
ഐഎസ്എല്ലിലെ തങ്ങളുടെ അവസാന ഹോം മത്സരത്തിൽ എഫ്‌സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സീസൺ ഗംഭീരമായി അവസാനിപ്പിച്ചു. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആരാധകർ നൽകിയ ആവേശകരമായ അന്തരീക്ഷത്തിൽ നടന്ന പോരാട്ടത്തിൽ തകർപ്പൻ ജയം നേടിയതോടെ തുടർച്ചയായ ആറ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസൺ പൂർത്തിയാക്കിയത്.
മത്സരത്തിന്റെ തുടക്കത്തിൽ പന്തടക്കത്തിൽ ഗോവ മുന്നിട്ടുനിന്നെങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് അവരെ തടഞ്ഞു. ക്യാപ്റ്റൻ ഐബന്റെ നേതൃത്വത്തിൽ ഫല്ലോയും ഹോർമിപാമും പ്രതിരോധക്കോട്ട കെട്ടിയതോടെ ഗോവയ്ക്ക് മുന്നേറ്റങ്ങൾ നടത്താനായില്ല. ആദ്യ പകുതിയുടെ പകുതിയോടെ കളിയിൽ പിടിമുറുക്കിയ ബ്ലാസ്റ്റേഴ്‌സിനായി വിബിൻ നടത്തിയ ഒരു മികച്ച ഗോൾ ശ്രമം ഗോവ കീപ്പർ ബോബ് തട്ടിയകറ്റി. ഫ്രാഞ്ചുവും നിഹാലും ചേർന്നുള്ള മുന്നേറ്റങ്ങളും ആദ്യ പകുതിയിൽ ഗോവയ്ക്ക് ഭീഷണിയുയർത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കൊച്ചിയെ ഇളക്കിമറിച്ച് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടി. 48-ാം മിനിറ്റിൽ ബോക്സിന്റെ ഇടതുഭാഗത്തുനിന്നും കെവിൻ യോക്ക് തൊടുത്ത മനോഹരമായ ഒരു കേളിംഗ് ഷോട്ട് പോസ്റ്റിന്റെ മൂലയിലേക്ക് തുളച്ചുകയറി. ഐഎസ്എല്ലിൽ യോക്കിന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. എന്നാൽ 62-ാം മിനിറ്റിൽ നെമിലിലൂടെ ഗോവ സമനില പിടിച്ചു.
സമനില വഴങ്ങിയെങ്കിലും ആരാധകരുടെ പിന്തുണയോടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ആക്രമണം ശക്തമാക്കി. അതിന്റെ ഫലമായി 81-ാം മിനിറ്റിൽ വിജയഗോൾ പിറന്നു. ഫ്രാഞ്ചു എടുത്ത അപകടകരമായ കോർണർ കിക്ക് കൃത്യമായി കണക്ട് ചെയ്ത് ഫല്ലോ ലക്ഷ്യത്തിലെത്തിച്ചതോടെ സ്റ്റേഡിയം വീണ്ടും ആവേശത്തിലായി. അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ഗോവ കഠിനമായി ശ്രമിച്ചെങ്കിലും ഫല്ലോയുടെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വിജയം ഉറപ്പിച്ചു. തുടക്കത്തിലേ തകർച്ചയ്ക്കു ശേഷം ആഷ്ലി വെസ്റ്റ്വുഡ് പരിശീലക ചുമതല ഏറ്റെടുത്തതോടെ മികച്ച തിരിച്ചുവരവാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഒരു ഘട്ടത്തിൽ പോയിന്റ് നിലയിൽ ഏറെ പിന്നിലായിരുന്നു ടീം സീസൺ അവസാനിപ്പിക്കുന്നത് എട്ടാം സ്ഥാനക്കാർ ആയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

