
യുജിസി കരട് വിജ്ഞാപനത്തിനെതിരെ കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിൽ തന്നെ വലിയ പ്രതിഷേധം ഉയർന്നു വരുന്നുണ്ടെന്ന് മന്ത്രി ആർ ബിന്ദു. സംസ്ഥാന ഗവൺമെന്‍റിന് സർവ്വകലാശാലകളിൽ അയിത്തം കൽപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മോശമായ നിരവധി പ്രവണതകൾ യുജിസി കരട് വിജ്ഞാപനത്തിൽ കാണുന്നുണ്ട്. കരട് വിജ്ഞാപനത്തിനെതിരെ ഫെബ്രുവരി 20 ന് സംസ്ഥാന കൺവെൻഷൻ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ ഈ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടാഗോർ തിയേറ്ററിലാണ് കൺവെൻഷൻ നടക്കുക. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളെയും പങ്കെടുപ്പിക്കും. സംസ്ഥാന സർക്കാരുകളെയും സർവ്വകലാശാലകളെയും മാറ്റി നിർത്തുന്നതാണ് യുജിസി കരട് വിജ്ഞാപനം.
സംസ്ഥാനത്തെ സർവ്വകലാശാലകളിൽ അമിതാധികാരത്തിലുടെ കാവി വത്കരണം നടപ്പിലാക്കാനാണ് വിസി നിയമനത്തിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സർവ്വകാലശാലകളിൽ പിന്തിരിപ്പൻ ആശയ പ്രപഞ്ചം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും ഇത് എതിർക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് ഉന്നത വിദ്യാഭ്യാസരംഗത്ത് സംസ്ഥാന സർക്കാരുകൾക്കുള്ള അവകാശങ്ങൾ കവരുന്ന യുജിസി കരട് റെഗുലേഷൻ ആക്ടിൽ കേരളത്തിൻ്റെ ആശങ്കയും എതിർപ്പും അറിയിച്ചുകൊണ്ട് മന്ത്രി ആർ ബിന്ദു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന് കത്തയച്ചിരുന്നു.
പുതിയ കരട് നിയമം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നവീകരിക്കാനുള്ള സംസ്ഥാന സർക്കാർ ശ്രമങ്ങളെ അട്ടിമറിക്കുന്നതാണെന്നും രാജ്യത്തിൻ്റെ ഫെഡറൽ സ്വഭാവത്തെ തകർക്കാനായുള്ള നീക്കമായേ യുജിസി കരട് റെഗുലേഷനെ കാണാനാകൂവെന്നും മന്ത്രി തൻ്റെ കത്തിൽ വ്യക്തമാക്കിയിരുന്നു. വൈസ് ചാൻസലറുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള നിയമന നടപടികൾ പൂർണമായും ചാൻസലറെ ഏൽപ്പിക്കാനുള്ള തീരുമാനവും കൂടാതെ സെർച്ച്-കം-സെലക്ഷൻ കമ്മിറ്റിയുടെ ഘടന പോലും തീരുമാനിക്കുന്നതും ഇക്കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള അവകാശം കവരുന്നതാണെന്ന് മന്ത്രി തൻ്റെ കത്തിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here