
വി എസ് എന്ന അതികായന്റെ രാഷ്ട്രീയ ജീവിതം ആധുനീക കേരള ചരിത്രത്തിന്റെ നേർ സാക്ഷ്യമാണ്. ഏതാണ്ട് കേരള രൂപീകരണത്തോളം തന്നെ പഴക്കമുണ്ട് തലസ്ഥാന നഗരിയായ തിരുവനന്തപുരവും വി എസും തമ്മിലുള്ള ബന്ധത്തിന് .
ലോകത്തിലാദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ് മന്ത്രി സഭയുടെ സ്ഥാനമേൽക്കൽച്ചടങ്ങിന് നിയുക്ത മുഖ്യമന്ത്രി ഇ.എം.എസിനൊപ്പമാണ് പ്രധാനമായും തലസ്ഥാനത്തേക്ക് വി എസ് എത്തുന്നത്. സർക്കാർ അധികാരത്തിലെത്തുന്നതിന് മുന്നേ ആലപ്പുഴ വലിയ ചുടുകാട്ടിൽ രക്തസാക്ഷികൾക്കും മണ്മറഞ്ഞ കമ്മ്യൂണിസ്റ് നേതാക്കന്മാർക്കും ആദരാഞ്ജലി അർപ്പിക്കാനായി എത്തിയതായിരുന്നു ഇ എം എസ് . അവിടുന്ന് മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ കൂടെ തൊട്ടടുത്ത വാഹനത്തിൽ അന്നത്തെ സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി കൂടിയായിരുന്ന വി.എസ്.അച്യുതാനന്ദനുമുണ്ടായിരുന്നു.
അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നേടിയ ചരിത്ര വിജയത്തിൽ സുപ്രധാന പങ്ക് വഹിച്ചയാളായിരുന്നു വി എസ് . ഏറ്റവും കൂടുതൽ കമ്യൂണിസ്റ്റ് സ്ഥാനാർഥികളെ വിജയിപ്പിച്ച ജില്ലാ സെക്രട്ടറിയെന്ന നിലയിൽ അദ്ദേഹം ആ തെരഞ്ഞെടുപ്പിൽ തന്നെ ശ്രദ്ധ നേടി . ആ വർഷം അവിഭക്ത കമ്മ്യൂണിസ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി വി എസ് തെരഞ്ഞെടുത്തു. അതോടെ ആലപ്പുഴ പോലെ തിരുവനന്തപുരവും വി എസിന്റെ പ്രധാന തട്ടകമായ മാറി.
1967 -ൽ അമ്പലപ്പുഴയെ പ്രതിനിധീകരിച്ച് ആദ്യമായി നിയമസഭയിലെത്തിയ അദ്ദേഹം എംഎൽഎ ഹോസ്റ്റലിലെ അന്തേവാസിയായി. തലസ്ഥാനത്തെത്തിയാൽ പാളയം മാർക്കറ്റിനടുത്തെ പഴയ പാർട്ടി ഓഫീസിൽ ആയിരുന്നു താമസം. 1980 ൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ വി.എസിന്റെ കർമരംഗം പൂർണമായും തിരുവനന്തപുരമായി. പാർട്ടി ഓഫിസിൽ തന്നെയായിരുന്നു തിരുവനന്തപുരത്തെത്തിയാൽ വി എസ് താമസിച്ചിരുന്നത്.
1992 , 2001 , 2011 എന്നിങ്ങനെ പ്രതിപക്ഷ നേതാവായിരുന്നപ്പോഴൊക്കെ കന്റോൺമെന്റ് ഹൗസിലിരുന്നാണ് അദ്ദേഹം സമരപോരാട്ടങ്ങളെല്ലാം ആവിഷ്കരിച്ചത്. 2006 ൽ കേരളത്തിന്റെ മുഖ്യമന്ത്രിയായതോടെ ക്ലിഫ് ഹസ്സിലായി പിന്നീടുള്ള താമസം. അന്നത്തെ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തിരുവനന്തപുരത്തിന് മറക്കാൻ സാധിക്കില്ല. വി.എസിനെ കാണാനെത്തിയ ജനസാഗരത്തെ കണക്കിലെടുത്ത് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞ ചടങ്ങ് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് മാറ്റി. സത്യപ്രതിജ്ഞാച്ചടങ്ങിന് കേരളം അതുവരെ കാണാത്ത തരത്തിൽ ജനഞ്ചയം ഒഴുകിയെത്തി.
ALSO READ: 2006-ല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്കെത്തിയ ജനനായകൻ
2016 ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ വി.എസ്. ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാനായതോടെ പിന്നീടങ്ങോട്ട് കവടിയാറിലെ ഔദ്യോഗികവസതിയിലായിരുന്നു താമസം. 2021-ൽ സ്ഥാനം ഒഴിഞ്ഞതോടെ മകൻ അരുൺ കുമാറിന്റെ ബാർട്ടൺഹിലിനു സമീപത്തെ ‘വേലിക്കകത്ത്’ വീട്ടിലായിരുന്നു അവസാനം വി.എസ്.അച്യുതാനന്ദന്റെ താമസം. വി എസിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറിയ പങ്കും ചെലവഴിച്ചത് തിരുവനന്തപുരത്താണെന്നുതന്നെ പറയാം. എന്നാൽ സ്വന്തമായി ഒരു വീടുപോലും തിരുവനന്തപുരത്ത് ഉണ്ടാക്കാൻ വി എസ് എന്ന കറകളഞ്ഞ കമ്മ്യൂണിസ്റ് ശ്രമിച്ചില്ല.
ഇന്നും ചെറിയൊരു ബാഗും തൂക്കി പാളയത്ത് ബസിറങ്ങി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കു നടന്നുപോകുന്ന വി.എസിനെ ഉള്ളിലൊരു പുഞ്ചിരിയോടെ തിരുവനന്തപുരം ഓർത്തെടുക്കാറുണ്ട് .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

