‘ഞങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ മരണസംഖ്യ കൂടുമായിരുന്നു’; രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു

മലപ്പുറം താനൂര്‍ പൂരപ്പുഴയിലുണ്ടായ ബോട്ടപകടം നാടിനെ നടുക്കിയിരിക്കുകയാണ്. 22 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. തങ്ങള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ മരണസംഖ്യ വര്‍ദ്ധിക്കുമായിരുന്നുവെന്ന് പറയുകയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ടിഡിആര്‍എഫ് സംഘം. അപകടം നടക്കുമ്പോള്‍ തങ്ങളും ബോട്ടില്‍ ഉണ്ടായിരുന്നുവെന്നും അല്‍പദൂരം പോയ ശേഷം ബോട്ട് കീഴ്‌മേല്‍ മറിയുകയായിരുന്നുവെന്നും ടിഡിആര്‍എഫ് ടീമിലുള്ള സവാദ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ സവാദിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Also Read: ‘പുക ഉയര്‍ന്നതോടെ മുകളിലേക്ക് കയറി; നിമിഷ നേരെ കൊണ്ട് ബോട്ട് തലകീഴായി മറിഞ്ഞു’ താനൂര്‍ ബോട്ടപകടത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി തങ്ങള്‍ സ്ഥിരമായി പൂരപ്പുഴയില്‍ പോകാറുണ്ടെന്ന് സവാദ് പറയുന്നു. ഇന്നലെ അങ്ങനെയാണ് അവിടെ എത്തിയത്. ആറ് മണിക്ക് ശേഷം സര്‍വീസ് നടത്തുന്നതിനെ തങ്ങള്‍ എതിര്‍ത്തിരുന്നു. അവസാനത്തെ ട്രിപ്പാണെന്ന് പറഞ്ഞതോടെ തങ്ങളും കയറുകയായിരുന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ തന്നെ ബോട്ട് ഒരു വശത്തേയ്ക്ക് ചരിയുകയും തലകീഴായി മറിയുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുള്ളതുകൊണ്ട് ബോട്ടില്‍ മുങ്ങിയ തങ്ങള്‍ പൊങ്ങിയത് പുറത്താണ്. തലകീഴായി മുങ്ങുകയായിരുന്ന ബോട്ടിനെ തങ്ങള്‍ ചരിച്ചുനിര്‍ത്തി. അല്ലാത്ത പക്ഷം അപകടത്തിന്റെ വ്യാപ്തി വീണ്ടും കൂടുമായിരുന്നു. ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ശീലമുണ്ടായിരുന്ന ആരും ഉണ്ടായിരുന്നില്ലെന്നും സവാദ് പറഞ്ഞു.

അപകടത്തില്‍പ്പെട്ട പലരും ബോട്ടില്‍ കുടുങ്ങിയിരുന്നു. ബോട്ടിന്റെ ഗ്ലാസ് തകര്‍ത്തും ബോട്ട് തന്നെ തകര്‍ത്തുമാണ് പലരേയും പുറത്തെടുത്തത്. ഇതില്‍ ഒരു സ്ത്രീയുടെ ജാക്കറ്റ് ഗ്ലാസില്‍ കുടുങ്ങിയതുകൊണ്ട് പുറത്തെടുക്കാന്‍ പാടുപെട്ടു. ജാക്കറ്റ് പൊട്ടിച്ചാണ് ഇവരെ പുറത്തെടുത്തതെന്നും സവാദ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News