
രാജ്യത്തെ എല്ലാവർക്കും മനസിലാവുന്ന തരത്തിൽ ഗവർണർ വിഷയത്തിൽ വിധി പ്രസ്താവം നടത്തിയ സുപ്രീംകോടതിയെ അഭിനന്ദിക്കുന്നതായി മന്ത്രി ആർ ബിന്ദു. തമിഴ്നാട് ഗവർണർ സ്വീകരിച്ച അതേ നിലപാടാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ ആയിരുന്ന സമയത്ത് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ഗവർണർമാരുടെ ഇത്തരം നിലപാടുകൾ അപലപനീയമാണ്. ഗവർണർമാർ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്ന് പരമോന്നതപീഠം നിരീക്ഷിച്ചു.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകളെ പിന്നോട്ട് വലിക്കുന്ന രീതിയിലാണ് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിച്ചതെന്നും മന്ത്രി വിമർശിച്ചു. സർവകലാശാലകൾക്ക് ഉള്ളിൽ പ്രതിസന്ധി സൃഷ്ടിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ ബോധപൂർവ്വമായ ശ്രമം നടത്തി. സമാനമായ വിധിപ്രസ്താവം കേരളത്തിനും സുപ്രീംകോടതിയിൽ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
ALSO READ; സഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിടേണ്ടതില്ല; തമിഴ്നാട് ഗവർണർക്ക് വൻ തിരിച്ചടി
ഒരു സിനിമ എടുത്താൽ പോലും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടും എന്ന നിലയാണ് ഇന്ന് രാജ്യത്ത് എന്ന് എമ്പുരാൻ സിനിമക്കെതിരെയുള്ള കേന്ദ്ര നീക്കത്തിന്‍റെ പശ്ചാത്തലത്തിൽ മന്ത്രി ആർ ബിന്ദു പറഞ്ഞു. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ ഘട്ടത്തിലെ സുപ്രീംകോടതി വിധി ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസം നൽകുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞു വയ്ക്കുന്ന ഗവർണർമാരുടെ നടപടിക്ക് പൂർണ്ണമായും തടയിട്ടു കൊണ്ടാണ് സുപ്രീംകോടതി ഇന്ന് ചരിത്രവിധി പുറപ്പെടുവിച്ചത്. ബില്ലുകളിൽ മൂന്നുമാസത്തിനകം ഗവർണർ തീരുമാനമെടുക്കണം. ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കാൻ ഗവർണർക്ക് വിവേചന അധികാരമില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു. തമിഴ്നാട് ഗവര്‍ണര്‍ തടഞ്ഞുവച്ച പത്തു ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here