രത്യേക പരിഗണന നൽകി 2021-22 സാമ്പത്തിക വർഷത്തിൽ തന്നെ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് നബാർഡിന് കത്തയച്ചു.

തുടർന്ന് ഈ റോഡിന് പ്രത്യേക പരിഗണന നൽകി വായ്പ അനുവദിച്ചുകൊണ്ട് നബാർഡ് 15.12.2021-ൽ ഉത്തരവായി. നബാർഡ് ആർഐഡിഎഫ് XXVII tranche പ്രകാരം നാല് കോടി രൂപ നബാർഡിൻറെ വായ്പയും ഒരുകോടി രൂപ കേരള ഗവൺമെന്റിന്റെ ഷെയറും ആണ്. ആയതിന്റെ അടിസ്ഥാനത്തിൽ ഗവൺമെൻറ് അഞ്ചുകോടി രൂപ ഈ പദ്ധതിക്ക് ഭരണാനുമതി നൽകിക്കൊണ്ട് 14.01.2002 – ലെ GO (Rt) No. 49/2022/പിഡബ്ലിയുഡി നമ്പർ ഉത്തരവിറക്കി. തുടർന്ന് പിഡബ്ല്യുഡി ടെക്നിക്കൽ സാങ്ഷൻ നൽകി ടെൻഡർ വിളിക്കുകയും 18.06.2022-ൽ കരാറുകാരനുമായി എഗ്രിമെന്റ് വയ്ക്കുകയും ചെയ്തു.

8 മീറ്റർ വീതിയുണ്ടായിരുന്ന ഈ റോഡിന് 10 മീറ്ററിന് പകരം 12 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ പ്രദേശവാസികൾ സ്ഥലം സ്വമേധയാ വിട്ടു നൽകി. ഇതിനുവേണ്ടി മതിലുകളും വീടിൻറെ ഭാഗങ്ങളും മറ്റും പൊളിച്ചു നീക്കിയ നിരവധി ആളുകളുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന നാലോ അഞ്ചോ സെൻറ് സ്ഥലം മാത്രം ഉള്ളവർ വരെ സ്വമേധയാ മുൻപോട്ട് വന്നു.

ഈ റോഡിൻറെ നിർമ്മാണ എസ്റ്റിമേറ്റ് 4,38,27,917.11 രൂപയായിരുന്നു. എന്നാൽ ഇ – ടെൻഡർ വിളിച്ചപ്പോൾ കരാറേറ്റെടുത്തത് എസ്റ്റിമേറ്റിനേക്കാൾ 22.1 ശതമാനം കുറഞ്ഞ തുകയ്ക്കാണ് – 3,41,41,347 രൂപയ്ക്ക് . അതായത് 96.87 ലക്ഷം രൂപ ഈ ഇനത്തിൽ ലാഭിച്ചു.

നേരത്തെ തന്നെ പ്രദേശവാസികളുടെ ആവശ്യമായിരുന്നു ഈ റോഡ് ഏഴു മീറ്റർ വീതിയിൽ മെക്കാഡം ചെയ്യണമെന്നത്. ഇപ്രകാരം ടെൻഡർ സേവിങ്സ് ലഭിച്ച സ്ഥിതിക്ക് അത് ഉപയോഗിച്ച് അഞ്ചര മീറ്ററിന് പകരം ഏഴ് മീറ്റർ വീതിയിൽ റോഡ് മെക്കാഡം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി 30.06.2022-ന് പിഡബ്ല്യുഡി ചീഫ് എൻജിനീയർ (റോഡ്സ്)-ന് കത്ത് നൽകി.

കരാറുകാരൻ അംഗീകരിച്ച നിരക്കിൽ അഞ്ചര മീറ്ററിന് പകരം ഏഴ് മീറ്റർ വീതിയിൽ BM&BC ചെയ്താൽ പോലും 4,99,83,000 രൂപ മാത്രമേ ആകുകയുള്ളൂ എന്ന് കണക്കുകൂട്ടി ഇപ്രകാരം ഏഴ് മീറ്റർ വീതിയിൽ മെക്കാഡം ചെയ്യുവാൻ റിവൈസ്ഡ് എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരത്തിനായി ചീഫ് എൻജിനീയർ (റോഡ്സ്) 14.10.2022-ലെ കത്ത് പ്രകാരം ഗവൺമെന്റിനോട് അഭ്യർത്ഥിക്കുകയും ഗവൺമെൻറ് 22.12.2022-ലെ കത്ത് പ്രകാരം ഇത് അംഗീകാരത്തിനായി നബാർഡിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. സാധാരണ രീതിയിൽ നബാർഡ് ഇപ്രകാരം റിവൈസ്ഡ് എസ്റ്റിമേറ്റ് സംബന്ധിച്ച് ഔദ്യോഗികമായി അംഗീകാരം നൽകുന്ന പതിവില്ല എന്നതിനാൽ തന്നെ ജോൺ ബ്രിട്ടാസ് എംപി വീണ്ടും നബാർഡ് അധികൃതരുമായി ബന്ധപ്പെട്ട് പ്രത്യേക സാഹചര്യം ബോധ്യപ്പെടുത്തിയതിനെ തുടർന്ന് നബാർഡ് ഇതിന് പ്രത്യേക അനുമതി നൽകി.

തുടർന്ന് ഗവൺമെൻറ് 13.02.2023-ലെ ഉത്തരവ് പ്രകാരം ഏഴു മീറ്റർ വീതിയിൽ മെക്കാഡം ചെയ്യുവാൻ അനുമതി നൽകി.

പഴയ ഇലക്ട്രിസിറ്റി പോസ്റ്റുകൾ മാറ്റുന്നതിന് പുതിയ പോസ്റ്റുകൾ ലഭ്യമാക്കുവാൻ താമസമുണ്ടായി. നിലവിലുള്ള ഇലക്ട്രിസിറ്റി പോസ്റ്റുകൾ മാറ്റുന്ന പ്രവൃത്തി സംബന്ധിച്ചും ചില ബുദ്ധിമുട്ടുകൾ ഉണ്ടായി. തുടർന്ന് കെഎസ്ഇബി അധികൃതരുമായും ജോൺ ബ്രിട്ടാസ് വേണ്ട ഇടപെടലുകൾ നടത്തി പുതിയ പോസ്റ്റുകൾ ലഭ്യമാക്കി. കൂടാതെ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് എംപിയുടെ പി എ-യെ കൂടി ഉൾപ്പെടുത്തി കെഎസ്ഇബി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും പ്രവൃത്തികൾ പൂർത്തിയാക്കുകയും ചെയ്തു.

പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ മുതൽ അസിസ്റ്റൻറ് എൻജിനീയർ വരെയുള്ള പൊതുമരാമത്ത് വകുപ്പിലെ വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥർ പോസിറ്റീവായ സമീപനം എടുത്തു. പ്രത്യേക പരിഗണന നൽകി 2021-22 ൽ തന്നെ ഈ വർക്കിന് അംഗീകാരം നൽകാനും തുടർന്ന് ടെൻഡർ സേവിങ്സ് ഉപയോഗിച്ച് കൂടുതൽ വീതിയിൽ മെക്കാഡം ചെയ്യാനും അനുമതി ലഭിച്ചത് വകുപ്പ് മന്ത്രിയുടെ പ്രത്യേക താല്പര്യം ഒന്നുകൊണ്ട് മാത്രമാണ്.

ജോൺ ബ്രിട്ടാസ് എംപിയുടെ ഇടപെടലിനെ തുടർന്ന് കരാറുകാരൻ കരാറിൽ പറഞ്ഞതിനേക്കാൾ കൂടുതൽ പ്രവൃത്തികൾ ചെയ്തിട്ടുണ്ട്. ഉദാഹരണമായി ഒറിജിനൽ എസ്റ്റിമേറ്റ് പ്രകാരം 1900 മീറ്റർ മാത്രമേ കരാറുകാരൻ കാന (ഡ്രയിനേജ്) ചെയ്യേണ്ടതുണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഏകദേശം 2200 മീറ്ററോളം കാന ചെയ്തിട്ടുണ്ട്. അതേപോലെ ഒറിജിനൽ എസ്റ്റിമേറ്റ് പ്രകാരം 317 ക്യൂബിക് മീറ്റർ മാത്രമേ കരാറുകാരൻ റീടൈനിംഗ് വാൾ ചെയ്യേണ്ടതുണ്ടായിരുന്നുള്ളൂ; എന്നാൽ ഏകദേശം 990 ക്യൂബിക് മീറ്റർ റീടൈനിംഗ് വാൾ കരാറുകാരൻ നിർമിച്ചുനൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News