കസ്റ്റഡിയിൽ വെച്ച് തന്നെ മർദ്ദിച്ചു; പട്ടിണിക്കിട്ടു, ബ്ലാങ്ക് പേപ്പറില്‍ ഒപ്പിടിച്ചു; ഡിആര്‍ഐക്കെതിരെ ആരോപണങ്ങളുമായി നടി രന്യയുടെ കത്ത്

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർക്ക് എതിരെ ആരോപണം ഉന്നയിച്ച് സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവു. ഉദ്യോഗസ്ഥര്‍ തന്നെ പലതവണ മര്‍ദിച്ചെന്നും പട്ടിണിക്കിട്ടതായും ആരോപിച്ച രന്യ ബ്ലാങ്ക് പേപ്പറില്‍ തന്നെ കൊണ്ട് ഒപ്പ് വെപ്പിച്ചതായും പറഞ്ഞു. വ്യാജ കേസിൽ കുടുങ്ങിയതായി ചൂണ്ടിക്കാട്ടി ഡിആർഐ അഡീഷണൽ ഡയറക്ടർ ജനറലിന് അയച്ച കത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

കള്ളക്കേസില്‍ കുടുക്കിയതാണെന്ന് പറഞ്ഞുകൊണ്ട്, രന്യ താന്‍ നിരപരാധിയാണെന്നും കത്തില്‍ വ്യക്തമാക്കി. കര്‍ണാടക ഐപിഎസ് ഓഫീസറുടെ വളര്‍ത്തുമകളും നടിയുമായ രന്യ ഈ മാസം ആദ്യമാണ് 12.56 കോടി വിലമതിക്കുന്ന സ്വര്‍ണക്കട്ടികളുമായി ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. രഹസ്യവിവരത്തിന്റെയും നിരീക്ഷണങ്ങള്‍ക്കും ഒടുവില്‍ ഡിആര്‍ഐ ആണ് രന്യയെ പിടികൂടിയത്. പരപ്പന അഗ്രഹാര ജയിൽ ചീഫ് സൂപ്രണ്ട് മുഖേന അയച്ച കത്തിൽ, വിമാനത്തിനുള്ളിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്തതായും വിശദീകരണം നൽകാൻ അവസരം നൽകാതെ ഡിആർഐ കസ്റ്റഡിയിലെടുത്തതായും രന്യ അവകാശപ്പെട്ടു.

ALSO READ: പാലക്കാട് അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിനിടെ അച്ഛനും മകനും വെട്ടേറ്റു

‘കോടതിയില്‍ ഹാജരാക്കുന്നതുവരെ, എനിക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഉദ്യോഗസ്ഥര്‍ എന്നെ ശാരീരികമായി ആക്രമിച്ചു, 15-ഓളം തവണ അടിച്ചു. ആവര്‍ത്തിച്ചുള്ള മര്‍ദനങ്ങളേറ്റിട്ടും അവര്‍ തയ്യാറാക്കിയ പ്രസ്താവനകളില്‍ ഒപ്പിടാന്‍ ഞാന്‍ വിസമ്മതിച്ചു,’ രന്യ കത്തില്‍ പറയുന്നു. ഒടുവില്‍ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി അറുപതോളം ടൈപ്പ് ചെയ്ത പേജുകളിലും 40 ശൂന്യമായ പേജുകളിലും ഒപ്പിടാന്‍ താന്‍ നിര്‍ബന്ധിതയായെന്നും രന്യ കൂട്ടിച്ചേർത്തു. മാർച്ച് 3 ന് വൈകുന്നേരം 6.45 മുതൽ മാർച്ച് 4 ന് വൈകുന്നേരം 7.50 വരെ തടങ്കലിൽ വച്ചപ്പോൾ ഉറക്കവും ഭക്ഷണവും മനഃപൂർവ്വം നിഷേധിച്ചുവെന്നും അവർ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ രന്യയുടെ ജാമ്യാപേക്ഷ ബെംഗളൂരു സ്‌പെഷ്യല്‍ കോടതി തള്ളിയതിന് പിന്നാലെയാണ് രന്യയുടെ കത്ത് പുറത്ത് വരുന്നത്. മൂന്ന് ദിവസത്തെ ഡിആര്‍ഐ കസ്റ്റഡിക്ക് ശേഷം രന്യയെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലാക്കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News