എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തില്‍ നിന്ന് പരിണാമ സിദ്ധാന്തം ഒഴിവാക്കിയത് പ്രതിഷേധാർഹം: മന്ത്രി വി ശിവന്‍കുട്ടി

എൻ.സി.ഇ.ആർ.ടി 9, 10 ക്ലാസ്സുകളിലെ  പരിണാമസിദ്ധാന്തം എന്ന ഭാഗം ഒ‍ഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഡൈവേ‍ഴ്സിറ്റി ഓഫ് ലിവിങ് ഓര്‍ഗാനിസംസ് (Diversity of Living Organisms) എന്ന 9-ാം ക്ലാസിലെ 7-ാമത്തെ അധ്യായവും ഇതിന്റെ തുടര്‍ച്ചയായി വരുന്ന  10-ാം ക്ലാസിലെ ഹെറിഡിറ്ററി ആന്‍ഡ് എവലൂഷന്‍  (Heredity and Evolution) എന്നിവയെയാണ് ഒ‍ഴിവാക്കിയതെന്ന് വിശിദാംശങ്ങളടക്കം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ഭൂമിയിലെ ജീവന്റെ പരിണാമം മനസിലാക്കാതെ പോകുന്ന ഹൈസ്‌കൂൾ കുട്ടിക്ക് പുതിയ ജീവിവർഗം എങ്ങനെ ആവിർഭവിക്കുന്നതെന്ന് ശാസ്ത്രീയമായി വിശദീകരിക്കാനോ മനസ്സിലാക്കാനോ കഴിയാതെ വരുന്നത് അവരുടെ ശാസ്ത്രചിന്തയെ പിന്നോട്ടടിക്കുന്നതിന് കാരണമാകുമെന്നും ‍മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ കേരളത്തിന്‌ കൃത്യമായ പുരോഗമനപരമായ നിലപാട് ഉണ്ടെന്നും ആ നിലപാടുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പരിണാമ സിദ്ധാന്തം ഒഴിവാക്കിയത് പ്രതിഷേധാര്‍ഹം
എന്‍.സി.ഇ.ആര്‍.ടി. 9, 10 ക്ലാസ്സുകളില്‍ പരിണാമസിദ്ധാന്തം
എന്ന ഭാഗം ഒഴിവാക്കിയത് സംബന്ധിച്ച്
Rationalisation of Content ന്റെ ഭാഗമായി എന്‍.സി.ഇ.ആര്‍.ടി.യുടെ 9 ലെയും 10 ലെയും പരസ്പരം ബന്ധപ്പെട്ട രണ്ട് പാഠഭാഗങ്ങളാണ് ഒഴിവാക്കിയിട്ടുള്ളത്. 9-ാം ക്ലാസിലെ 7-ാമത്തെ അധ്യായമായ Diversity of Living Organisms ആണ് ഒന്ന്. ജീവികളിലെ variation (ജനിതകമാറ്റങ്ങള്‍) ആണ് പരിണാമത്തിലേക്ക് നയിക്കുന്നതെന്ന് 9-ലെ പാഠഭാഗത്തില്‍ പറയുന്നുണ്ട്.
ഈ പാഠഭാഗത്തിന് തുടര്‍ച്ചയായി വരുന്ന ജീവികളുടെ വര്‍ഗീകരണശാസ്ത്രവുമായി ബന്ധപ്പെട്ട 10-ാം ക്ലാസിലെ ഒഴിവാക്കിയ പാഠഭാഗമാണ് Heredity and Evolution. ഇതിലെ Heredity (പാരമ്പര്യം) എന്ന ഭാഗം നിലനിര്‍ത്തുകയും എന്നാല്‍ ജീവികളുടെ പരിണാമത്തെപ്പറ്റിയും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെപ്പറ്റിയും വിശദീകരിക്കുന്ന Evolution (പരിണാമം) എന്ന ഭാഗവുമാണ് ഒഴിവാക്കിയിട്ടുള്ളത്. Heredity എന്ന ഭാഗവുമായി പരസ്പരബന്ധമുള്ള ഭാഗമാണുതാനും Evolution.
പരിണാമത്തെപ്പറ്റിയും പരിണാമസിദ്ധാന്തത്തെപ്പറ്റിയും മനസിലാക്കുന്നതിന് കഴിയാത്ത കുട്ടികള്‍ക്ക് ഫലത്തില്‍ ഭൂമിയില്‍ ജീവനുണ്ടായതിനെപ്പറ്റിയോ, ജീവപരിണാമത്തെപ്പറ്റിയോ ശാസ്ത്രീയമായ വിശദീകരണത്തിന് കഴിയാതെ വരും. ഭൂമിയിലെ ജീവന്റെ പരിണാമം മനസിലാക്കാതെ പോകുന്ന ഹൈസ്‌കൂള്‍ കുട്ടിക്ക് പുതിയ ജീവിവര്‍ഗം എങ്ങനെ ആവിര്‍ഭവിക്കുന്നതെന്ന് ശാസ്ത്രീയമായി വിശദീകരിക്കാനോ മനസ്സിലാക്കാനോ കഴിയാതെ വരുന്നത് അവരുടെ ശാസ്ത്രചിന്തയെ പിന്നോട്ടടിക്കുന്നതിന് കാരണമാകും.
DNA ഘടനയില്‍ കൂടുതല്‍ പഠനം നടക്കുന്നതും molecular biology ല്‍ കൂടുതല്‍ കണ്ടുപിടുത്തം നടക്കുന്നതുമായ ഈ കാലത്ത് ഒരുപാട് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജീവോല്‍പത്തിയെപ്പറ്റിയും ജീവപരിണാമത്തെപ്പറ്റിയും പ്രചരിക്കുന്നതിനും കുട്ടികളില്‍ അന്ധവിശ്വാസം വളരാനും ശാസ്ത്രബോധം വളരുന്നതിന് തടസമാകാനും ഈ പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതിലൂടെ കാരണമാകും.
കാലികപ്രസക്തിയുള്ള 9-ാം ക്ലാസിലെ ഒഴിവാക്കിയ മറ്റൊരു പാഠഭാഗമാണ് Why do we fall ill? (Chapter 13) എന്നത്. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിന് പ്രയാസം അനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും പ്രസക്തമായ 9-ാം ക്ലാസിലെ മറ്റൊരു യൂണിറ്റാണ്
‘Natural Resources’ (Chapter 14) എന്നത്. ഇങ്ങനെ പ്രാധാന്യമുള്ള 3 പാഠഭാഗങ്ങളാണ് 9-ാം ക്ലാസിലെ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടത്.
ഇക്കാര്യത്തില്‍ കേരളത്തിന് കൃത്യമായ പുരോഗമനപരമായ നിലപാട് ഉണ്ട്. ആ നിലപാടുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News