
കോൺഗ്രസിനായി കേരളത്തിലേക്ക് പണമൊഴുക്കുന്നത് തുടർന്ന് രേവന്ത് റെഡ്ഡി. മലയാള ദിനപത്രങ്ങളിൽ കോടികളുടെ പരസ്യം നൽകിയത് വലിയ വിവാദമായിരിക്കെയാണ് ദൃശ്യ മാധ്യമങ്ങളിലേക്കും പരസ്യം വ്യാപിപ്പിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാനയിലെ രേവന്ത് റെഡ്ഡി സർക്കാർ കേരളത്തിലെ കോൺഗ്രസ് മുന്നണിയെ സഹായിക്കാൻ കോടികൾ ഒഴുക്കുന്നത് തുടരുകയാണ്. തെലങ്കാന സർക്കാർ സാധാരണക്കാർക്കായി നടപ്പാക്കിയ പദ്ധതികൾ എന്ന തരത്തിലാണ് കോടികൾ മുടക്കിയ പരസ്യങ്ങൾ. സമാനപദ്ധതികൾ കേരളത്തിൽ കോൺഗ്രസ് ഭരണത്തിലെത്തിയാൽ നടപ്പാക്കുമെന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് പരസ്യം. കോൺഗ്രസ് അനുകൂല ദിനപത്രങ്ങളായ മനോരമയിലും, മാതൃഭൂമിയിലും തുടർച്ചയായ ദിവസങ്ങളിൽ ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിലടക്കം കടുത്ത വിമർശനം ഉയർന്നതിനുപിന്നാലെ പിന്മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ ഏഷ്യാനെറ്റ് അടക്കമുള്ള ദൃശ്യമാധ്യമങ്ങളിലേക്ക് പരസ്യങ്ങൾ വ്യാപിപിച്ചിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് രേവന്ത് റെഡ്ഡി തെലങ്കാനയിൽ നടപ്പിലാക്കാമെന്ന് വാഗ്ദാനം നൽകുകയും നാളിതുവരെ നടപ്പാക്കാൻ കഴിയാത്തതുമായ പദ്ധതികളാണ് പരസ്യമായി ഉയർത്തിക്കാട്ടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് രാജസ്ഥാൻ സർക്കാരിന്‍റെ പരസ്യങ്ങളായിരുന്നു കേരളത്തിലെ മാധ്യമങ്ങളിൽ കോൺഗ്രസ് നൽകിയിരുന്നത്. എന്നാൽ രാജസ്ഥാനിലെ കോൺഗ്രസിന് ഭരണം നഷ്ടമായതോടെ പരസ്യത്തിന്‍റെ പേരിലുള്ള ഫണ്ടിങ്ങും നിന്നു.
തെലങ്കാനയിലെ കോൺഗ്രസ് എംഎൽഎമാരിൽ പോലും സർക്കാരിന്‍റെ ഈ പാഴ്ച്ചെലവുകളിൽ അമർഷമുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നുംചെയ്യാതെ, സർക്കാർ പണം ധൂർത്തടിക്കുന്നതിൽ തെലങ്കാനയിലെ പ്രതിപക്ഷപാർടികളും പൊതുജനങ്ങളും പ്രതിഷേധം തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

