അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിന്റെ കാരണങ്ങള്‍ എന്ത്?

Ahmedabad Plane Crash

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിന്റെ കാരണങ്ങളപ്പറ്റി ഇപ്പോഴേ പറയുന്നതിന്റെ അപാകത നിലനിൽക്കെ ചെറിയൊരു കാര്യം മാത്രം എഴുതാമെന്നു കരുതി.

വിമാനത്തിന്റെ, ആകാശത്തെ അവസാന നിമിഷങ്ങളുടെ, ലഭ്യമായ ഒരു വിഡിയോയിൽ കാണുന്ന മൂന്നു കാര്യങ്ങളാണ്-

1. അറുനൂറടിയോളം പൊക്കത്തിൽ പറക്കുമ്പോഴും താഴ്ന്നു തന്നെയിരിക്കുന്ന ചക്രങ്ങൾ

2. വിഡയോയിലെ വിദൂരക്കാഴ്ചയിൽ, നേരെ തന്നെയിരിക്കുന്നു എന്നു തോന്നിക്കുന്ന, ചിറകിനു പിന്നിലെ ഫ്‌ളാപ്പുകൾ.

3. വീഴ്ചയ്ക്കു മുന്നേ മുകളിലേക്കുകയരാനുള്ള ശ്രമം

200-400 അടിപ്പൊക്കത്തിലെത്തുമ്പോഴേക്കും വീലുകൾ മുകളിലേക്കുയർത്തുകയാണ് പതിവ്. ഇവിടെ അറുനൂറായിട്ടും പൈലറ്റുമാർ ചക്രങ്ങൾ മുകളിലേക്കു കയറ്റാത്തത് പ്രശ്‌നത്തിന്റെ തന്നെ സൂചികയാണ്.

സാധ്യതകൾ പലതാണ്.

-ലാൻഡിങ് ഗിയർ ചലിപ്പിക്കുന്ന ഹെഡ്രോളിക് സംവിധാനത്തിന്റെ തകരാർ

-പൈലറ്റുമാരുടെ മറവി

-വിമാനത്തിന്റെ കുഴപ്പം തിരിച്ചറിഞ്ഞ്, തിരിച്ചിറങ്ങാനുള്ള ശ്രമം ആരംഭിച്ചത്.

എന്നാൽ ഇതോടൊപ്പം ഫ്‌ളാപ്പുകള് നേരെയാക്കിയെന്നത് (വിഡിയോയിലെ ദൂരക്കാഴ്ച സത്യമാണെങ്കിൽ) പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാക്കുന്നു.

ടേക്കോഫു ചെയ്യുമ്പോഴും പറന്നു കയറുമ്പോഴും ചിറകിനു പിന്നിലെ ഈ പാളികൾ താഴ്ത്തി വയ്ക്കുന്നത് വിമാനത്തിന് മുകളിലേക്ക് കൂടുതൽ തള്ളൽ കിട്ടാനാണ്. ഈ ലിഫ്റ്റ് കുറഞ്ഞാൽ രണ്ടു കാര്യങ്ങളും നടക്കില്ല.

എന്നാൽ അഹമ്മദാബാദ് വിമാനത്താവളത്തിലെ 3505 മീറ്റർ നീളമുള്ള റൺവേയിലെ വെറും 1900 മീറ്ററിൽ താഴെ ദൂരം മാത്രം ഉപയോഗിച്ച് പറന്നുയർന്ന ഈ വിമാനത്തിലെ ഫ്‌ളാപ്പുകൾ, ഉയരാനുള്ള ഓട്ടത്തിൽ താഴ്ന്നു തന്നെയിരുന്നു എന്നത് ഉറപ്പാണ്.

ഉയർന്നു കഴിഞ്ഞ്, ഉയരം ഏകദേശം 1000 അടിയാകമ്പോഴാണ് അതായത് വിമാനത്തിന് നല്ലവേഗം കിട്ടിയശേഷം, ഫ്‌ളാപ്പുകൾ നേരെയാക്കുക. അതേവരെ നല്ല ലിഫ്റ്റ്-മുകളിലേക്കുള്ള തള്ളൽ- വേണമെങ്കിൽ ഫ്‌ലാപ്പുകൾ ഇങ്ങിനെ ഇരുന്നേ പറ്റൂ.

ഇന്ന് വിമാനം വീഴുമ്പോൾ ഉയരം 625 അടിയായിരുന്നു.

അതേസമയം, 200-400 അടിയിൽ മുകളിലേക്കു വലിച്ചു കയറ്റിക്കഴിഞ്ഞിരിക്കേണ്ട വീലുകൾ ഈ പൊക്കത്തിലും, താഴ്ന്നു തന്നെയിരിക്കുകയും ചെയ്തു.

ആദ്യം തോന്നാവുന്ന സംശയം ഇതാണ്- ലാൻഡിഗ് ഗിയർ വലിച്ചുകയറ്റാനുള്ള ലിവറെന്നു കരുതി ഫ്‌ളാപ്പുകൾ നേരെയാക്കാനുള്ള ലിവർ വലിച്ചിട്ടുണ്ടാകുമോ പൈലറ്റുമാർ?

എന്നാൽ ഡ്രീംലൈനർ വിമാനത്തിൽ ഇതിനുള്ള സാധ്യത കുറവാണ്. മാറപ്പോകാൻ തക്കം അടുത്തടുത്തല്ല രണ്ടും. പൈലറ്റുമാരുടെ നടുക്കുള്ള പെഡസ്റ്റലിൽ എൻജിൻ ത്രോട്ടിലിന് വലത്താണ് ഫ്‌ളാപ്പ് ലിവർ.

ലാൻഡിങ് ഗിയർ ലിവറാകട്ടെ മുഖ്യ ഇൻസ്ട്രമെന്റ് പാനലിൽ, ഫ്‌ളൈറ്റ് ഡിസ്‌പ്ലേ പാനലിലനു താഴെ, ക്യാപറ്റന്റെ സൈഡിലാണ് (ഇടതുവശത്ത്).

നേരെയായ ഫ്‌ളാപ്പുകളും താഴെ ഇറങ്ങിത്തന്നെ നിൽക്കുന്ന വീലുകളും- ഇവ രണ്ടും ഒന്നിച്ചു സംഭവിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥയുമാണ്.

വിമാനത്തിന് ഉയർന്നു പോകാനുള്ള, മുകളിലേക്കുള്ള തള്ളൽ കുറയുകയും, തള്ളി താഴേക്കു നിൽക്കുന്ന വീലുകൾ വായുപ്രവാഹത്തിന് തടസ്സമുണ്ടാക്കി ഡ്രാഗ്- അതായത് പിന്നിലേക്കുള്ള വലിവ്- കൂടുകയും.

വിമാനം ഉയരുന്നുമില്ല, വേഗം കുറയുകയും ചെയ്യുന്നു എന്ന അവസ്ഥ.

വിമാനം ഉയരുന്നില്ലെന്നു കാണുമ്പോൾ, സ്വാഭാവികമായും വിമാനത്തിന്റെ മൂക്ക് മുകളിലേക്കുയർത്താനുള്ള പ്രേരണയാണുണ്ടാവുക. ഇങ്ങിനെ, കുറഞ്ഞ വേഗത്തിൽ, കുറഞ്ഞ ലിഫ്റ്റിൽ, മൂക്ക് മുകളിലേ്ക്കുയരുമ്പോൾ, വായുവിന്റെ മുകളിലേക്കുള്ള തള്ളൽ പിന്നെയും ഏറെ കുറയുകയാണുണ്ടാവുക.

സ്റ്റാൾ എന്നു പറയുന്ന ഈ അവസ്ഥിൽ വിമാനം കല്ലിട്ടതുപോലെ താഴേക്കു പതിക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News