
എട്ടു കൊല്ലം മുൻപ് ഒരു കളിക്കാരനായി നിന്ന അതെ ഐപിഎല്ലിൽ ടീം ഉടമയായി തിരിച്ചുവരവ് നടത്താനൊരുങ്ങി ആര്യമാൻ ബിർള. ആദിത്യ ബിർള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യം ഏകദേശം 16,706 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ സ്വന്തമാക്കിയതിന് പിന്നാലെയാണ് ആര്യമാൻ ബിർള ആർസിബിയുടെ ചെയർമാനായി നിയമിക്കപ്പെട്ടത്.
28-കാരനായ കുമാർ മംഗളം ബിർളയുടെ മകന് പക്ഷെ ഐപിഎല്ലോ ക്രിക്കറ്റ് സ്റ്റേഡിയങ്ങളോ പുത്തരിയല്ല. ഏതാനും വര്ഷങ്ങൾ മുമ്പ് വരെ മധ്യപ്രദേശിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ പാഡണിഞ്ഞിട്ടുണ്ട് അദ്ദേഹം. പത്തൊൻപതാം വയസ്സിൽ രഞ്ജിയിൽ അരങ്ങേറിയ അദ്ദേഹം ഈഡൻ ഗാർഡൻസിൽ നടന്ന നിർണ്ണായക മൽസരത്തിൽ ബംഗാളിനെതിരെ സെഞ്ച്വറി നേടി ശ്രദ്ധേയനായി. മധ്യപ്രദേശ് രഞ്ജി ടീമിൽ അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായിരുന്ന രജത് പട്ടിദാറാണ് ഇന്ന് ആർസിബിയെ നയിക്കുന്നത് എന്നത് ചരിത്രത്തിലെ മറ്റൊരു കൗതുകം.
Also read: ജീവൻ നഷ്ടപ്പെട്ട ആർസിബി ആരാധകരുടെ ഓർമ്മയിൽ ചിന്നസ്വാമിയിൽ സ്മാരകഫലകം
2017 സീസണിലെ മികച്ച പ്രകടനത്തിനെ തുടർന്ന് 2018-ഇൽ അദ്ദേഹത്തെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. പക്ഷെ ഏറെ പ്രതീക്ഷകളോടെ ഐപിഎല്ലിൽ എത്തിയ താരത്തിന് ഒരിക്കലും പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചില്ല. ഇതോടെ നിരാശയിലായ താരം മാനസിക സമ്മർദ്ദത്തെ തുടർന്ന് 2019-ൽ ക്രിക്കറ്റിനോട് വിട പറഞ്ഞു. പിന്നീട് പഠനത്തിലും ബിസിനസ് രംഗത്ത് സജീവമായ അദ്ദേഹം ഇപ്പോൾ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത് ആർസിബിയുടെ നേതൃത്വം ഏറ്റെടുത്താണ്. ചെറുപ്പക്കാരനും പഴയ കളിക്കാരനുമായ ബിർള എങ്ങനെ ടീമിനെ നയിക്കും എന്ന് ഉറ്റു നോക്കുകയാണ് ക്രിക്കറ്റ് ലോകം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

