ദുരുപയോഗം, കയ്യേറ്റം, പക, ചതി; ‘റാണി’ കൊലയ്ക്ക് പിറകിലെ നിരവധി അറിയാക്കഥകളുടെ ചുരുളഴിക്കുന്ന ചിത്രം

സ്ത്രീ കഥാപാത്രങ്ങൾക്ക്  പ്രാധാന്യം നൽകുന്ന ചിത്രങ്ങൾ വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരിടമാണ് മലയാള സിനിമ. അവിടെ റാണി വേറിട്ടൊരു കാഴ്ചാനുഭവം സമ്മാനിക്കുന്നു. ‘പതിനെട്ടാംപടി’യ്ക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘റാണി: ദി റിയൽ സ്റ്റോറി’ തിയേറ്ററുകളിലെത്തി. ദുരൂഹസാഹചര്യത്തിലുണ്ടായ ഒരു കൊലപാതകവും അതിന്റെ അന്വേഷണവും കണ്ടെത്തലുകളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു കുറ്റാന്വേഷണ ചിത്രമാണെങ്കിലും നമ്മൾ കണ്ടു ശീലിച്ച പതിവു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളുടെ ശൈലിയല്ല ഇവിടെ സംവിധായകൻ പിൻതുടരുന്നത്.

also read :നിയമപരമായ കാര്യങ്ങള്‍ മാത്രമെ ചെയ്തിട്ടുള്ളു, ഇഡി ചോദ്യം ചെയ്തത് മൂന്നര മിനിറ്റ് മാത്രം: എം കെ കണ്ണന്‍

രാഷ്ട്രീയത്തിലെ അതികായനാണ് എം എൽ എ ധർമ്മരാജൻ (ഗുരു സോമസുന്ദരം). എന്നാൽ ധർമ്മരാജൻ അപ്രതീക്ഷിതമായി കൊല ചെയ്യപ്പെടുന്നു.‘ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ’ എന്നാണല്ലോ പൊതുബോധത്തിന്റെ ആദ്യ നിഗമനം! അശരണയും ദുർബലയുമായ ഒരു വീട്ടു ജോലിക്കാരിയ്ക്ക് എങ്ങനെയാണ് കരുത്തനായ ഒരു രാഷ്ട്രീയക്കാരനെ കൊലപ്പെടുത്താനാവുക? എന്താണ് കൊലയ്ക്കു പിന്നിലെ ലക്ഷ്യം? സത്യം തേടിയുള്ള പൊലീസിന്റെ അന്വേഷണം അധികാര ദുരുപയോഗം, കയ്യേറ്റം, പക, ചതി എന്നിങ്ങനെ ആ കൊലയ്ക്കു പിറകിലെ നിരവധി അറിയാക്കഥകളുടെ ചുരുളഴിക്കുകയാണ്. അന്വേഷണത്തിൽ പൊലീസിനൊപ്പം സമാന്തരമായി തന്റെ കണ്ടെത്തലുകളുമായി ഭാസിയെന്ന റിട്ടയേർഡ് പൊലീസുകാരനും (ഇന്ദ്രൻസ്) കൈകോർക്കുമ്പോൾ ചിത്രം ഉദ്വേദഗജനകമായ വഴികളിലൂടെ സഞ്ചരിക്കുകയാണ്.

also read :നടി കങ്കണ വിവാഹിതയാവുന്നു, വരൻ പ്രമുഖ ബിസിനസ് മാൻ: വിവാഹ തിയതി വരെ എക്‌സിലൂടെ പുറത്തുവിട്ടു

നിയതിയാണ് റാണിയെന്ന കേന്ദ്രകഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചിരിക്കുന്നത്. താരതമ്യേന തുടക്കക്കാരിയാണെങ്കിലും പതർച്ചകളൊന്നുമില്ലാതെ ആ കഥാപാത്രത്തെ ഉൾകൊള്ളാനും അവതരിപ്പിക്കാനും നിയതിയ്ക്ക് സാധിച്ചിട്ടുണ്ട്. പേരിൽ മാത്രമല്ല, സിനിമയിലുടനീളം ശക്തരായ ഒരുപിടി സ്ത്രീ കഥാപാത്രങ്ങളെ കാണാം എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ്. സ്ത്രീകളുടെ കരുത്തിന്റെ, സിസ്റ്റർഹുഡിന്റെയൊക്കെ ആഘോഷം ഓരോ കാഴ്ചക്കാരനും നിറവേകുന്നു.

ശ്രദ്ധ കവരുന്ന മറ്റൊരു കഥാപാത്രം ഇന്ദ്രൻസിന്റെ ഭാസി ചേട്ടനാണ്. 36 വർഷത്തെ പൊലീസ് ജീവിതത്തിന്റെയും കുറ്റാന്വേഷണങ്ങളുടെയും ഉൾക്കാഴ്ചയുള്ള ഭാസി ചേട്ടൻ, ഇന്ദ്രൻസിന്റെ കരിയറിലെ വേറിട്ടൊരു മുഖമാണ പ്രകടമാകുന്നത്. മലയാളവും തമിഴും കലർന്ന ഭാഷ സംസാരിക്കുന്ന സെൽവൻ എന്ന ധർമ്മരാജനായി ഗുരു സോമസുന്ദരവും തെറ്റില്ലാത്ത പ്രകടനം കാഴ്ച വയ്ക്കുന്നു. മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

also read :ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു; നാലാം സ്വര്‍ണം

സിനിമോട്ടോഗ്രാഫി, സംഗീതം, പശ്ചാത്തലസംഗീതം തുടങ്ങിയ ടെക്നിക്കൽ വശങ്ങളിലും റാണി മികവു പുലർത്തുന്നുണ്ട്. വിനായക് ഗോപാൽ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജോനാഥൻ ബ്രൂസിന്റെ പശ്ചാത്തല സംഗീതം ആകാംക്ഷ ഇരട്ടിപ്പിക്കുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റർ, മേന മേലത്ത് വരികളെഴുതി സംഗീതം നൽകിയിരിക്കുന്നു. മാജിക്ക് ടൈൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിനോദ് മേനോൻ, ജിമ്മി ജേക്കബ്, ശങ്കർ രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News