ദൈവമുള്ളത് അധ്വാനിക്കുന്ന ജനങ്ങളോടൊപ്പമെന്ന് ആദ്യം എഴുതിയ മഹാകവി; ഇന്ന് ടാഗോർ ദിനം

rabindranath tagore

”കരിനിലമുഴുമാ കർഷകരോടും
വർഷം മുഴുവൻ വഴി നന്നാക്കാൻ
പെരിയ കരിങ്കൽ പാറ നുറുക്കി
നുറുക്കിയൊരുക്കും പണിയാളരോടും
എരിവെയിലത്തും പെരുമഴയത്തും
ചേർന്നമരുന്നൂ ദൈവം”

അതെ വിശ്വവിഖ്യാത കവി രബീന്ദ്രനാഥ് ടാഗോറിന്റെ ഗീതാഞ്ജലിയിലെ വരികളാണിവ. അധ്വാനിക്കുന്ന ജനതയോടൊപ്പമാണ് ദൈവമുള്ളതെന്ന് സാഹിത്യലോകത്ത് ഉറക്കെ വിളിച്ചുപറഞ്ഞ ആദ്യ കവിയാണ് രബീന്ദ്രനാഥ് ടാഗോർ. ബംഗാളിന്റെ ആത്മാവായി കണക്കാക്കുന്ന ടാഗോർ ഇന്ത്യൻ സാഹിത്യലോകത്ത് മാത്രമല്ല സംസ്കാരിക രംഗത്തും ഒളിമങ്ങാത്ത താരമായാണ് നിലകൊണ്ടത്.

കവി, തത്വചിന്തകൻ, നോവലിസ്റ്റ്, വിദ്യാഭ്യാസ പണ്ഡിതൻ, നാടകരചയിതാവ്, ഗായകൻ, സാമൂഹ്യ പരിഷ്കർത്താവ് എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച മഹാനാണ് രബീന്ദ്രനാഥ് ടാഗോർ. ഇന്ത്യൻ സാഹിത്യത്തെ ആഗോള തലത്തിൽ എത്തിച്ച അദ്ദേഹം വിശ്വകവി എന്നറിയപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കലയിലൂടെ ലോകത്തെത്തിച്ച അദ്ദേഹം നൊബേൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരനാണ്. രബീന്ദ്രനാഥ ടാഗോറും ബംഗാളും തമ്മിലുള്ള ബന്ധം അവിഭാജ്യമാണ്. ബംഗാളി ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും ആധുനികവൽക്കരിക്കുന്നതിൽ ടാഗോർ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തെ ബംഗാളിന്റെ ആത്മാവായാണ് കണക്കാക്കുന്നത്.

also read: വിമാനം പറത്താതെ പൈലറ്റ് ജോലി; ശമ്പളം 95 ലക്ഷം രൂപ വരെ, വെറൈറ്റി അവസരം

ബംഗാളി സാഹിത്യത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. സാധാരണക്കാരുടെ സംസാര ഭാഷയ്ക്ക് സാഹിത്യത്തിൽ ഇടം നൽകി. കവിത, നോവൽ, ചെറുകഥ, നാടകം തുടങ്ങിയ മേഖലകളിലും മാറ്റങ്ങൾ വരുത്തി. ടാഗോർ രചിച്ച അയ്യായിരത്തിൽ അധികം ഗാനങ്ങളും ബംഗാളി സംസ്കാരത്തിന്റെ ഭാഗമായിരുന്നു. 1905-ൽ ബംഗാൾ വിഭജനത്തിനെതിരെ ടാഗോർ രംഗത്ത് വന്നത് ഇന്ത്യൻ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായിരുന്നു. ഹിന്ദു-മുസ്ലിം ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായി ‘രക്ഷാബന്ധൻ’ എന്ന ഉത്സവം ഒരു സമരമാർഗ്ഗമാക്കിയതും ടാഗോർ തന്നെയായിരുന്നു.

1861 മേയ് ഏഴിന് കൊൽക്കത്തയിൽ ദേബേന്ദ്രനാഥ്‌ ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമൂന്നാമനായാണ് അദ്ദേഹം ജനിച്ചത്. എട്ടാമത്തെ വയസിൽ ആദ്യ കവിത രചിച്ച് ടാഗോർ സാഹിത്യലോകത്ത് അരങ്ങേറ്റം കുറിക്കുകയായിരുന്നു. പതിനാറാമത്തെ വയസിൽ ടാഗോർ ‘ഭാനുസിംഹൻ’ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877ൽ ചെറുകഥകളും നാടകങ്ങളും രചിച്ചുതുടങ്ങി. ചെറുപ്രായത്തിൽ ത്തന്നെ ധാരാളം യാത്ര ചെയ്ത ടാഗോർ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തിൽ തന്നെയാണ്‌ നടത്തിയത്‌. സാംസ്കാരിക പരിഷ്കർത്താവായിരുന്ന ടാഗോർ, ബംഗാളി കലകളെ പൗരാണിക ഭാരതീയകലകളുമായി ബന്ധിപ്പിക്കുന്നതായി ഒന്നും തന്നെയില്ലെന്നു വാദിച്ചു. ടാഗോറിന്റെ രണ്ട്‌ ഗാനങ്ങൾ ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയ ഗാനങ്ങളാണ്-ജനഗണമനയും അമാർ സോണാർ ബാംഗ്ലയും.

അഭിഭാഷകനാകണമെന്ന മോഹത്തോടെ 1878ൽ ടാഗോർ ഇംഗ്ലണ്ടിലെ ബ്രൈറ്റൺ സർക്കാർ വിദ്യാലയത്തിൽ ചേർന്നു. ലണ്ടൻ സർവ്വകലാശാലയിൽ നിയമ വിദ്യാർത്ഥിയായി പഠനം ആരംഭിച്ചുവെങ്കിലും ബിരുദമെടുക്കാതെ 1880-ൽ ബംഗാളിലേക്കു മടങ്ങി. 1883 ഡിസംബർ 9-ൽ ടാഗോർ മൃണാളിനീ ദേവിയെ വിവാഹം കഴിച്ചു. ഇവർക്ക് അഞ്ചു മക്കൾ ജനിച്ചുവെങ്കിലും രണ്ടു പേർ പ്രായപൂർത്തിയാകും മുൻപ്‌ മരണമടഞ്ഞു.

വീട്ടിൽ വന്ന് പഠിപ്പിച്ച അധ്യാപകരിൽ നിന്ന് രാമായണം, മഹാഭാരതം ഉൾപ്പെടെ പുരാണങ്ങളും ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, സംസ്‌കൃതം എന്നീ ഭാഷകളും പഠിച്ചു. ഷേക്സ്പിയറുടെ ‘മാക്ബത്തി’ലെ രണ്ടുരംഗങ്ങൾ മൊഴിമാറ്റം നടത്താമോയെന്ന് അധ്യപകൻ ചോദിച്ചപ്പോൾ നാടകം മുഴുവൻ ബംഗാളി ഭാഷയിലേക്ക് വിവർത്തനം ചെയ്തുകൊടുത്ത് അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് ടാഗോർ. 1910-ൽ പ്രസിദ്ധീകരിച്ച ‘ഗീതാഞ്ജലി’ കവി തന്നെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാഞ്ജലിക്ക് ഇന്ത്യയ്ക്ക് അകത്തും പുറത്തും ധാരാളം പരിഭാഷകൾ ഉണ്ടായി. ജ്ഞാനപീഠജേതാവ് ജി. ശങ്കരക്കുറുപ്പാണ് ഗീതാഞ്ജലി മലയാളത്തിലേക്ക് മനോഹരമായി മൊഴിമാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News