അധികാരം കിട്ടിയാല്‍ ബിജെപി സര്‍ക്കാര്‍ ചെയ്തതെല്ലാം തിരുത്തുമെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നതിനെല്ലാം മാറ്റം വരുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കര്‍ണാടക സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ബെലഗാവിയില്‍ കരിമ്പ് കര്‍ഷകരുമായും യുവാക്കളുമായും സംവദിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ അധികാരത്തിലേറിയാല്‍ ജിഎസ്ടി സമ്പ്രദായത്തില്‍ മാറ്റം വരുത്തും. കര്‍ഷകരുടെ ക്ഷേമത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അതിന്റെ ഗുണം മുഴുവന്‍ കര്‍ഷകര്‍ക്ക് ആയിരിക്കും. ഇപ്പോള്‍ വിളയ്ക്ക് കൃത്യമായ വിലയല്ല കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിങ്ങളുടെ വിളകള്‍ക്ക് അര്‍ഹമായ തുക നല്‍കും. അര്‍ഹമായ പണം ലഭിക്കാന്‍ നിങ്ങള്‍ക്കും ആഗ്രഹമില്ലേ?എന്നും രാഹുല്‍ ചോദിച്ചു.

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രണ്ടോ മൂന്നോ ശതകോടീശ്വരന്മാരില്‍ മാത്രമാണ്. എന്നാല്‍ കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരെ കേന്ദ്രം അവഗണിക്കുന്നതായും രാഹുല്‍ കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഒന്നോ രണ്ട് വ്യവസായത്തിന്റെ വളര്‍ച്ച് മാത്രമാണ് കേന്ദ്രം പ്രധാന്യം നല്‍കുന്നത്. ഇത് മുഴുവന്‍ കര്‍ഷകസമൂഹത്തിനും ഗുണം ചെയ്യില്ല. ഇന്ന് അംബാനിയ്ക്കും അദാനിയ്ക്കും കോടിക്കണക്കിന് രൂപ ബാങ്ക് വായ്പ ലഭിക്കും. എന്നാല്‍ കര്‍ഷകനോ?. ബാങ്കില്‍ എത്ര കയറി ഇറങ്ങിയാലും വായ്പയില്ല. ഇത് വിവേചനമാണ്. വന്‍കിട വ്യവസായികള്‍ക്ക് വായ്പ ധാരാളമായി നല്‍കുന്നുണ്ടെങ്കില്‍ ചെറുകിട സംരംഭകര്‍ക്കും വായ്പ നല്‍കണമെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്ത് നാണ്യപ്പെരുപ്പം വര്‍ദ്ധിക്കുകയാണ്. ഇന്ധനവില റോക്കറ്റ് പോലെ കുതിക്കുന്നു. കൃഷി കൊണ്ട് മാത്രം ജീവിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയില്ല. സാധനങ്ങളുടെ വില വര്‍ദ്ധനവിന് അനുസരിച്ച് കര്‍ഷകരുടെ വിളകള്‍ക്ക് നല്‍കുന്ന മൂല്യവും വര്‍ദ്ധിക്കണം എന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ജിഎസ്ടികൊണ്ട് പണക്കാര്‍ക്ക് മാത്രമാണ് നേട്ടം. പലര്‍ക്കും ഇതേക്കുറിച്ച് അറിവില്ല. ജിഎസ്ടിവന്നതോടെ ചെറിയ സംരംഭങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നു. കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയാല്‍ ജിഎസ്ടി സമ്പ്രദായത്തില്‍ മാറ്റം വരുത്തുമെന്നും രാഹുല്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News