
ഛത്തീസ്ഗഡിൽ റോപ്പ്‌വേ ട്രോളി തകർന്ന് വീണ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ഛത്തീസ്ഗഡിലെ റായ്പൂരിനടുത്തുള്ള മഹാസമുണ്ടിൽ ആണ് അപകടം ഉണ്ടായത്. അപകടത്തിൽ റായ്പൂർ സ്വദേശിനി ആയുഷി സത്കർ ആണ് മരിച്ചത്. 29 വയസായിരുന്നു. അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. ബാഗ്ബഹ്‌റ ഖല്ലാരി മാതാ ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. കുന്നിൻ മുകളിലെ ക്ഷേത്രത്തിൽ നിന്ന് തീർഥാടകരുമായി താഴേക്ക് വരികയായിരുന്ന ട്രോളിയുടെ കേബിൾ പൊട്ടിയാണ് അപകടം ഉണ്ടയത്.
അപകടസമയത്ത് എട്ട് പേരാണ് ട്രോളിയിൽ ഉണ്ടായിരുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്ര ദർശനത്തിനെത്തിയവരാണ് അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

