
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വിധിയുണ്ടാകുമെന്ന് എം എ ബേബി.
സംസ്ഥാനത്ത് യാതൊരുവിധ ഭരണവിരുദ്ധ വികാരവുമില്ല. എകസിറ്റ് പോളുകളിൽ വിവിധ സർവേകൾ വിവിധ ഫലങ്ങളാണ് പുറത്ത് വിടുന്നത്. ചാണക്യ പോലുള്ള ഏജൻസികൾ ഇഞ്ചോടിച്ച് പോരാട്ടമാണെന്നാണ് പറയുന്നത്. അഞ്ച് വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിലും എക്സിറ്റ് പോളുകൾ എൽ ഡി എഫിന് പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിച്ചിരുന്നു.
അന്ന് 80-85 സീറ്റുകൾ പ്രവചിക്കപ്പെട്ട എൽ ഡി എഫ് 99 സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തിയത്. അതിനാൽ തന്നെ ഇപ്പോൾ പ്രവചിക്കപ്പെട്ട കണക്കുകളിൽ നിന്ന് വ്യത്യസ്തമായി ഇടതുമുന്നണിക്ക് അനുകൂലമായ ഫലമുണ്ടാകും. മുഖ്യമന്ത്രിക്കെതിരായി ആസൂത്രിത നീക്കം പലരും നടത്തി അതൊന്നും വോട്ടർമാരെ ബാധിച്ചിട്ടില്ല. ഭൂരിപക്ഷ വോട്ടർമാരും പിണറായി വിജയന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നുണ്ടെന്നും, മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ ആളുകൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും സർവേകൾ വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രക്രിയ കേന്ദ്ര ഗവൺമെന്റും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ജനാധിപത്യ വിരുദ്ധമാക്കി. കേന്ദ്ര ഗവൺമെന്റിന്റെയും മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെയും ഉദ്യോഗസ്ഥരെ പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പലയിടത്തും പെരുമാറുന്നതെന്നും എം എ ബേബി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

