
ഐപിഎൽ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നതിനിടെ, അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോണിന്റെ പേര് വീണ്ടും വാർത്തകളിൽ ശ്രദ്ധനേടുകയാണ്. ഷെയിൻ വോണിന്റെ കുടുംബത്തിന് 450 കോടി രൂപയുടെ സാമ്പത്തിക നേട്ടം ലഭിക്കാനിടയുണ്ടെന്നാണ് വാർത്ത. ജയ്‌പൂർ കേന്ദ്രീകരിച്ചുള്ള ടീമിനെ 15300 കോടി രൂപയ്ക്ക് അമേരിക്കൻ വ്യവസായിയായ കാൽ സോമണിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. സീസൺ അവസാനിക്കുന്ന ഉടനെ കൈമാറ്റ നടപടികൾ പൂർത്തിയാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
2008-ലെ ആദ്യ ഐപിഎൽ സീസണിൽ ടീമിന്റെ നായകനായിരുന്ന വോൺ, റോയൽസിന്റെ മാനേജ്‌മെന്റുമായി ഒരു അസാധാരണ കരാറിലാണ് അന്ന് ഒപ്പു വച്ചത്. ടീമിനായി കളിക്കുന്ന ഓരോ സീസണിനും പ്രതിഫലമായി തനിക്കു ഫ്രാൻഞ്ചൈസിയുടെ 0.75% ഓഹരി വീതം ലഭിക്കണമെന്ന വ്യവസ്ഥയാണ് റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം കരാറിൽ ഉൾപ്പെടുത്തിയിരുന്നത്. നാല് സീസണുകളിൽ ടീമിനായി കളിച്ച വോണിന് ഫ്രാൻഞ്ചൈസിയുടെ 3% ഓഹരികളുടെ ഉടമസ്ഥാവകാശം ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസി 15300 കോടി രൂപയ്ക്ക് വിറ്റെന്ന വാർത്ത സത്യമെങ്കിൽ ആ 3% ഓഹരികളുടെ ഇപ്പോഴത്തെ മൂല്യം 450 കോടി രൂപയ്ക്ക് മുകളിലാണ്.
Also Read: ബിഗ് ഡീൽ! രാജസ്ഥാൻ റോയൽസിനെ അമേരിക്കൻ വ്യവസായി 15300 കോടി രൂപയ്ക്ക് വാങ്ങിയോ?
ഈ തുക സംബന്ധിച്ച കണക്കുകൾക്കും അവകാശവാദങ്ങൾക്കും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ലയെങ്കിലും വാർത്തകൾ സത്യമാണെങ്കിൽ 2022ഇൽ മരിച്ച ഇതിഹാസതാരത്തിന്റെ അനന്തരാവകാശികൾക്കു ലഭിക്കുക വൻ തുക തന്നെയായിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

