
തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യത നേടാനാവാതെ ഇറ്റലി പുറത്തായതോടെ, സൂപ്പർ മിഡ്‌ഫീൽഡർ സാന്ദ്രോ ടൊണാലിയുടെ ഭാവി ഫുട്ബോൾ ലോകത്ത് ചർച്ചയാകുന്നു. 2026 ലോകകപ്പിനില്ലാത്ത ഇറ്റാലിയൻ സംഘത്തിലെ പ്രമുഖനായ ടൊണാലിയെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് താൽപ്പര്യം പ്രകടിപ്പിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. താരത്തിന്റെ ഏജന്റുമാർ ഇതിനോടകം തന്നെ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.
തങ്ങളുടെ പ്രിയ താരത്തെ എളുപ്പത്തിൽ വിട്ടുകൊടുക്കാൻ ന്യൂകാസിൽ യുണൈറ്റഡ് തയ്യാറല്ല. 80 മില്യൺ മുതൽ 90 മില്യൺ പൗണ്ട് വരെയാണ് ഇറ്റാലിയൻ താരത്തിന് ക്ലബ്ബ് നിശ്ചയിച്ചിരിക്കുന്ന വില. അടുത്തിടെ അലക്സാണ്ടർ ഇസാക്കിനെ 130 മില്യൺ പൗണ്ടിന് ലിവർപൂളിന് വിറ്റതിലൂടെ വലിയ ലാഭമുണ്ടാക്കിയ ന്യൂകാസിൽ, ടൊണാലിയുടെ കാര്യത്തിലും വലിയ തുക തന്നെ ലക്ഷ്യമിടുന്നു. 2029 ജൂൺ വരെ താരത്തിന് ക്ലബ്ബുമായി കരാറുണ്ട്.
റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം ടോണി ക്രൂസിന് പകരക്കാരനായി ടൊണാലിയെയാണ് ക്ലബ്ബ് മാനേജ്‌മെന്റ് കാണുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ന്യൂകാസിലിന്റെ എഫ്‌എ കപ്പ് പോരാട്ടത്തിൽ റയലിന്റെ സ്കൗട്ടുകൾ ടൊണാലിയുടെ പ്രകടനം വിലയിരുത്താൻ എത്തിയിരുന്നു. എന്നാൽ സാമ്പത്തിക കാര്യങ്ങളിൽ റയൽ അതീവ ജാഗ്രതയിലാണ്.
Also Read: തകർച്ചയിൽ നിന്നും കരകയറി ഓഹരിവിപണി; നേട്ടത്തിൽ അവസാനിച്ച് നിഫ്റ്റിയും സെൻസെക്‌സും
നിലവിൽ ബെല്ലിംഗ്ഹാം, വാൽവെർഡെ, കാമവിംഗ, ചൗമേനി തുടങ്ങിയ വൻനിര മിഡ്‌ഫീൽഡിൽ ഉള്ളപ്പോൾ, ടൊണാലിക്കായി 100 മില്യൺ പൗണ്ടിനടുത്ത് ചിലവാക്കുന്നത് അമിതമാണെന്ന വിലയിരുത്തൽ റയൽ ക്യാമ്പിലുണ്ട്. താരം തന്നെ ക്ലബ്ബ് വിടാൻ സമ്മർദ്ദം ചെലുത്തുന്നത് വരെ കാത്തിരിക്കാനാണ് റയലിന്റെ തീരുമാനം. അങ്ങനെ വന്നാൽ ട്രാൻസ്ഫർ തുക 55-60 മില്യൺ പൗണ്ടിലേക്ക് കുറയ്ക്കാൻ കഴിയുമെന്ന് അവർ കണക്കുകൂട്ടുന്നു.
അതേസമയം, ന്യൂകാസിൽ ആവശ്യപ്പെടുന്ന തുക നൽകാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറാണെന്ന സൂചനകൾ മത്സരത്തെ കടുപ്പിക്കുന്നു. പണക്കൊഴുപ്പുമായി സിറ്റി മുന്നിലുള്ളപ്പോൾ, റയൽ മാഡ്രിഡ് തങ്ങളുടെ ‘ക്ഷമയുടെ പരീക്ഷണം’ തുടരുകയാണ്. വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടൊണാലിയുടെ ലക്ഷ്യങ്ങളും റയലിന്റെ സാമ്പത്തിക തന്ത്രങ്ങളും എങ്ങനെ ഒത്തുപോകുമെന്ന് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

