
പാരിയത്തുകാവിൽ കുടിയൊഴിപ്പിക്കാൻ പൊലീസ് വീണ്ടും വരാതിരിക്കാനുള്ള ഒരു നടപടിയും സർക്കാർ എടുത്തിട്ടില്ലെന്ന് സിപിഐഎം നേതാവും മുൻ എംഎൽഎയുമായ പി വി ശ്രീനിജിൻ. പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലിനെതിരെ സർക്കാർ കോടതിയിൽ പോകുമെന്ന് പറഞ്ഞത് സ്വാഗതാർഹമാണെന്ന് പറഞ്ഞ അദ്ദേഹം സർക്കാറിൻ്റെ വാക്കാലുള്ള ഒരു പ്രസ്താവന മാത്രമാണോ ഇതെന്നും ചോദിച്ചു. നാളെ അഭിഭാഷക കമ്മീഷൻ വരുമ്പോഴും ജനകീയ സമരസമിതി പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘കോടതിയ്ക്ക് മുകളിലാണോ മന്ത്രിയുടെ പ്രസ്താവന എന്ന് സംശയമുണ്ട്. പൊലീസ് നാളെ വരാതിരിക്കാനുള്ള നിയമപരമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടോ? ഞങ്ങളുടെ സമരം വിജയം കണ്ടു’.
എട്ട് കുടുംബങ്ങൾക്കും പട്ടയം നൽകാനുള്ള ഇടപെടലാണ് കഴിഞ്ഞ വർഷങ്ങളിൽ ചെയ്തതെന്നും ശ്രീനിജിൻ പറഞ്ഞു. അതുകൊണ്ടാണ് ഇപ്പോൾ സർക്കാരിന് കോടതിയെ സമീപിക്കാനെങ്കിലും കഴിയുന്നതെന്നും നാളെ ജനകീയ സമിതി സമരമുഖത്ത് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നാളെ നടപടി ഒഴിവാക്കുന്നതിൽ വ്യക്തത വരുത്താതെയാണ് മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തിൽ ജില്ലാ കലക്ടറുടെ ചേമ്പറിൽ നടന്ന യോഗം പിരിഞ്ഞത്. അഭിഭാഷക കമ്മീഷൻ്റെ പ്രവർത്തനം സർക്കാരിൻ്റെ കയ്യിലല്ലെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞത്. ഇതിനിടെ ജനങ്ങൾക്ക് നേരെ പൊലീസിൻ്റെ ഭാഗത്തു നിന്നും പ്രകോപനപരമായ നടപടിയാണ് കഴിഞ്ഞദിവസം ഉണ്ടായതെന്ന് മന്ത്രി കെ എ തുളസിയും പ്രതികരിച്ചു. ജനാധിപത്യ സമൂഹത്തിൽ മനുഷ്യത്വപരമായ ഇടപെടേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

