
ഇന്ത്യൻ ഉന്നത നീതിന്യായ വ്യവസ്ഥയിൽ പിന്നാക്ക് വിഭാഗങ്ങൾക്കും സ്ത്രീകൾക്കും അർഹമായ പ്രാതിനിധ്യം ഇന്നും വിദൂരമാണെന്ന് ഡോ ജോൺബ്രിട്ടാസ് എംപി. രാജ്യസഭയിൽ ഡോ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച് ചോദ്യത്തിനുള്ള മറുപടിയായ കേന്ദ്ര സർക്കാർ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലുള്ള വ്യക്തമായ കണക്കുകൾ വച്ചാണ് എംപി കാര്യം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
സ്ത്രീ പ്രാതിനിധ്യം പേരിനു മാത്രമാണ്. സുപ്രീം കോടതിയിൽ നിലവിൽ സേവനമനുഷ്ഠിക്കുന്ന 33 ജഡ്ജിമാരിൽ ഒരേയൊരു വനിത മാത്രമാണെന്ന് അദ്ദേഹം പറയുന്നു. കൂടാതെ ഒഴിവുകൾ നികത്തുന്നതിന് മെല്ലെപ്പോക്ക് സമീപനമാണ് സർക്കാരിനുള്ളതെന്നും ഹൈക്കോടതികളിൽ അനുവദിക്കപ്പെട്ട 1122 തസ്തികകളിൽ 312 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also read: വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷം ആദ്യമായി പ്രതികരിച്ച് ഫാറൂഖ് അബ്ദുള്ള
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ഇന്ത്യൻ ഉന്നത നീതിന്യായ വ്യവസ്ഥയിൽ പിന്നാക്ക വിഭാഗങ്ങൾക്കും സ്ത്രീകൾക്കും അർഹമായ പ്രാതിനിധ്യം ഇന്നും വിദൂരമാണ്. ഈ അസമത്വത്തിന്റെ കണക്കുകളാണ് ഇന്ന് ഞാൻ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര സർക്കാർ നൽകിയത്.
ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ നമ്മുടെ നീതിന്യായ വ്യവസ്ഥ എത്രത്തോളം പിന്നിലാണെന്ന് അടിവരയിടുന്നതാണ് 2018 മുതൽ 06.03.2026 വരെ ഹൈക്കോടതികളിൽ നിയമിതരായ ജഡ്ജിമാരുടെ കണക്കുകൾ:
- ആകെ: 849 ജഡ്ജിമാർ
- SC: 33 പേർ മാത്രം (3.89%)
- ST: 17 പേർ മാത്രം (2%)
- OBC: 104 പേർ (12.25%)
സ്ത്രീ പ്രാതിനിധ്യം പേരിനു മാത്രമാണ്. സുപ്രീം കോടതിയിൽ നിലവിൽ സേവനമനുഷ്ഠിക്കുന്ന 33 ജഡ്ജിമാരിൽ ഒരേയൊരു വനിത മാത്രം! ഹൈക്കോടതികളിൽ ആകെ സേവനമനുഷ്ഠിക്കുന്ന 810 ജഡ്ജിമാരിൽ വെറും 114 വനിതകൾ (ഏകദേശം 14.1%).
കൂടാതെ, ഒഴിവുകൾ നികത്തുന്നതിൽ മെല്ലെപ്പോക്ക് സമീപനമാണ് സർക്കാരിനുള്ളത്. ഹൈക്കോടതികളിൽ അനുവദിക്കപ്പെട്ട 1122 തസ്തികകളിൽ 312 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു. ഇതിൽ 132 ശുപാർശകൾ സർക്കാരിന്റെയും കൊളീജിയത്തിന്റെയും പരിഗണനയിലാണ്. ബാക്കി 180 ഒഴിവുകളിലേക്ക് ഹൈക്കോടതി കൊളീജിയങ്ങൾ ഇതുവരെ ശുപാർശകൾ പോലും നൽകിയിട്ടില്ല. ഈ കാലതാമസം കേസുകൾ കെട്ടിക്കിടക്കാനും സാധാരണക്കാരന് നീതി നിഷേധിക്കപ്പെടാനും കാരണമാകുന്നു.
ഏറ്റവും കൗതുകകരമായ വസ്തുത, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജുഡീഷ്യൽ ഇതര ജീവനക്കാരുടെ (Non-judicial staff) ജാതി തിരിച്ചുള്ള വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ പക്കൽ ലഭ്യമല്ല എന്നതാണ്. വിവരങ്ങൾ പോലും ശേഖരിക്കാത്ത സംവിധാനത്തിൽ നിന്ന് എങ്ങനെയാണ് സാമൂഹിക നീതി പ്രതീക്ഷിക്കാനാവുക?

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




