‘തൂവലുകള്‍ക്കിടയില്‍ കൊടിയ വിഷം’; ഈ പക്ഷികളെ തൊട്ടാല്‍ മരണം ഉറപ്പ്

പലതരത്തിലുള്ള പക്ഷികളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. അവയില്‍ പലതിനേയും നാം നേരിട്ടു കണ്ടിട്ടുമുണ്ട്. എന്നാല്‍ തൂവലുകള്‍ക്കിടയില്‍ കൊടിയ വിഷം ഒളിപ്പിച്ചു കഴിയുന്ന പക്ഷികളെക്കുറിച്ച് അധികമാളുകള്‍ കേള്‍ക്കാന്‍ വഴിയില്ല. ഇവയെ തൊട്ടാലുടന്‍ മരണം സംഭവിക്കുമെന്നാണ് ഒരുകൂട്ടം ഗവേഷകര്‍ പറയുന്നത്. പാച്ചിസെഫാല ഷ്‌ലെഗലി, അലെന്ദ്രിയാസ് റുഫിനുക എന്നീ രണ്ട് സ്പീഷിസുകളിലെ പക്ഷികളാണ് അപകടകാരികള്‍.

പുറമേ നിന്ന് നോക്കിയാല്‍ അതിമനോഹരങ്ങളായ ഈ പക്ഷികള്‍ അപകടകാരികളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. ഏകദേശം ചൂളക്കാക്കയെപ്പോലെയുള്ള ഈ പക്ഷികള്‍ ന്യൂഗിനിയ കാടുകളിലാണ് ജീവിക്കുന്നത്. നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകരാണ് പക്ഷികളെക്കുറിച്ച് ഗവേഷണം നടത്തിയത്. വിഷമുള്ള ആഹാരം ഭക്ഷിച്ച ശേഷം അത് അതിവേഗത്തില്‍ വിഷമായി മാറ്റാനുള്ള കഴിവ് ഈ പക്ഷികള്‍ക്കുണ്ട്. വിഷം സ്വന്തം ശരീരത്തിലുണ്ടെങ്കിലും അതുകൊണ്ട് ഈ പക്ഷികള്‍ക്ക് മറ്റ് പ്രശ്‌നങ്ങളുണ്ടാകില്ലെന്നും നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകര്‍ പറയുന്നു

തെക്കന്‍, മധ്യ അമേരിക്കന്‍ നാടുകളില്‍ കണ്ടുവരുന്ന ചില തവളകള്‍ വിഷം പുറപ്പെടുവിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇവയെ പിടിക്കുന്ന പക്ഷം മനുഷ്യര്‍ക്ക് മരണം സംഭവിക്കും. ഇതിന് സമാനമായ വിഷമാണ് പാച്ചിസെഫാല ഷ്‌ലെഗലി, അലെന്ദ്രിയാസ് റുഫിനുക വിഭാഗത്തില്‍പ്പെടുന്ന പക്ഷികള്‍ പുറപ്പെടുവിക്കുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷികളിലൂടെ നിരവധിയിടങ്ങളിലേക്ക് വിഷം എത്തപ്പെടാമെന്നത് അപകടകരമാണ്. ഇവയുമായുള്ള നേരിയ സമ്പര്‍ക്കം പോലും മനുഷ്യജീവന് അപകടകരമായേക്കാമെന്ന് ഗവേഷകര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News