
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മി നാടുവാഴിത്തത്തിനുമെതിരായി പോരാടി കഴുമരമേറിയ കയ്യൂർ സഖാക്കളുടെ ഓർമകൾ എന്നും പുരോഗമന പ്രസ്ഥാനങ്ങളുടെ പോരാട്ടങ്ങൾക്ക് ഊർജ്ജമാണ്. കയ്യൂരിൻ്റെ ചുവന്ന മണ്ണിൽ നിന്നാണ് 24-ാം പാർടി കോൺഗ്രസിൻ്റെ ഭാഗമായി കൊല്ലത്ത് നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിൻ്റെ പൊതുസമ്മേളന നഗരിയിലുയർത്താനുള്ള ചെമ്പതാക എത്തിക്കുന്നത്.
എട്ട് പതിറ്റാണ്ടിനിപ്പുറവും ലോകത്തിന് വെളിച്ചമായി തിളങ്ങി നിൽക്കുകയാണ് കയ്യൂർ. 1943 മാർച്ച് 29 ന്റെ പുലരിയിൽ കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽക്കെട്ടുകൾക്ക് പുറത്തേക്ക് ഉയർന്നു കേട്ട മാനവമോചന മുദ്രാവാക്യം. സാമ്രാജ്യത്വത്തിന് മുന്നിൽ തലയുയർത്തി മുദ്രാവാക്യം മുഴക്കി കഴുമരമേറിയ കമ്യൂണിസ്റ്റ് ധീരർ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ഠൻ, പൊടോര കുഞ്ഞമ്പു നായർ, പള്ളിക്കാൽ അബൂബക്കർ.
Also Read: സിപിഐഎം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം മെഗാ തിരുവാതിര സംഘടിപ്പിച്ചു
ജന്മിത്വത്തിനും നാടുവാഴിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനുമെതിരായി 1940 കളിൽ നടന്ന കർഷക സമര പോരാട്ടങ്ങളിൽ മദ്രാസ് പ്രോവിന്‍സിന്റെ ഭാഗമായിരുന്ന കയ്യൂരും പരിസര പ്രദേശങ്ങളും തിളച്ചു മറിഞ്ഞ കാലം. കർഷക സംഘം പ്രതിഷേധ ജാഥകൾക്കിടയിൽപ്പെട്ട് പുഴയിൽ ചാടിയ സുബ്ബരായൻ എന്ന പോലീസുകാരൻ മുങ്ങി മരിച്ചു. കേസിൽ 60 പേരെ പ്രതി ചേർത്ത് വിചാരണ ചെയ്തു. മൂന്നാം പ്രതിയായിരുന്ന ഇ കെ നായനാരെ പിടികൂടാനാവാത്തതിനാൽ കേസിൽ നിന്നൊഴിവാക്കി. പ്രായപൂർത്തിയാവാത്തതിനാൽ ചൂരിക്കാടൻ കൃഷ്ണൻ നായരുടെ വധ ശിക്ഷ ഒഴിവാക്കി. നാല് പേരെ തൂക്കിലേറ്റിയതിന് പുറമെ നിരവധി പേരെ ജയിലിലടച്ചു.
കയ്യൂർ സഖാക്കൾ കൊലമരത്തിലേക്ക് നടന്നു കയറിയതിന് തൊട്ട് പിന്നാലെയായിരുന്നു ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ പ്രഥമ പാർട്ടി കോൺഗ്രസ് ബോബൈയിൽ നടന്നത്. അതിലേക്ക് കയ്യൂരിൽ നിന്ന് പ്രത്യേകം പ്രതിനിധികളെ ക്ഷണിച്ചത് ചരിത്രം. കാലങ്ങൾക്കിപ്പുറവും തേജസ്വിനിക്കരയിൽ നിന്ന് ലോകത്താകെയുള്ള വിപ്ലവ പോരാട്ടങ്ങളെ കനലൂതി ജ്വലിപ്പിക്കുകയാണ് കയ്യൂർ.
Also Read: ത്യശ്ശൂർ പൂരത്തിൻ്റെ മുന്നൊരുക്കങ്ങൾ നേരിട്ടെത്തി വിലയിരുത്തി മുഖ്യമന്ത്രി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

