
കേരളത്തെ എങ്ങനെ വയോജന സൗഹൃദമാക്കാമെന്നതാണ് സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. കേരള സംസ്ഥാനം രൂപീകൃതമായപ്പോള്‍ പ്രതീക്ഷിത ജീവിതായുസ് 50 വര്‍ഷത്തില്‍ താഴെയായിരുന്നു. ഇന്നത് 80ന് അടുത്താണ്. കുട്ടികള്‍ക്കു പ്രാമുഖ്യമുള്ള സമൂഹത്തില്‍നിന്ന് വയോജനങ്ങള്‍ക്കു പ്രാമുഖ്യമുള്ള ഒരു സമൂഹത്തിലേക്കു കേരളം മാറിയിരിക്കുന്നു. രാജ്യത്ത് ആദ്യമായി 2008ല്‍ കേരളമാണ് ഒരു പാലിയേറ്റീവ് നയം ആവിഷ്കരിച്ചത്.
2019ല്‍ ഇത് പരിഷ്കരിച്ചു. കേരളത്തിലെ ജനസംഖ്യയുടെ 0.6 ശതമാനം വിവിധ രോഗാവസ്ഥ കാരണം കിടപ്പിലായതായി കണക്കാക്കുന്നു. ജനസംഖ്യയുടെ മറ്റു രണ്ട് ശതമാനം ദീര്‍ഘകാല രോഗങ്ങള്‍മൂലം ഗുരുതര രോഗപീഢകള്‍ അനുഭവിക്കുന്നുണ്ട്. തികച്ചും അശരണര്‍ക്കു പൊതുസൗകര്യങ്ങളുമുണ്ടാകണം. എന്നാല്‍ സാംസ്കാരികമായും സാമ്പത്തികമായും അഭികാമ്യം വയോജനങ്ങളെ അവരവര്‍ക്കു സുപരിചിതമായ പരിസരത്ത് സ്വന്തം വീടുകളില്‍ സംരക്ഷിക്കുകയാണ്. പക്ഷേ ഇതിന്റെ ഭാരം മുഴുവന്‍ കുടുംബത്തിനാകാന്‍ പാടില്ല. പൊതുസമൂഹം വിവിധങ്ങളായ രീതികളില്‍ പിന്തുണ നല്‍കണം. ഇത്തരം ഒരു നൂതന മാര്‍ഗം ആവിഷ്കരിക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വയോജനങ്ങള്‍ക്ക് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പരിഗണന നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഇതില്‍ ഏറ്റവും പ്രധാനം ഏതാണ്ട് സാര്‍വത്രികമായ വയോജന പെന്‍ഷനാണ്. ഇതിനു പുറമേ ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പുകളുടേതായി ഒട്ടേറെ സ്കീമുകളുമുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അഞ്ച് ശതമാനം ഫണ്ട് ഇവര്‍ക്കായി നീക്കിവയ്ക്കേണ്ടതുണ്ട്. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളുമുണ്ട്. ഇതിനൊക്കെ പുറമേ കേന്ദ്ര സര്‍ക്കാരിന്റെ ചില സ്കീമുകളുമുണ്ട്. കൂടാതെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്രാഥമിക പാലിയേറ്റീവ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുകള്‍ത്തട്ട് ആശുപത്രികളിലും പ്രത്യേക പാലിയേറ്റീവ് സംവിധാനങ്ങളുണ്ട്.
2015 മുതല്‍ സിപിഐ എം വളരെ സജീവമായി പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ ജില്ലകളിലും പാര്‍ടിയുടെ ആഭിമുഖ്യത്തിലുള്ള പാലിയേറ്റീവ് നെറ്റുവര്‍ക്കുകളുണ്ട്. അതോടൊപ്പം എല്ലാ പാലിയേറ്റീവ് സംഘടനകളുടെയും യോജിച്ചുള്ള പരിപാടിയില്‍ കോര്‍ത്തിണക്കേണ്ടതുമുണ്ട്.
ഇതോടൊപ്പം കിടപ്പുരോഗികളല്ലാത്ത വയോജനങ്ങളുടെ പരിരക്ഷയും ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി തദ്ദേശഭരണ വകുപ്പ് നിഷ്കര്‍ഷിച്ചിട്ടുള്ള വയോജന അയല്‍ക്കൂട്ടങ്ങള്‍ സാര്‍വത്രികമാക്കണം. എല്ലാ വാര്‍ഡുകളിലും വയോജനങ്ങള്‍ക്ക് തണലിടങ്ങളും വയോക്ലബ്ബുകളും രൂപീകരിക്കണം. വയോജനങ്ങള്‍ക്കായി വിനോദത്തിനും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയുള്ള വേദികള്‍ ഒരുക്കണം. പൊതുസ്ഥലങ്ങള്‍ വയോജനസൗഹൃദമാക്കണം. അതുപോലെ തന്നെ സ്വകാര്യ വീടുകളും. ഈ കാഴ്ചപ്പാടില്‍ വീടുകളിലെ സൗകര്യങ്ങള്‍ ഓഡിറ്റ് ചെയ്ത് ആവശ്യമായ സഹായക്രമീകരണങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണമെന്ന് വീണാ ജോർജ് അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
വയോജനങ്ങളെ തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി അവരുടെ കഴിവുകളുടെ അടിസ്ഥാനത്തില്‍ പൊതുസേവനത്തിനും പ്രവര്‍ത്തനത്തിനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കണം. ഈ കാഴ്ചപ്പാടില്‍ വയോജനങ്ങളെ പ്രാദേശിക വികസനത്തിനായുള്ള ഒരു പ്രധാന സന്നദ്ധസേനയാണ്. ശുചിത്വം, പാലിയേറ്റീവ്, വിജ്ഞാനകേരളം, വിദ്യാഭ്യാസ ഗുണമേന്മ, അങ്കണവാടികള്‍ക്കു ജനകീയ പിന്തുണ, പ്രാദേശികാസൂത്രണം തുടങ്ങിയവയില്‍ വയോജനങ്ങളെ അണിനിരത്താനാകും.
ഇത്തരമൊരു കാഴ്ചപ്പാടോടുകൂടിവേണം സീനിയര്‍ സിറ്റിസണ്‍ സംഘടനയും പെന്‍ഷന്‍കാരുടെ സംഘടനയും ബന്ധപ്പെട്ട മറ്റു സംഘടനകളും പ്രവര്‍ത്തിക്കാന്‍. വയോജന കമീഷന്റെ രൂപീകരണം വയോജനങ്ങളുടെ അവകാശ സംരക്ഷണത്തിന് മറ്റെങ്ങുമില്ലാത്ത അവസരമൊരുക്കുന്നുണ്ട്. കേരളത്തിലെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന വയോജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി മുന്നിട്ടിറങ്ങാന്‍ സമ്മേളനം ആഹ്വാനം ചെയ്യുന്നു. കിടപ്പുരോഗികള്‍ക്കുള്ള സമ്പൂര്‍ണ സംരക്ഷണം അല്ലാതുള്ളവര്‍ക്ക് ആരോഗ്യകരമായ വാര്‍ദ്ധക്യം എന്നതാണ് നമ്മുടെ മുദ്രാവാക്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

