അന്ന് ആ ഓര്‍ഡിനന്‍സ് കീറിയെറിയേണ്ടിയിരുന്നില്ലെന്ന് രാഹുല്‍ ഇപ്പോള്‍ പരിതപിക്കുന്നുണ്ടാകും

ആര്‍.രാഹുല്‍

2013 സെപ്റ്റംബര്‍ 27. അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് പോയിരിക്കുന്ന സമയം. അന്ന് ദില്ലിയില്‍ ഒരു പത്രസമ്മേളനത്തില്‍ യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും ഒട്ടാകെ അവഹേളിക്കുന്ന ഒരു സംഭവം അരങ്ങേറി. അന്ന് അമേഠിയില്‍ നിന്നുള്ള ലോക്‌സഭാംഗവും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായിരുന്ന രാഹുല്‍ ഗാന്ധി ദില്ലിയില്‍ നടന്ന പത്രസമ്മേളനത്തില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ ഒരു ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞു കൊണ്ട് പാര്‍ട്ടിയേയും സര്‍ക്കാരിനെയും കടന്നാക്രമിച്ചു.

ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ ആ ഓര്‍ഡിനന്‍സ് വീണ്ടും ചര്‍ച്ചകളിലേക്ക് വരികയാണ്. അന്ന് കീറിയെറിഞ്ഞ ആ ഓര്‍ഡിനന്‍സ് നിയമമായിരുന്നുവെങ്കില്‍ രാഹുലിന് അയോഗ്യത ഉണ്ടാകുമായിരുന്നില്ല എന്നതാണ് ഏറ്റവും രസകരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞ വര്‍ഷം പാര്‍ട്ടി വിട്ടപ്പോള്‍ രാഹുലിന്റെ ‘പക്വതയില്ലായ്മയുടെ’ ഏറ്റവും പ്രകടമായ ഉദാഹരണമായി ചൂണ്ടിക്കാട്ടിയതും ആ ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞ സംഭവമായിരുന്നു.

‘രാഷ്ട്രീയ പാര്‍ട്ടികളും ഞാനും മറ്റ് രാഷ്ട്രിയ നേതാക്കാളും ഇത്തരത്തിലുള്ള വിട്ടുവീഴ്ചകള്‍ അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് എനിക്ക് ശരിക്കും തോന്നുന്നു. കാരണം ഈ രാജ്യത്തെ അഴിമതിക്കെതിരെ പോരാടണമെങ്കില്‍, ഈ ചെറിയ വിട്ടുവീഴ്ചകള്‍ തുടരാന്‍ കഴിയില്ല’

‘കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്യുന്ന കാര്യങ്ങളില്‍ എനിക്ക് താല്‍പ്പര്യമുണ്ട്, ഞങ്ങളുടെ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളില്‍ എനിക്ക് താല്‍പ്പര്യമുണ്ട്. ഈ ഓര്‍ഡിനന്‍സിനെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ സര്‍ക്കാര്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു’വെന്ന് പറഞ്ഞ് കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി ആ ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞ്. ഇത് യുപിഎ സര്‍ക്കാരിന് ഏറ്റവും നാണക്കേടുണ്ടാക്കിയ സംഭവമായി വിലയിരുത്തപ്പെടുന്നു.

2013 ല്‍ ലില്ലി തോമസ് കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച നിര്‍ണ്ണായക വിധിയായിരുന്നു യു പിഎ സര്‍ക്കാരിനെ അന്ന് ആ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത്.1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8 (3) വകുപ്പ് പ്രകാരം ക്രിമിനല്‍ കേസ്സുകളില്‍ രണ്ടോ അതില്‍ അധികമോ വര്‍ഷം ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ തല്‍സ്ഥാനത്ത് തുടരുന്നത് അയോഗ്യരാക്കപ്പെടും എന്ന നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ള ഒരു ഓര്‍ഡിനന്‍സ് ആയിരുന്നത്. ശിക്ഷ വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിന് മൂന്ന് മാസത്തെ ഇളവ് അന്നത്തെ നിയമം ജനപ്രതിനിധികള്‍ക്ക് അനുവദിച്ചിരുന്നു. ഈ മൂന്ന് മാസം കാലാവധിക്കിടയില്‍ തങ്ങള്‍ക്കെതിരായ വിധിയില്‍ അപ്പീല്‍ നല്‍കി മേല്‍ക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചാല്‍ അയോഗ്യതയില്‍ നിന്ന് താല്‍കാലികമായി രക്ഷപെടാം എന്നതായിരുന്നു അന്നത്തെ സ്ഥിതി.

എന്നാല്‍ ലില്ലി തോമസ് കേസില്‍ ഈ ആനുകൂല്യം റദ്ദാക്കപ്പെട്ടു. അപ്പീല്‍ നല്‍കുന്നതിന് അനുവദിച്ച മൂന്ന് മാസത്തെ കാലാവധി എന്ന വ്യവസ്ഥ കോടതി എടുത്ത് കളഞ്ഞു. ഒരു ജനപ്രതിനിധിയെ ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചാല്‍ തല്‍സമയം മുതല്‍ അയാളെ അയോഗ്യനാക്കാന്‍ കഴിയും എന്നായിരുന്നു സുപ്രീം കോടതി വിധി. ഈ വിധിയെ മറികടക്കാന്‍ വേണ്ടിയാണ് മന്‍മോഹന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വന്നത്.

സ്ഥാനത്ത് തുടരുന്ന ജനപ്രതിനിധികളാണ് ശിക്ഷിക്കപ്പെടുന്നതെങ്കില്‍ അപ്പീല്‍ നല്‍കുന്ന കാലയളവില്‍ അവര്‍ക്ക് പദവിയില്‍ തുടരാം എന്നായിരുന്നു രാഹുല്‍ കീറിയെറിഞ്ഞ ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. ഒരു ജനപ്രതിനിധിയെ ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചാല്‍ തല്‍സമയം മുതല്‍ അയാളെ അയോഗ്യനാക്കാന്‍ കഴിയും എന്ന സുപ്രീം കോടതി വിധിയെ മറികടക്കാനായിരുന്നു മന്‍മോഹന്‍ സിങിന്റെ സര്‍ക്കാര്‍ ഓര്‍ഡന്‍സ് കൊണ്ടുവന്നത്. രാഹുല്‍ ഗാന്ധി പരസ്യ പ്രതിഷേധത്തിന് തയ്യാറായതോടെ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ ഈ ഓര്‍ഡിനന്‍സില്‍ നിന്നും പിന്നാക്കാം പോകുകയായിരുന്നു.

ഒരു ദശകത്തിനിപ്പുറം ആ ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞയാള്‍ തന്നെ ജനപ്രാതിനിധ്യ നിയമത്തിലെ 8 (3) വകുപ്പ് പ്രകാരം ഉള്ള അയോഗ്യനാക്കപ്പെട്ടു എന്നതാണ് ഏറ്റവും കൗതുകകരം. ജനപ്രതിനിധിയെ ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചാല്‍ തല്‍സമയം മുതല്‍ അയാളെ അയോഗ്യനാക്കാന്‍ കഴിയും എന്ന സുപ്രീംകോടതി വിധിയെ ഉദ്ധരിച്ചാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയിരിക്കുന്നത്.

അന്ന് ആ ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞിരുന്നില്ലെങ്കില്‍ അത് നിയമമായിരുന്നെങ്കില്‍ ഇന്ന് രാഹുല്‍ ഗാന്ധിക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ 3 മാസത്തെ സാവകാശം നിയമപരമായി തന്നെ ലഭിക്കുമായിരുന്നു. അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തിരിച്ചെത്തിയ ശേഷം രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് കത്തെഴുതിയിരുന്നു. ‘ഒരു നിമിഷത്തിന്റെ ആവേശം’ കൊണ്ടാണ് ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞതെങ്കിലും താന്‍ പറഞ്ഞതില്‍ താന്‍ ശക്തമായി വിശ്വസിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. അന്നത്തെ ‘ഒരു നിമിഷത്തെ ആവേശം’ പിന്നീട് തന്റെ ലോകസഭാംഗത്വം വരെ തെറിപ്പിക്കുന്നതിന് കാരണമാകും എന്ന് രാഹുല്‍ ഗാന്ധി സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല. ഒരു ജനപ്രതിനിധിയെ ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചാല്‍ തല്‍സമയം മുതല്‍ അയാളെ അയോഗ്യനാക്കാന്‍ കഴിയും എന്ന അന്നത്തെ സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു കൗതുകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News