
തോൽവി തുടർക്കഥയാക്കി മുൻ ചാമ്പ്യന്മാർ. പഞ്ചാബ് കിങ്സ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈ 18 റൺസ് അകലെ നിലതെറ്റി വീഴുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. മറുപടി പറഞ്ഞ ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസിലെത്താനെ സാധിച്ചുള്ളു.
യുവതാരം പ്രിയാൻഷ് ആര്യയുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് 219 റൺസ് പടുത്തുയർത്തിയത്. 39 പന്തിലാണ് പ്രിയാൻഷ് സെഞ്ച്വറി സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിൽ ചെന്നൈക്ക് ഓപണർമാർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമാകാതെ 59 റൺസ് നേടാൻ സൂപ്പർ കിങ്സിനായി. 69 റൺസ് നേടിയ ഡെവോൺ കോൺവെയാണ് ചെന്നൈയുടെ ടോപ് സ്കോറർ.
36 റൺസുമായി രചിനെ ഗ്ലെൻ മാക്സ്‍വെൽ മടക്കിയതിന് പിന്നാലെ റുതുരാജ് ഗെയ്ക്ക്‌വാദ് ഒരു റൺസുമായി മടങ്ങി. എങ്കിലും ശിവം ദുബെയുമായി ചേർന്ന് കോൺവേ റൺ ബോർഡ് ഉയർത്തുന്നത് തുടർന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും 89 റൺസാണ് കൂട്ടിച്ചേർത്തത്. 42 റൺസുമായി ദുബെ പുറത്തായതോടെ മത്സരം ചെന്നൈ ഏകദേശം കളി കൈവിട്ടു. മധ്യ ഓവറുകളിൽ റൺനിരക്ക് താഴ്ന്നതോടെ ചെന്നൈക്ക് മത്സരത്തിലേക്ക് തിരിച്ചുവരവ് അസാധ്യമായി. അവസാന ഓവറുകളിൽ എംഎസ് ധോണി ആഞ്ഞടിച്ചെങ്കിലും കളി പിടിക്കാനായില്ല. 12 പന്തിൽ ഒരു ഫോറും മൂന്ന് സിക്സറും സഹിതം 27 റൺസാണ് ധോണി അടിച്ചു കൂട്ടിയത്. സ്കോർ: പഞ്ചാബ് കിങ്സ് – 20 ഓവറിൽ ആറിന് 219, ചെന്നൈ സൂപ്പർ കിങ്സ് – 20 ഓവറിൽ അഞ്ചിന് 201.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here