
കർഷക നേതാവ് ജഗ്ജിത്‌സിങ് ദല്ലേവാൾ, സർവാൻ സിംഗ് പന്ദർ എന്നിവരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പഞ്ചാബ് പോലീസാണ് കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര സർക്കാരുമായി ചർച്ചയിൽ പങ്കെടുത്ത് മടങ്ങവെ മൊഹാലിയിൽ വച്ചാണ് അറസ്റ്റ്. ശംഭു അതിർത്തിയിൽ വൻ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. മേഖലയിൽ പലയിടത്തും ഇന്‍റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. കർഷകരുടെ സമര പന്തലും പൊലീസ് പൊളിച്ചു നീക്കി.
ജഗ്ജിത്‌സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. കഴിഞ്ഞ വർഷം ഫെബ്രുവരി 13 മുതൽ പ്രതിഷേധിക്കുന്ന കർഷകർ തമ്പടിച്ചിരിക്കുന്ന പ്രദേശങ്ങളാണ് ഖനൗരി, ശംഭു എന്നിവിടങ്ങൾ. ഇവിടെ ബാരിക്കേഡുകൾ മറികടന്ന് മാർച്ച് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു കൂട്ടം കർഷകർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും സംഘർഷം ഉണ്ടാകുകയുമായിരുന്നു.
ഇതേ തുടർന്നാണ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ശംഭു അതിർത്തിയിൽ കർഷകരെ ഒഴിപ്പിക്കുന്നതിനൊപ്പം താൽക്കാലികമായി നിർമ്മിച്ച ഷെഡ്ഡുകൾ അടക്കം പൊലീസ് നീക്കം ചെയ്യുന്നുണ്ട്. പ്രതിഷേധിച്ച കർഷകരെ കസ്റ്റഡിയിലെടുത്തു നീക്കി. ഖനൗരി അതിർത്തിയിൽ 200 കർഷകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ട് അതിർത്തി മേഖലകളിലും വലിയ തോതിൽ പൊലീസിന് വിന്യസിച്ചിട്ടുണ്ട്. ശംഭു അതിർത്തി തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായാണ് കർഷകരെ നീക്കം ചെയ്തത് എന്നാണ് പോലീസിന്റെ വിശദീകരണം. സുരക്ഷക്കായി 3000 തിലധികം പോലീസ് കാരെയാണ്അ തിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. ഷെഡുകൾ പൊളിക്കുവാൻ ബുൾഡോസറുകൾ അടക്കം അതിർത്തിയിൽ എത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ, പോലീസ് നടപടിയിൽ പഞ്ചാബിലെ ആം ആദ്മി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. കർഷകർക്കെതിരായ നടപടിക്ക് പദ്ധതി ഇട്ടത് പഞ്ചാബ് മുഖ്യമന്ത്രിയാണെന്നായിരുന്നു ആരോപണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

