എഫ്എം ചാനലുകളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രം

എഫ്എം ചാനലുകളില്‍ പ്രാദേശിക ഭാഷകള്‍ക്ക് പകരം ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന വിഷയത്തില്‍ വ്യക്തമായ ഉത്തരമില്ലാതെ കേന്ദ്ര സര്‍ക്കാര്‍. ഡോ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കാത്തത്. പ്രാദേശിക എഫ്എം ചാനലുകളില്‍ പ്രാദേശിക ഭാഷകള്‍ക്ക് പകരം ഹിന്ദി ഭാഷയിലുള്ള പരിപാടികള്‍ കൂടുതലായി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?, പ്രാദേശിക ഭാഷകളിലുള്ള പരിപാടികളുടെ സമയക്രമം പുനഃസ്ഥാപിക്കുമോ? തുടങ്ങിയ ചോദ്യങ്ങളാണ് ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ചത്.

ഭൂമിശാസ്ത്രം, വംശീയത, വിശ്വാസം, ഭാഷ, സംസ്‌കാരം എന്നിവ കണക്കിലെടുത്ത് ശ്രോതാക്കളുടെ അഭിരുചിക്കനുസരിച്ച് പരിപാടികളുടെ ഉള്ളടക്കത്തെ കുറിച്ച് തുടര്‍ച്ചയായ വിലയിരുത്തലുകള്‍ ആകാശവാണി നടത്താറുണ്ടെന്ന് പ്രസാര്‍ഭാരതി അറിയിച്ചിട്ടുണ്ടെന്ന തികച്ചും അപ്രസക്തമായ മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. മാത്രമല്ല നിലവില്‍ ആകാശവാണി രാജ്യത്തുടനീളമുള്ള അവരുടെ ചാനലുകളിലൂടെ 23 പ്രധാന ഭാഷകളിലും 181 പ്രാദേശിക ഭാഷകളിലും പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്ന ഒഴുക്കന്‍ മറുപടിയും കേന്ദ്രം നല്‍കി.

ആകാശവാണിയുടെ കീഴിലുള്ള എഫ്എം ചാനലുകളിലെ പ്രാദേശിക ഭാഷാ പരിപാടികളുടെ സമയക്രമം അട്ടിമറിച്ച് ഹിന്ദി ഭാഷാ പരിപാടികള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതിനെ കുറിച്ച് എന്തെങ്കിലും വിശദീകരണമോ മറുപടിയോ നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല. മറിച്ച് സ്വകാര്യ എഫ്എം ചാനലുകള്‍ ഒരു ദിവസത്തെ അവരുടെ സംപ്രേക്ഷണത്തില്‍ 20% എങ്കിലും പ്രാദേശിക ഭാഷയിലുള്ള പരിപാടികള്‍ ഉള്‍പ്പെടുത്തുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളതായി പറഞ്ഞ് ഈ വിഷയത്തെ നിസാരവല്‍കരിക്കുക കൂടിയാണ് കേന്ദ്രം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News