‘വാഗൺ ട്രാജഡി യാത്ര’യ്ക്ക് അവസാനമുണ്ടാകുമോ? കേരളത്തിന് വേണം കൂടുതൽ മെമു-പാസഞ്ചർ ട്രെയിനുകളും കോച്ചുകളും

kerala_railway1-Memu

‘ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർ’ എന്ന വിശേഷണമുള്ളവരാണ് മലയാളികൾ. റെയിൽവേ വരുമാനത്തിന്‍റെ കാര്യത്തിൽ വലിയ സംഭാവനയാണ് നമ്മൾ ഇന്ത്യൻ റെയിൽവേയ്ക്ക് നൽകുന്നത്. ദിനംപ്രതി ആയിരകണക്കിന് മലയാളികൾ റെയിൽവേയെ ആശ്രയിക്കുന്നുണ്ട്. ചെലവ് കുറവ്, സൗകര്യപ്രദമായ യാത്ര, വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനാകും എന്നീ ഘടകങ്ങളാണ് റെയിൽവേയെ ആകർഷകമാക്കുന്നത്. എന്നാൽ മലയാളികൾ റെയിൽവേയെ സ്നേഹിക്കുന്നതുപോലെ ആ സ്നേഹം തിരികെ ലഭിക്കുന്നുണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെ പറയേണ്ടിവരും. പരശുറാം പോലെയുള്ള പകൽ ട്രെയിനുകളിൽ നിൽക്കാൻപോലും ഇടംകിട്ടാതെ കുഴഞ്ഞുവീഴുന്ന യാത്രക്കാരുടെ ചിത്രങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഓണത്തിനോ ക്രിസ്മസിനോ വേനലവധിക്കോ നാട്ടിലെത്താൻവേണ്ടി മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് നോക്കുമ്പോൾ വെയിറ്റിങ് ലിസ്റ്റ് കണ്ട് തലയിൽ കൈവെയ്ക്കുന്ന മറുനാടൻ മലയാളികളുമുണ്ട്.

സംസ്ഥാനത്ത് ദേശീയപാതാ വികസനം നടക്കുന്നതുകൊണ്ടുതന്നെ റെയിൽവേയെ ആശ്രയിക്കുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ചുകാലമായി വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ദിവസേന ജോലിക്കും പഠിക്കാനുമായി പോകുന്നവർ രാവിലെയും വൈകിട്ടും ട്രെയിനുകളെ ആശ്രയിക്കുന്നുണ്ട്. ഇതിനൊപ്പം വടക്കുനിന്നും തെക്കുനിന്നുമുള്ള യാത്രകൾക്ക് റെയിൽവേയെ ആശ്രയിക്കുന്നവരുടെ എണ്ണം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്.

മെമു കോച്ചുകൾ വർദ്ധിപ്പിക്കുമോ?

കേരളത്തിലെ നിലവിലെ ട്രാക്കുകളുടെ പരിമിതി കാരണം കൂടുതൽ പുതിയ ട്രെയിനുകൾ അനുവദിക്കാനാകില്ലെന്നാണ് റെയിൽവേ അറിയിക്കുന്നത്. എന്നാൽ പാസഞ്ചർ ട്രെയിനുകളിലും മെമുവിലും കോച്ചുകൾ വർദ്ധിപ്പിച്ച് യാത്രാദുരിതത്തിന് പരിഹാരം കാണാൻ റെയിൽവേയ്ക്ക് കഴിയും. നിലവിൽ എട്ട് കോച്ചുകളാണ് ഒരു മെമു ട്രെയിനുള്ളത്. പാസഞ്ചർ ട്രെയിനാകട്ടെ പരമാവധി 16 കോച്ചുകളും. മെമു ട്രെയിൻ കോച്ചുകളുടെ എണ്ണം എട്ടിൽനിന്ന് 16 ആയി വർദ്ധിപ്പിക്കണമെന്ന് റെയിൽ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽ പ്രതിനിധി ശ്രീജിത്ത് പറയുന്നു. അതുപോലെ പാസഞ്ചർ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം 20 ആക്കണമെന്നും ഇദ്ദേഹം പറയുന്നു. തിരക്കേറിയ സമയങ്ങളിൽ പ്രധാനപ്പെട്ട റൂട്ടുകളിൽ മെമു-പാസഞ്ചർ ട്രെയിനുകളുടെ സർവീസുകൾ ക്രമീകരിക്കുന്നതും യാത്രാദുരിതം ഒരുപരിധിവരെ പരിഹരിക്കാൻ സഹായിക്കും.

Also Read- മലയാളികളുടെ തലശ്ശേരി – മൈസൂര്‍ റെയില്‍ പാതയെന്ന സ്വപ്നത്തിന് തടയിട്ടത് കര്‍ണാടകയിലെ കോൺഗ്രസ് സർക്കാർ

തിരുവനന്തപുരം-നാഗർകോവിൽ, തിരുവനന്തപുരം-കൊല്ലം, കൊല്ലം-കോട്ടയം-എറണാകുളം, കൊല്ലം-ആലപ്പുഴ-എറണാകുളം, എറണാകുളം-തൃശൂർ-ഷൊർണൂർ, എറണാകുളം- തൃശൂർ-ഗുരുവായൂർ, ഷൊർണൂർ-കോഴിക്കോട്-കണ്ണൂർ-മംഗലാപുരം, ഷൊർണൂർ-നിലമ്പൂർ, മംഗലാപുരം-ഷൊർണൂർ-പാലക്കാട്-കോയമ്പത്തൂർ, കൊല്ലം-പുനലൂർ-ചെങ്കോട്ട എന്നീ റൂട്ടുകളിൽ ഓടുന്ന പാസഞ്ചർ മെമു ട്രെയിനുകളിൽ കോച്ചുകൾ വർദ്ധിപ്പിക്കാനുള്ള അടിയന്തര നടപടി വേണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.

വന്ദേഭാരത് വന്നാൽ യാത്രാക്ലേശം തീരില്ല!

അടുത്തിടെയായി യാത്രക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിച്ച്, റെയിൽവേ സ്റ്റേഷനുകൾ മോടിപിടിപ്പിക്കാനും, വന്ദേഭാരത് പോലെയുള്ള പ്രീമിയം ട്രെയിനുകൾ ഓടിക്കുന്നതിലുമാണ് റെയിൽവേയുടെ ശ്രദ്ധ. റെയിൽവേ വന്ദേഭാരത്‌ ശ്രേണികളിലേയ്ക്ക് ശ്രദ്ധതിരിച്ചപ്പോൾ മെമു റേക്കുകളുടെ ദൗർലഭ്യം രൂക്ഷമായതായി ഫ്രണ്ട്സ് ഓൺ റെയിൽ ആലപ്പുഴ ജില്ലാ സെക്രട്ടറി നൗഷിൽ പി.എം പറയുന്നു. ഓഫീസ് സമയങ്ങളിൽ അരമണിക്കൂർ ഇടവിട്ട് രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ച് മെമു സർവീസ് ആരംഭിക്കണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് വർഷങ്ങളായി ആവശ്യപ്പെടുന്നതാണെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ബസ് ചാർജ് വർദ്ധനവ് കൂടുതൽ യാത്രക്കാരെ ട്രെയിനുകളിലേയ്ക്ക് ആകർഷിച്ചു. ഗതാഗതക്കുരുക്കും ദേശീയപാത നിർമാണവും റോഡ് യാത്ര കൂടുതൽ ദുസഹമാക്കിയപ്പോൾ ട്രെയിനുകളിൽ തിരക്ക് നിയന്ത്രണാതീതമായി. റെയിൽ യാത്രക്കാരുടെ എണ്ണം ഓരോ വർഷവും ഗണ്യമായി വർദ്ധിച്ചുക്കൊണ്ടിരിക്കുകയാണ്. മണിക്കൂറുകൾ ഇടവേളയിലാണ് ഇപ്പോൾ ട്രെയിനുകൾ ക്രമീകരിച്ചിരിക്കുന്നത്. തിരക്കുകൾ വർദ്ധിക്കുന്നതിന് അതും ഒരു കാരണമാണ്. ഓഫീസിൽ സമയം പാലിക്കണമെങ്കിൽ എങ്ങനെയെങ്കിലും ട്രെയിനിൽ കടന്നുകൂടിയേ തീരു എന്ന അവസ്ഥയിലാണ്.

ആലപ്പുഴക്കാരുടെ ദുർഗതി

റെയിൽവേയുടെ കടുത്ത അവഗണന നേരിടുന്ന ജില്ലയാണ് ആലപ്പുഴ. ആലപ്പുഴയിൽ നിന്നും 07.25 ന് പുറപ്പെടുന്ന മെമുവിനെയാണ് ആയിരക്കണക്കിന് യാത്രക്കാർ എറണാകുളത്ത് ജോലിയ്ക്കും പഠിക്കാനും ആശുപത്രി ആവശ്യങ്ങൾക്കുമായി പോകുന്നവർ ആശ്രയിക്കുന്നതെന്ന് നൗഷിൽ ചൂണ്ടിക്കാണിക്കുന്നു. ആലപ്പുഴയിൽ നിന്ന് തന്നെ നിറഞ്ഞാണ് സർവീസ് ആരംഭിക്കുന്നത്. ചേർത്തല പിന്നിടുമ്പോൾ യാത്രക്കാർ ചവിട്ടുപടിയിലും ടോയ്‌ലറ്റ് ഇടനാഴിയിലും വരെ തിങ്ങി നിന്നാണ് ഓരോ ദിവസവും എറണാകുളം എത്തുന്നത്. ഇതുകൂടാതെ ഈ സർവീസ് 12 കാർ മെമുവിന് പകരം 8 കോച്ചുകളിൽ സർവീസ് നടത്തുന്ന ദിവസങ്ങളുമുണ്ട്. സ്ഥിരയാത്രക്കാർക്ക് പുറമെ ആശുപത്രി ആവശ്യങ്ങൾക്കായും മറ്റും സഞ്ചരിക്കേണ്ടി വരുന്നവർ കൂടുതൽ അവശരായാണ് എറണാകുളത്ത് ട്രെയിൻ ഇറങ്ങുന്നത്.

Also Read- കേരളത്തോട് അവഗണന തുടർന്ന് റെയില്‍വേ; കെ-റെയിലിന് പ്രതിപക്ഷം കൊണ്ടുവന്ന ബദലിനും റെയില്‍വേയുടെ വെട്ട്

എറണാകുളത്തുനിന്ന് വൈകുന്നേരം ആലപ്പുഴയ്ക്കുള്ള യാത്രയുടെ സ്ഥിതിയും മറ്റൊന്നല്ല. വൈകുന്നേരം 6.25ന് എറണാകുളത്തു നിന്നും ആലപ്പുഴക്കുള്ള മെമു യാത്ര അക്ഷരാർത്ഥത്തിൽ മറ്റൊരു വാഗൺ ട്രാജഡി തന്നെയാണെന്ന് യാത്രക്കാർ പറയുന്നു. അഞ്ചു മണിയ്ക്കു തന്നെ ട്രെയിൻ നിറയും. ഇതിനു ശേഷം അടുത്ത ട്രെയിൻ ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞു മാത്രമേ ഉള്ളതിനാൽ സ്ത്രീകളടക്കമുള്ളവർ വളരെ സാഹസപ്പെട്ടാണ് ഈ മെമുവിൽ കയറിക്കൂടുന്നത്. ഈ നീണ്ട ഇടവേളയിൽ എറണാകുളത്ത് നിന്ന് ആലപ്പുഴ വഴി കായംകുളത്തേക്ക് ഒരു മെമു സർവീസ് ആരംഭിച്ചാൽ ഈ പ്രശ്നത്തിനു പരിഹാരം കാണാൻ കഴിയുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ ആവശ്യങ്ങൾ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ പലവട്ടം കൊണ്ടു വന്നെങ്കിലും പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലനായില്ലെന്ന് ഫ്രണ്ട്സ് ഓൺ റെയിൽ പറയുന്നു.

ആലപ്പുഴ-എറണാകുളം റൂട്ടിൽ മാത്രമല്ല, കേരളത്തിലെ തെക്കുനിന്ന് വടക്കുവരെയുള്ള ഓരോ ഹ്രസ്വ റൂട്ടുകളിലും റെയിൽ യാത്രാക്ലേശം അതിരൂക്ഷമാണ്. തിരുവനന്തപുരം-കൊല്ലം, കോട്ടയം-എറണാകുളം, തൃശൂർ-എറണാകുളം, ഷൊർണൂർ-കോഴിക്കോട് യാത്രകളൊക്കെ അതീവ ദുസഹമാണ്. ഈ ദുരിത യാത്രയ്ക്ക് ശാശ്വത പരിഹാരം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാൽ ഇത് ചെവിക്കൊള്ളാൻ റെയിൽവേ തയ്യാറാകുന്നില്ല.

(അടുത്തഭാഗം- കുംഭമേളയ്ക്ക് കൊണ്ടുപോയ മെമു റേക്കുകൾ തിരികെ കൊണ്ടുവരുമോ?)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News