
ഓഫിസ് ജോലി എന്നത് അത്ര സിമ്പിളായ ഒരു കാര്യമല്ല! രാവിലെ മുതൽ വൈകിട്ട് വരെ കമ്പ്യൂട്ടറിന് മുന്നിൽ, അതും എസിയിൽ ഇരുന്നാൽ പോരെ? അതിനെന്താ ഇത്ര ബുദ്ധിമുട്ട് എന്ന് ചിലരൊക്കെ കമൻ്റടിക്കുന്നത് നാം കേട്ടിട്ടുണ്ട്. എന്നാൽ ഇത്തരം ജോലികൾ ചെയ്യുന്നവർക്കറിയാം അതിൻ്റെ കഷ്ടപ്പാട്. വീട്ടിൽ നിന്നകലെയാണ് ഓഫിസെങ്കിൽ എല്ലാ ദിവസവും വീട്ടിൽ പോകാൻ കഴിയണമെന്നില്ല…എന്നാൽ ഇതെല്ലാം മാനേജ് ചെയ്ത് മുന്നോട്ട് പോകുന്ന ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
രണ്ട് കുട്ടികളുടെ അമ്മയായ ഈ ഇന്ത്യൻ വംശജയായ യുവതിയ്ക്ക് തികച്ചും വ്യത്യസ്തമായ ഒരു ദിനചര്യയാണ് ഉള്ളത്. ആഴ്ചയിൽ അഞ്ച് ദിവസവും ജോലിക്ക് വിമാനത്തിൽ യാത്ര, യാത്രയ്ക്ക് ചെലവാക്കുന്നത് 28000 രൂപ. എയർ ഏഷ്യയുടെ ധനകാര്യ പ്രവർത്തന വകുപ്പിലെ അസിസ്റ്റന്റ് മാനേജരായ മലേഷ്യയിലെ ഇന്ത്യൻ വംശജയായ റേച്ചൽ കൗറിനെക്കുറിച്ചാണ് ഈ പറഞ്ഞുവരുന്നത്.
ബസ്, മെട്രോ, ക്യാബ് എന്നിവയിലുള്ള നീണ്ട ഡ്രൈവ് ഉപേക്ഷിച്ച് വീട്ടിൽ നിന്ന് ദിവസവും വിമാനത്തിലാണ് റേച്ചൽ ജോലിക്ക് പോകുന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാമ് റേച്ചൽ. ജോലിത്തിരക്കുകൾ മാറ്റിവെച്ച് ഇവർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ദിവസവും ജോലിക്ക് വിമാനത്തിൽ പോകാമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് റേച്ചൽ പറയുന്നത്.റേച്ചൽ അടുത്തിടെ തൻ്റെ ഓഫീസിന് സമീപം ക്വാലാലംപൂരിൽ ഒരു വീട് വാടകയ്‌ക്കെടുത്തിരുന്നു. ആഴ്ചയിൽ ഒരിക്കൽ മാത്രമേ സ്വന്തം വീട്ടിൽ പോകാൻ ഇവർക്ക് സാധിച്ചിരുന്നൊള്ളു. മാത്രമല്ല, ദീർഘയാത്ര ജോലിയും കുടുംബജീവിതവും കൈകാര്യം ചെയ്യാനും വളരെയേറെ ബുദ്ധിമുട്ടി. ഇതോടെയാണ് പുതിയ പരീക്ഷണങ്ങളിലേക്ക് റേച്ചൽ കടന്നത്.
പുലർച്ചെ 4:00 മണിക്ക് ഉണർന്നാണ് തൻ്റെ ഒരു ദിവസം ആരംഭിക്കുന്നതെന്നാണ് റേച്ചൽ പറയുന്നത്. രാവിലെ 5:55നുള്ള വിമാനം പിടിക്കാൻ, റേച്ചൽ രാവിലെ 5:00 ന് വിമാനത്താവളത്തിലേക്ക് പോകും. വിമാനം രാവിലെ 7:45ന് ലക്ഷ്യസ്ഥാനത്തെത്തും. പിന്നീട് ജോലിത്തിരക്കിലേക്ക്. ഓഫിസ് സമയം പൂർത്തിയാക്കിയ ശേഷം, റേച്ചൽ വീട്ടിലേക്ക് മടങ്ങുകയും രാത്രി 8:00ന് എത്തിച്ചേരുകയും തുടർന്നുള്ള സമയം കുടുംബത്തോടൊപ്പം ആസ്വദിക്കുകയും ചെയ്യുന്നു.
ഈ കഥ കേൾക്കുമ്പോൾ, വിമാനത്തിൽ യാത്ര ചെയ്യുന്നത് വളരെ ചെലവേറിയതായിരിക്കുമെന്ന ചോദ്യം നിങ്ങൾക്കില്ലേ? ഉണ്ടാകും.. സ്വാഭാവികം! എന്നാൽ റേച്ചലിൻ്റെ കാര്യം പരിഗണിച്ചാൽ ദിവസേന വിമാനത്തിൽ യാത്ര ചെയ്യുന്നത് ഓഫീസിനടുത്തുള്ള ഒരു വീട് വാടകയ്‌ക്കെടുക്കുന്നതിനേക്കാൾ ലാഭകരമാണ് എന്നതാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. എല്ലാ ദിവസവും വിമാനത്തിൽ ജോലിക്ക് പോകുന്നതോടെ ആകെയുള്ള ചെലവ് $474ൽ നിന്ന് $316 ആയി കുറയുന്നു എന്നാണ് കണക്കുകൾ പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here