രൺവീർ അല്ലാബാദിയയ്ക്ക് ആശ്വാസം; ഷോ സംപ്രേഷണം ചെയ്യാൻ അനുമതി നൽകി സുപ്രീം കോടതി

ranveer allahbadia

‘ഇന്ത്യാസ് ​ഗോട്ട് ലാറ്റന്റ് ഷോ’യ്ക്കിടയിലെ അശ്ലീല പരാമർശത്തിൽ യൂട്യൂബർ രൺവീർ അല്ലാബാദിയക്ക് നേരിയ ആശ്വാസം. ‘ദി രൺവീർ ഷോ’ പുനരാരംഭിക്കാൻ സുപ്രീം കോടതി ഉപാധികളോടെ അനുമതി നൽകി. തന്റെ ഏക ഉപജീവനമാർഗ്ഗമാണ് പോഡ്‌കാസ്റ്റ് ഷോയെന്ന് ചൂണ്ടിക്കാട്ടി അല്ലാബാദിയ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി അനുമതി നൽകിയത്.

പോഡ്‌കാസ്റ്റ് ഷോകൾ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർക്കും കാണാൻ കഴിയുന്ന തരത്തിൽ ആകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ധാർമ്മികതയുടെയും മാന്യതയുടെയും മാനദണ്ഡങ്ങൾ പാലിക്കുമെന്ന് രൺവീർ അല്ലാബാദിയ ഉറപ്പ് നൽകണമെന്നും കോടതി വ്യക്തമാക്കി. യൂട്യൂബിൽ 10.4 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള പോഡ്‌കാസ്റ്ററാണ് രൺവീർ അല്ലാബാദിയ.

ALSO READ: ഓസ്കർ 2025: എഡ്രിയാൻ മികച്ച നടൻ, മിക്കി മികച്ച നടി

280 ജീവനക്കാരുടെ ഉപജീവനമാർഗം ഈ ഷോയെ ആശ്രയിച്ചാണെന്ന് വ്യക്തമാക്കിയാണ് പോഡ്കാസ്റ്റ് പുനരാരംഭിക്കാൻ സുപ്രീം കോടതി അനുമതി നൽകിയത്. പരിപാടിയിൽ കേസിനെ കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കോടതി അല്ലാബാദിയയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, കേസിൽ അല്ലാബാദിയയെ അറസ്റ്റു ചെയ്യുന്നതിൽ നിന്ന് സുപ്രീം കോടതി ഇടക്കാല സംരക്ഷണം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ എടുക്കരുതെന്നും സുപ്രീം കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

കൊമേഡിയൻ സമയ് റെയ്ന അവതരിപ്പിക്കുന്ന ഇന്ത്യാസ് ​ഗോട്ട് ലാറ്റന്റ് എന്ന പരിപാടിയിൽ വച്ചാണ് രണവീർ അശ്ലീല പരാമർശം നടത്തിയത്. ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ’യിലെ വിധികർത്താക്കളിലൊരാളാണ് രൺവീർ. ‘ഇനിയുള്ള കാലം നിങ്ങൾ മാതാപിതാക്കൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ദിവസേന നോക്കി നിൽക്കുമോ അതോ അവർക്കൊപ്പം ചേർന്ന് എന്നേക്കുമായി ഇത് അവസാനിപ്പിക്കുമോ’ എന്നാണ് മത്സരാർഥിയോട് രൺവീർ ചോദിച്ചത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് രൺവീറിനെതിരെ ഉയർന്നത്. തുടർന്ന് വീഡിയോ യൂട്യൂബ് നീക്കം ചെയ്തിരുന്നു.

രൺവീറിനു പുറമെ പരിപാടിയിലുണ്ടായിരുന്ന സമയ് റെയ്ന, അപൂർവ മുഖിജ, ജസ്പ്രീത് സിങ്, ആഷിഷ് ചഞ്ച്ലാനി, തുഷാർ പൂജാരി, സൗരവ് ബോത്ര, ബാൽരാജ് ഘായ് എന്നിവർക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു. മാപ്പു പറഞ്ഞുകൊണ്ട് രൺവീർ വീഡിയോ പോസ്റ്റ് ചെയ്തെങ്കിലും കേസെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News