പരാതിക്കാരനായ മോദി ജഡ്ജിയെ മാറ്റുന്നത് വരെ കാത്തിരുന്നതിന് പിന്നിലെന്ത്?

ആര്‍.രാഹുല്‍

അപകീര്‍ത്തി കേസില്‍ സൂറത്ത് സിജെഎം കോടതി രാഹുല്‍ ഗാന്ധിയെ 2 വര്‍ഷം തടവ് വിധിച്ച് 24 മണിക്കൂറിനകം ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. രാഹുല്‍ ഗാന്ധിക്ക് അപ്പീല്‍ നല്‍കുന്നതിനായി വിചാരണ കോടതി ശിക്ഷ ഒരുമാസം മരവിച്ചത് പോലും  പരിഗണിക്കാതെയായിരുന്നു ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ തിടുക്കപ്പെട്ട നീക്കം.

ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ തിടുക്കപ്പെട്ടുള്ള നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുളളവര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന ആരോപണമാണ് പ്രതിപക്ഷ നേതാക്കള്‍ ഉന്നയിക്കുന്നത്. ഈ കേസിന്റെ വിചാരണവേളയില്‍ പരാതിക്കാരന്‍ സ്വീകരിച്ച ചില നടപടികള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

കേസിലെ പരാതിക്കാരന്‍ കൈക്കൊണ്ട ചില നടപടികളും ആ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നവയാണ്. രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കണം എന്ന് മുന്‍കൂട്ടി തീരുമാനിച്ചത് പോലെയാണ് പരാതിക്കാരന്‍ കേസിന്റെ വിവിധ ഘട്ടങ്ങളില്‍ ഇടപെട്ടതെന്ന് ആക്ഷേപണമുണ്ട്. സമാനമായ ആരോപണം കോണ്‍ഗ്രസും ഉന്നയിച്ചു.

അപകീര്‍ത്തി കേസിന്റെ വിചാരണ നിര്‍ത്തിവെക്കാനും പിന്നീട് പുനരാരംഭിക്കാനും പരാതിക്കാരനായ പൂര്‍ണേഷ് മോദി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൂര്‍ണേഷ് മോദിയുടെ ഹര്‍ജിയില്‍ 2022 മാര്‍ച്ചില്‍ ഹൈക്കോടതി ഈ കേസിന്റെ വിചാരണ സ്റ്റേ ചെയ്തിരുന്നു. കേസിന്റെ വിചാരണ ശരിയായല്ല നടക്കുന്നത്, തെളിവുകളൊന്നും പരിശോധിക്കാന്‍ വിചാരണ കോടതി തയ്യാറാവുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൂര്‍ണേഷ് മോദി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുന്നത്. 2021 ഒക്ടോബര്‍ 29 ന് രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു ഇത്. താന്‍ ഹാജരാക്കിയ പെന്‍ഡ്രൈവും ഡിവിഡിയും രാഹുലിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കണമെന്ന പൂര്‍ണേഷ് മോദിയുടെ  ആവശ്യവും കോടതി തള്ളിയിരുന്നു.

ആ സമയത്ത് കേസ് പരിഗണിച്ചിരുന്ന വിചാരണ കോടതി മജിസ്‌ട്രേറ്റ് എഎന്‍ ദെവയില്‍ നിന്നും നിന്നും അനുകൂല വിധി ലഭിക്കില്ലെന്നതു വ്യക്തമായതോടെയാണ് ഹര്‍ജിക്കാരന്‍ സ്‌റ്റേക്കായി സമീപിച്ചതെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഈ ആരോപണത്തെ സാധൂകരിക്കുന്ന സമീപനമാണ് പിന്നീട് പൂര്‍ണേഷ് മോദിയുടെ ഭാഗത്ത് നിന്നും പിന്നീടുണ്ടായത്.

എഎന്‍ ദവെ മജിസ്‌ട്രേറ്റായിരുന്ന ഒരു വര്‍ഷത്തോളം കാലം വിചാരണക്കുള്ള സ്റ്റേ തുടര്‍ന്നു. പിന്നീട് ദവെക്ക് ശേഷം എച്ച്എച്ച് വര്‍മ സുറത്ത് കോടതിയില്‍ ജഡ്ജിയായി എത്തിയപ്പോള്‍ പൂര്‍ണേഷ് മോദി വീണ്ടും കോടതിയെ സമീപിച്ചു. നേരത്തെ സ്റ്റേ വാങ്ങാന്‍ ചൂണ്ടിക്കാണിച്ച കാരണങ്ങളില്‍ നിന്നും മലക്കം മറിഞ്ഞു കൊണ്ടാണ് ഇത്തവണ പൂര്‍ണേഷ് കോടതിയിലെത്തിയത്. രാഹുല്‍ ഗാന്ധിക്കെതിരെ മതിയായ തെളിവുകളുണ്ടെന്നും വിചാരണയില്‍ സംതൃപ്തനാണെന്നും പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. താന്‍ പരാതി പിന്‍വലിക്കുന്നുവെന്നും കേസിന്റെ വിചാരണ തുടരാന്‍ അനുവദിക്കണമെന്നും പൂര്‍ണേഷ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2023 ഫെബ്രുവരിയില്‍ പരാതിക്കാരന്റെ അപേക്ഷയില്‍ വിചാരണ തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി. തുടര്‍ന്ന് മാര്‍ച്ച് 18 ന് വാദം പൂര്‍ത്തിയാക്കി ഒരു മാസത്തിനകം പുതിയ മജിസ്‌ട്രേറ്റ് എച്ച്.എച്ച്.വര്‍മ വിധി പറയുകയായിരുന്നു. കേസിന്റെ നാള്‍വഴികളിലെ ഇത്തരം അസാധാരണ സംഭവങ്ങളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാക്കുന്നത്. ഈ വിഷയങ്ങള്‍ തുടര്‍ നടപടികളില്‍ ഉയര്‍ത്തിക്കൊണ്ടു വരുമെന്ന് കോണ്‍ഗ്രസ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണ്ണാടകയിലെ കോലാറില്‍ വെച്ച് നടന്ന പ്രസംഗത്തില്‍ ‘മോദി’ എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് സൂറത്ത് കോടതി രാഹുലിനെ രണ്ട് വര്‍ഷത്തെ ശിക്ഷക്ക് വിധിച്ചത്. എല്ലാ കള്ളന്മാരുടെയും പേരില്‍ മോദി എന്ന പേരുണ്ടെന്നായിരുന്നു പ്രസംഗത്തില്‍ രാഹുലിന്റെ വിമര്‍ശനം. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎല്‍ മുന്‍ ചെയര്‍മാര്‍ ലളിത് മോദി എന്നിവരെ പരാമര്‍ശിച്ചായിരുന്നു രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. രാഹുലിന്റെ പ്രസംഗം മോദി സമുദായത്തിനാകെ അപകീര്‍ത്തി ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവും സൂറത്തില്‍ നിന്നുള്ള എം എല്‍ എയുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here