
കേരളത്തിലെ 11 ജില്ലകളിൽ അടുത്ത രണ്ട് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യത.
ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ വിവരങ്ങൾ പ്രകാരം താപനില 38°C വരെ ഉയരാനാണ് സാധ്യത.
കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ 37°C വരെയും ഉയരും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 36°C വരെ ചൂട് കൂടുമെന്നാണ് പ്രവചനം. ഈ ജില്ലകളിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയുണ്ട്. തുടർന്നാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

