
18 മാസത്തിനിടയിൽ 11 പേരെ കൊലപ്പെടുത്തിയ പഞ്ചാബിലെ സീരിയൽ കില്ലർ പിടിയിലായി. ചൊവ്വാഴ്ച രൂപ്‌നഗർ ജില്ലയിൽ നിന്നാണ് ഹോഷിയാർപൂരിലെ ഗർഷങ്കറിലെ ചൗര ഗ്രാമത്തിൽ താമസിക്കുന്ന 33 കാരനായ രാം സരൂപിനെ കൊലക്കേസിൽ അറസ്റ്റ് ചെയ്തത്. പ്രധാനമായും ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം ഇരകളെ വലയിലാക്കുകയായിരുന്നു ഇയാളുടെ പതിവ്. തുടർന്ന് ഇവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് ഇവരെ കൊള്ളയടിക്കുകയുമായിരുന്നു.
പണം നൽകാൻ ഇരകൾ വിസമ്മതിക്കുമ്പോൾ വാക്കേറ്റത്തിന് ശേഷം അവരെ കൊലപ്പെടുത്തുകയായിരുന്നു രീതി. മിക്ക കേസുകളിലും പ്രതി തുണികൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നും ചില കേസുകളിൽ തലയ്ക്ക് മാരക പരിക്കുകളേറ്റാണ് ഇരകൾ മരിച്ചതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ALSO READ; വീണ്ടും ആൾക്കൂട്ട കൊലപാതകം, യുവാവിനെ തല്ലിക്കൊന്നത് നെല്ല് മോഷ്ടിച്ചെന്ന് ആരോപിച്ച്
ഒരു കൊലപാതകത്തിൽ, ഒരു സ്വകാര്യ ഫാക്ടറിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന ഇരയുടെ മുതുകിൽ പ്രതി ‘ധോകെബാസ്’ (വഞ്ചകൻ) എന്നെഴുതിയിരുന്നു. ആഗസ്റ്റ് 18ന് ടോൾ പ്ലാസ മോഡ്രയിൽ ജോലി ചെയ്തിരുന്ന 37കാരനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ ആദ്യം അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലിൽ താൻ 10 പേരെ കൂടി കൊലപ്പെടുത്തിയതായി സരൂപ് വെളിപ്പെടുത്തുകയായിരുന്നു. ഇതിൽ അഞ്ച് കേസുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ള കൊലപാതകങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
കൃത്യം നടത്തിയ ശേഷം പശ്ചാത്താപം തോന്നിയതിനാൽ ഇരയുടെ പാദങ്ങളിൽ സ്പർശിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നതായി പ്രതി വെളിപ്പെടുത്തിയിരുന്നു. വിവാഹിതനായ പ്രതി മൂന്ന് കുട്ടികളുള്ളയാളാണെന്നും എന്നാൽ സ്വവർഗരതിക്കാരനായതിനാൽ രണ്ട് വർഷം മുമ്പ് ഇയാളെ വീട്ടുകാർ ഉപേക്ഷിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here