
മഹാരാഷ്ട്ര ഭരണമുന്നണിയായ മഹായുതിയിൽ പൊട്ടിത്തെറി. ഫണ്ട് വകമാറ്റത്തില്‍ ഭിന്നത രൂക്ഷമായതോടെ മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബി ജെ പി കടുത്ത സമ്മര്‍ദത്തിലായി. ഉപമുഖ്യമന്ത്രിമാരായ അജിത് പവാറും ഏക്നാഥ് ഷിൻഡേയും തമ്മില്‍ നിലനില്‍ക്കുന്ന കിടമത്സരത്തിനിടെയാണ് ഫണ്ട് വകമാറ്റത്തില്‍ ഭിന്നത രൂക്ഷമായത്.
മഹായുതി സഖ്യം കൊട്ടിഘോഷങ്ങളോടെ തുടക്കമിട്ട ലാഡ്കി ബഹിണ്‍ പദ്ധതി നിലനിര്‍ത്താന്‍ സാമൂഹിക നീതി വകുപ്പില്‍ നിന്ന് ധനവകുപ്പ് ഫണ്ട് വകമാറ്റിയതാണ് മുന്നണിയില്‍ പൊട്ടിത്തെറിക്ക് കാരണമായത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപവീതം നല്‍കുന്ന പദ്ധതി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രഖ്യാപിച്ചത്. സാമൂഹിക നീതി വകുപ്പ് മന്ത്രിയും ഷിന്‍ഡെ പക്ഷത്തെ പ്രമുഖ നേതാവുമായ സഞ്ജയ് ഷിര്‍സാത്ത് ഫണ്ട് വകമാറ്റത്തില്‍ അജിത് പവാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
Read Also: അതിര്‍ത്തിയിൽ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍; സിവില്‍ ഡിഫന്‍സിന്റെ നിര്‍ണായക യോഗം ഇന്ന്
ഫണ്ട് ചട്ടവിരുദ്ധമായി വകമാറ്റിയത് തന്റെ അറിവോടെയല്ലെന്ന് ഷിര്‍സാത്ത് പരസ്യമായി പറഞ്ഞു. മുമ്പ് ബജറ്റ് അവതരണ സമയത്തും തന്റെ വകുപ്പില്‍ നിന്ന് 7,000 കോടി രൂപ വക മാറ്റിയിരുന്നുവെന്നും മന്ത്രി വെളിപ്പെടുത്തി. സാമൂഹികനീതി വകുപ്പിന്റെ വിഹിതത്തില്‍ നിന്ന് 413.30 കോടി രൂപ ലാഡ്കി ബഹിണ്‍ പദ്ധതിക്കായി വകമാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഷിര്‍സാത്ത് പ്രതികരിച്ചത്.
അജിത് പവാര്‍ ചെയ്തതിനെ ന്യായീകരിക്കാനാവില്ലെന്ന് ബി ജെ പി നേതാവും മന്ത്രിയുമായ ഗിരീഷ് മഹാജന്‍ തുറന്നടിച്ചു. ശിവസേനയും എന്‍ സി പിയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടെയാണ് ബി ജെ പി നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി ഫണ്ട് വകമാറ്റിയതില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

