അറിയപ്പെടുന്ന റൗഡിയെ കാപ്പ പ്രകാരം ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലടച്ചു

തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവന്ന കുപ്രസിദ്ധ റൗഡിയെ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കി. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഐപിഎസ്സിന്റെ ഈവര്‍ഷം ഫെബ്രുവരി 22 ലെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടറുടെ ഉത്തരവിലാണ് നടപടി.

കൊടുമണ്‍ രണ്ടാംകുറ്റി മഠത്തിനാല്‍ വീട്ടില്‍ നാരായണന്റെ മകന്‍ ഷിബു (40)വിനെയാണ് കരുതല്‍ തടങ്കലില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. കഴിഞ്ഞവര്‍ഷം നവംബര്‍ 25 ന് കൊടുമണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ പിറ്റേന്ന് അറസ്റ്റ് ചെയ്യപ്പെട്ട്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊട്ടാരക്കര സബ് ജയിലില്‍ കഴിഞ്ഞുവരികയാണ് ഇയാള്‍. കാപ്പ നിയമത്തിലെ വകുപ്പ് 3 പ്രകാരമാണ് ഇപ്പോള്‍ നടപടി.

അടിപിടി, കഠിന ദേഹോപദ്രവം, ചാരായം വാറ്റ്‌വില്‍പ്പന, കൊലപാതകശ്രമം, കാപ്പ നിയമലംഘനം, മോഷണം, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ നിലവില്‍ 6 ക്രിമിനല്‍ കേസുകളില്‍ കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇവകൂടാതെ നാല് കേസുകളില്‍ കൂടി പ്രതിയായ ഇയാള്‍ക്കെതിരെ അന്വേഷണം തുടര്‍ന്നുവരികയാണ്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട 6 കേസുകളുടെ അടിസ്ഥാനത്തിലാണ് നടപടിക്കായി പോലീസ് റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിച്ചത്.

സ്ഥിരമായി കുറ്റകൃത്യങ്ങളിലും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട്, ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സം സൃഷ്ടിച്ചുവന്ന ഇയാള്‍ക്കെതിരെ അടൂര്‍ എസ് ഡി എം സി യില്‍, അടൂര്‍ ഡി വൈ എസ് പി 107 സി ആര്‍ പി സി പ്രകാരമുള്ള നടപടിക്കായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന്, കോടതിയില്‍ വിചാരണ നടന്നുവരികയാണ്. പ്രതിക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്. കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ആയ മോഷണകേസില്‍ ലഭിച്ച ജാമ്യം റദ്ദാക്കാന്‍ കൊടുമണ്‍ പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കൂടാതെ കാപ്പ വകുപ്പ് 15 പ്രകാരം നടപടിക്കായി റേഞ്ച് ഡി ഐ ജി ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമുണ്ടായി. മൂന്നുമാസത്തേക്ക് സഞ്ചാരവിലക്ക് ഉത്തരവായെങ്കിലും, പിന്നീട് കേസില്‍ ഉള്‍പ്പെട്ടു. തുടര്‍ന്ന്, ഉത്തരവ് ലംഘിച്ചതിനു കാപ്പ നിയമമനുസരിച്ച് കേസെടുത്തു. പിന്നീട് വധശ്രമകേസില്‍ പെടുകയും റിമാന്റിലാവുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News