വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ സുരക്ഷിത സീറ്റായ കന്യാകുമാരിയില്‍ നിന്നും ഡിഎംകെ മുന്നണിയുടെ പിന്തുണയോടെ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാനാണ് നീക്കം. എം.പിമാര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തെപ്പറ്റി സൂചിപ്പിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യത്തിനായുള്ള നീക്കങ്ങള്‍ ദേശീയ തലത്തില്‍ സജീവമാണ്. കോണ്‍ഗ്രസ് തന്നെ ഇത്തരം ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നുവെന്ന വിമര്‍ശനം ഒഴിവാക്കാന്‍ കൂടിയാണ് രാഹുല്‍ ഗാന്ധി വയനാട് ഒഴിവാക്കി കന്യാകുമാരിയില്‍ മത്സരിക്കാന്‍ ഒരുങ്ങതെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കണമെന്ന രാഷ്ട്രീയ തീരുമാനം കോണ്‍ഗ്രസ് എടുത്തിട്ടുണ്ട്. വയനാട് കഴിഞ്ഞാല്‍ ഡിഎംകെ സഖ്യത്തിന്റെ പിന്തുണയുള്ള കന്യാകുമാരിയാണ് ദക്ഷിണേന്ത്യയില്‍ ഏറ്റവും സുരക്ഷിതമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ബംഗളൂരു റൂറലിനെക്കാള്‍ സുരക്ഷിതമാണ് കന്യാകുമാരി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ബംഗലൂരു റൂറലിനൊപ്പം കന്യാകുമാരിയും രാഹുല്‍ മത്സരിക്കേണ്ട മണ്ഡലങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു. എന്നാല്‍ അവസാന നിമിഷം കേരളത്തിലെ ചില നേതാക്കള്‍ ചരടുവലി നടത്തിയതോടെയാണ് രാഹുല്‍ കേരളത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മാറിയാല്‍ അദ്ദേഹത്തിന് പകരക്കാരനായി കെസി വേണുഗോപാല്‍ മത്സരിക്കുമെന്നും സൂചനകളുണ്ട്.

കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ മാര്‍ച്ച് 19ന് കൊച്ചിയിലെത്തിയ വേണുഗോപാല്‍ രാഹുല്‍ കന്യാകുമാരിയില്‍ മത്സരിക്കുമെന്ന കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല എന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ തീരുമാനമെടുക്കാന്‍ സമയമായില്ലെന്നാണ് ദേശീയ മാധ്യമത്തോട് വേണുഗോപാല്‍ പറഞ്ഞതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളത്തില്‍ നിന്ന് ഇനിയും രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ സഖ്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന വിമര്‍ശനം നിലവിലുണ്ട്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിച്ചത് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ ബിജെപി വിരുദ്ധ നിലപാടിനെ ദുര്‍ബലപ്പെടുത്തിയെന്ന വിമര്‍ശനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടിവേദികളില്‍ ഉന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ യുപിഎ സഖ്യത്തിന്റെ ഭാഗമായ എന്‍സിപി നേതാവ് ശരത്പവാര്‍ അടക്കമുള്ളവരും എതിര്‍ത്തിരുന്നു. കെസി വേണുഗോപാല്‍ അടക്കമുള്ള കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here