
ആറു മണിക്കൂർ കൊണ്ട് എന്തൊക്കെ നിർമ്മിക്കാനാകും ? ഒരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കാനാകുമോ ? ആകുമെന്ന് തെളിയിച്ചിരിക്കുകയാണ് ജപ്പാൻകാർ .വെറും ആറു മണിക്കൂർ കൊണ്ട് റെയിൽവേ സ്റ്റേഷൻ നിർമിച്ച് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ജപ്പാൻകാർ. ജപ്പാനിലെ പ്രമുഖ റെയിൽവേ ഓപറേറ്ററായ വെസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനിയാണ് ഈ നേട്ടം കൈവരിച്ചത് .
ഹറ്റ്സുഷിമയിൽ 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് മണിക്കൂറുകൾകൊണ്ടാണ് ലോകത്തിലെ ഈ ആദ്യ ത്രീഡി പ്രിന്റഡ് റെയിൽവേ സ്റ്റേഷൻ നിർമിച്ചത്.
1948ൽ നിർമിച്ച പഴയ റെയിൽവേ സ്റ്റേഷനാണ് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് പുതുക്കിപ്പണിതത്. ഒരു ദിവസം സ്റ്റേഷനിലെ അവസാന ട്രെയിൻ പോയശേഷം നിർമ്മാണം ആരംഭിക്കുകയും പിറ്റേന്ന് ആദ്യ ട്രെയിൻ ഓടിത്തുടങ്ങും മുമ്പ് നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. കുമാമോട്ടോ പ്രിഫെക്ചറിലെ ഒരു അത്യാധുനിക ഫാക്ടറിയിലാണ് റെയിൽവേ സ്റ്റേഷന്റെ ഭാഗങ്ങൾ നിർമിച്ചത്. പിന്നീട് ഇവ ഹറ്റ്സുഷിമയിലെത്തിച്ച് കൂട്ടിച്ചേർക്കുകയായിരുന്നു. സ്റ്റേഷന്റെ നിർമാണത്തിന്, കോൺക്രീറ്റിന് സമാനമായ പ്രത്യേക മെറ്റീരിയലുകൾ ഉപയോഗിച്ച് ഘടനാപരമായ ഭാഗങ്ങൾ വലിയ തോതിലുള്ള ത്രീഡി പ്രിന്ററുകൾ വഴി രൂപപ്പെടുത്തിയിട്ടുണ്ട്.
ജൂലൈയിൽ സ്റ്റേഷന്റെ ഔദ്യോഗിക ഉദ്ഘാടനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സ്റ്റേഷന്റെ പ്രധാന ഘടന പൂർത്തിയായെങ്കിലും ഇന്റീരിയർ ജോലികളും ടിക്കറ്റ് മെഷീനുകൾ, സ്മാർട്ട് കാർഡ് റീഡറുകൾ, യാത്രക്കാർക്കുള്ള മറ്റ് സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും തുടരുകയാണ്.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here