രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം

ഡൽഹി കാപ്പിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം, ബട്ട്ലറും ജയ്സ്വാളും തകർത്താടിയ മത്സരത്തിൽ 57 റണ്‍സിനായിരുന്നു രാജസ്ഥാന്റെ ജയം. തുടർ പരാജയങ്ങളുമായെത്തിയ ഡൽഹിക്ക് സീസണിൽ തിരിച്ചെത്താൻ ഒരു ജയം അനിവാര്യമായിരുന്നു. ബട്ട്ലർ- ജയ്സ്വാള്‍ ഷോയിൽ തകർന്നടിഞ്ഞത് ഡൽഹിയുടെ സ്വപ്നങ്ങള്‍ കൂടിയായിരുന്നു. ക‍ഴിഞ്ഞ മത്സരത്തിൽ പൊരുതി തോറ്റ രാജസ്ഥാന് സ്വപ്ന തുല്യമായ തുടക്കമാണ് ഇരുവരും നൽകിയത്.

സ്റ്റാർട്ടിംങ്ങ് ഇലവനിൽ ബട്ട്ലർ ഉണ്ടെന്നറിഞ്ഞ രാജസ്ഥാൻ ആരാധകർക്ക് പെരുന്നാള്‍ സമ്മാനിക്കുകയായിരുന്നു ബട്ട്ലർ. വെടിക്കെട്ട് പ്രകടനവുമായി ജയ്സ്വാളും ചേർന്നതോടെ ഖലീല്‍ അഹമ്മദും ആന്‍‍റിച്ച് നോര്‍ജെയും ഡൽഹി പേസ് നിര നിഷ്പ്രഭമായി. മധ്യനിരയിൽ ഹെറ്റ്മെയറും തകർത്തടിച്ചതോടെ 200 റണ്‍സെന്ന കൂറ്റൻ വിജയ ലക്ഷ്യമാണ് രാജസ്ഥാൻ ഉയർത്തിയത്.

വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ബോള്‍ട്ട് തുടക്കം തന്നെ പ്രഹരം നൽകി. ഓപ്പണർ പൃഥി ഷായേയും തൊട്ടടുത്ത പന്തിൽ മനീഷ് പാണ്ഡെയേയും ബോള്‍ട്ട് കൂടാരം കയറ്റി. കളിയിൽ ബാറ്റു കൊണ്ടു സംഭാവന നൽകാൻ ക‍ഴിയാത്ത വിഷമം കിടിലൻ ക്യാച്ചുമായി നായകൻ സഞ്ജുവും തീർത്തു. കൃത്യമായ ഇടവേളകളിൽ ഡൽഹി വിക്കറ്റുകള്‍ കൊ‍ഴിഞ്ഞപ്പോള്‍ ഒരറ്റത്ത് വാർണർ ഒറ്റയാള്‍ പോരാട്ടം തുടർന്നു. ഒടുവില്‍ ചഹല്‍ വാര്‍ണറെയും പുറത്താക്കിയതോടെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ കൊയ്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like