
‘ഹാല്യു’ ട്രെൻഡ് അറിയാത്ത ഇന്ത്യക്കാർ ഉണ്ടാകില്ലല്ലോ. ഇന്ത്യയിൽ ‘ഹാല്യു’ എന്നറിയപ്പെടുന്ന കൊറിയൻ സംസ്കാരത്തിന്റെ സ്വാധീനം വൻതോതിൽ വർധിക്കുകയാണ്. 2022 മുതലാണ് കൊറിയൻ സാംസ്കാരിക സ്വാധീനം ഇവിടെ കൂടുതലായി പ്രകടമായി തുടങ്ങിയതെങ്കിലും, കൊവിഡ് കാലഘട്ടമാണ് ഇതിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചത്.
കുടുംബ ബന്ധങ്ങൾക്കും സൗന്ദര്യശാസ്ത്രത്തിനും ഭക്ഷണ സംസ്കാരത്തിനും പ്രാധാന്യം നൽകുന്ന ഈ കൊറിയൻ ശൈലി ഇന്ന് ഇന്ത്യൻ യുവാക്കളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. കൊവിഡ് മഹാമാരിക്കാലത്ത് ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൂടെ എത്തിയ കൊറിയൻ ഡ്രാമകളും (K-Drama) കെ-പോപും (K-Pop) ഇന്ത്യൻ യുവതയുടെ ഹൃദയത്തിലേയ്ക്ക് വേരിറങ്ങുകയായിരുന്നു. പ്രത്യേകിച്ചും ബി.ടി.എസ് പോലുള്ള സംഗീത ബാൻഡുകളുടെ ആരാധക വൃന്ദമായ ‘ആർമി’ (ARMY) രാജ്യത്ത് സജീവമായി. സ്ക്രീനുകളിൽ വികാരങ്ങൾ പ്രകടിപ്പിക്കാനും ക്ഷമ ചോദിക്കാനും മടിയില്ലാത്ത പുരുഷ കഥാപാത്രങ്ങളാണ് കെ-ഡ്രാമകളിലേയ്ക്ക് ഇന്ത്യൻ പ്രേക്ഷകരെ ആകർഷിക്കുന്ന പ്രധാന ഘടകം.
കൊറിയൻ ഭക്ഷണത്തോടുള്ള താല്പര്യം മെട്രോ നഗരങ്ങളിൽ വലിയ തോതിലാണ് വർധിച്ചിട്ടുള്ളത്. സ്വിഗ്ഗിയുടെ ഡേറ്റ റിപ്പോർട്ട് അനുസരിച്ച് ബംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിൽ കൊറിയൻ ഭക്ഷണത്തിനുള്ള ഓർഡറുകളിൽ 50 ശതമാനത്തോളമാണ് വർധിച്ചത്.
ഓവർ സൈസ്ഡ് വസ്ത്രങ്ങളും സ്നീക്കറുകളും ഉൾപ്പെടുന്ന കൊറിയൻ ഫാഷനും, ‘ഗ്ലാസ് സ്കിൻ’ എന്നറിയപ്പെടുന്ന സൗന്ദര്യ സങ്കൽപ്പങ്ങളും യുവാക്കൾക്കിടയിൽ തരംഗമാണ്. വിനോദത്തിന് പുറമെ, കൊറിയൻ ഭാഷ പഠിക്കാനുള്ള താല്പര്യവും ഇന്ത്യയിൽ ഇപ്പോൾ ഏറിവരികയാണ്. 13-നും 22-നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ കൊറിയൻ ഭാഷാ പഠിതാക്കളുടെ എണ്ണത്തിൽ പ്രതിവർഷം 75 ശതമാനത്തോളം വർധനവുണ്ടാകുന്നുവെന്നാണ് കണക്കുകളും സൂചിപ്പിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


