
നിങ്ങളുടെ കുട്ടികൾ പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി സ്കൂളിൻ്റെ ആദ്യപടികൾ ചവിട്ടിയിരിക്കുകയാണ്. രക്ഷിതാക്കളുടെ തണലിൽ നിന്നും അവർ പറന്നുയരാനുള്ള തയ്യാറെടുപ്പിലായിരിക്കും. അവർക്ക് ജീവിതത്തിൽ ബോധ്യമുണ്ടാകേണ്ട ഒന്നാണ് റോഡ് സുരക്ഷയേയും മറ്റ് കാര്യങ്ങളേയും പറ്റിയിട്ടിള്ള ധാരണകൾ. അതിനായി വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിരിക്കുയാണ് മോട്ടോർ വാഹന വകുപ്പ്. എന്തൊക്കെ ശ്രദ്ധിക്കണമെന്ന നിർദ്ദേശം അവർ തരുന്നു. ഫേസ്ബുക്കിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.
Also read: പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നുമുതൽ എല്ലാം അടിമുടി മാറും, അഞ്ച് മാറ്റങ്ങൾ അറിഞ്ഞോളൂ
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ആദ്യക്ഷരങ്ങളോടൊപ്പം റോഡ് സുരക്ഷയുടെ ആദ്യാക്ഷരങ്ങളും കുഞ്ഞുങ്ങൾ പഠിക്കട്ടെ!
1.എപ്പോഴും ഫുട്പാത്ത് ഉപയോഗിക്കുക: റോഡിലൂടെ നടക്കുമ്പോൾ എപ്പോഴും ഫുട്പാത്തിലൂടെ മാത്രം നടക്കുക. ഫുട്പാത്ത് ഇല്ലാത്ത റോഡുകളിൽ വലതുവശം ചേർന്ന് (എതിരെ വരുന്ന വാഹനങ്ങളെ മുഖാമുഖം കണ്ട്) വരിവരിയായി നടക്കാൻ ശ്രദ്ധിക്കുക.
2. റോഡ് മുറിച്ചുകടക്കാൻ സീബ്രാ ക്രോസിംഗ്: റോഡ് മുറിച്ചുകടക്കേണ്ടി വരുമ്പോൾ എപ്പോഴും സീബ്രാ ക്രോസിംഗ് (Zebra Crossing) മാത്രം ഉപയോഗിക്കുക. സിഗ്നലുകളോ ട്രാഫിക് പോലീസോ ഉള്ള സ്ഥലങ്ങളിൽ അവരുടെ നിർദ്ദേശങ്ങൾ പാലിക്കുക.
3. ഇടത്തോട്ടും വലത്തോട്ടും നോക്കുക: സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടക്കുന്നതിന് മുൻപ് ആദ്യം വലത്തോട്ടും, പിന്നീട് ഇടത്തോട്ടും, വീണ്ടും വലത്തോട്ടും നോക്കി വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം നടക്കുക.
4. ഓടരുത്, നടക്കുക: റോഡ് മുറിച്ചുകടക്കുമ്പോഴോ റോഡിലൂടെ നടക്കുമ്പോഴോ യാതൊരു കാരണവശാലും ഓടരുത്. പരിഭ്രമമില്ലാതെ നേരെ നടന്ന് റോഡ് മുറിച്ചുകടക്കുക.
5. മൊബൈൽ ഫോണും ഇയർഫോണും ഒഴിവാക്കുക: റോഡിലൂടെ നടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഇയർഫോൺ വെച്ച് പാട്ട് കേൾക്കുന്നതും പൂർണ്ണമായും ഒഴിവാക്കുക. ഇത് വാഹനങ്ങളുടെ ഹോൺ ശബ്ദം കേൾക്കാതിരിക്കാൻ കാരണമാകും.
6. പാർക്ക് ചെയ്തിരിക്കുന്ന വലിയ വാഹനങ്ങളുടെയോ ബസുകളുടെയോ മുന്നിലോടെയോ പിന്നിലോടെയോ ആയി റോഡ് ക്രോസ് ചെയ്യരുത്. വലിയ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പെട്ടെന്ന് കുട്ടികളെ കാണാൻ കഴിഞ്ഞെന്ന് വരില്ല.
7. സ്കൂൾ ബസിലെ സുരക്ഷ: സ്കൂൾ ബസ് പൂർണ്ണമായി നിർത്തുന്നതിന് മുൻപ് അതിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കരുത്. ബസിനുള്ളിൽ യാത്ര ചെയ്യുമ്പോൾ കൈകളോ തലയോ ജനലിലൂടെ പുറത്തേക്കിടരുത്.
8. റോഡിലെ കളി അരുത്: സ്കൂൾ വിട്ടുകഴിഞ്ഞാൽ കൂട്ടുകാരോടൊപ്പം റോഡിൽ വെച്ച് കളിക്കുകയോ, പരസ്പരം തള്ളുകയോ ചെയ്യരുത്. ശ്രദ്ധ തിരിയുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകാം.
9. തിളക്കമുള്ള വസ്ത്രങ്ങൾ/ബാഗുകൾ: മഴക്കാലത്തോ കനത്ത മഞ്ഞുള്ളപ്പോഴോ ഇരുട്ടുള്ള സമയത്തോ യാത്ര ചെയ്യുമ്പോൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടാൻ പാകത്തിലുള്ള തിളക്കമുള്ള (Bright/Reflective) വസ്ത്രങ്ങളോ സ്കൂൾ ബാഗുകളോ ഉപയോഗിക്കുന്നത് സുരക്ഷിതമായിരിക്കും.
10. അപരിചിതരുടെ വാഹനം: പരിചയമില്ലാത്ത ആളുകൾ വാഹനം നിർത്തി ലിഫ്റ്റ് തരാമെന്ന് പറഞ്ഞാൽ യാതൊരു കാരണവശാലും അതിൽ കയറരുത്. ഈ വിവരം അപ്പോൾ തന്നെ അധ്യാപകരെയോ മാതാപിതാക്കളെയോ അറിയിക്കുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

