
ആഗോള ക്രൂയിസ് ടൂറിസം ബിസിനസ് രംഗത്ത് വമ്പന്‍ നിക്ഷേപവുമായി അമേരിക്കയിലെ മയാമി ആസ്ഥാനമായ ക്രൂയിസ് ഷിപ്പ് കമ്പനിയായ റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണല്‍. ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പുകളുടെ ഉടമസ്ഥരായ റോയല്‍ കരീബിയന്‍ രണ്ട് മെഗാ ഷിപ്പുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കി. ഇതുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ക്രൂയിസ് ഷിപ്പുകളായ ഐക്കണ്‍ ക്ലാസില്‍പ്പെട്ട രണ്ട് കപ്പലുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയത്. ഏകദേശം രണ്ട് ബില്യണ്‍ യു.എസ് ഡോളര്‍ വീതമാണ് ഇവയുടെ നിര്‍മാണച്ചെലവ്.
നിലവില്‍, ഐക്കണ്‍ ഓഫ് ദ സീസ്, സ്റ്റാര്‍ ഓഫ് ദ സീസ് എന്നിങ്ങനെ ഐക്കണ്‍ ക്ലാസില്‍പ്പെട്ട രണ്ട് ക്രൂയിസ് ഷിപ്പുകളാണ് റോയല്‍ കരീബിയന്‍ സര്‍വീസ് നടത്തുന്നത്. യഥാക്രമം 2023ലും 2025ലുമാണ് ഇവ നീറ്റിലിറങ്ങിയത്. ഐക്കണ്‍ സീരിസില്‍പ്പെട്ട മൂന്നാമത്തെ കപ്പലായ ലെജന്‍ഡ് ഓഫ് ദ സീസ് ഈവര്‍ഷം ഏതാനും മാസങ്ങള്‍ക്കകം എത്തും. നാലാമത്തെ കപ്പലായ ഹീറോ ഓഫ് ദ സീസ് 2027ലും അഞ്ചാമത്തേത് 2028ലും സര്‍വീസിനെത്തും. ഇതിനു പിന്നാലെയാണ് ആറാമത്തെയും ഏഴാമത്തെയും കപ്പലുകള്‍ കൂടി വരുന്ന വിവരം റോയല്‍ കരീബിയന്‍ പുറത്തുവിട്ടത്. ആറാമത്തെ കപ്പല്‍ 2029ലും ഏഴാമത്തെ കപ്പല്‍ 2030ലും എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 2030ഓടെ ഐക്കണ്‍ ക്ലാസില്‍പ്പെട്ട റോയല്‍ കരീബിയന്‍ കപ്പലുകളുടെ എണ്ണം ഏഴായി ഉയരും. നിലവില്‍, റോയല്‍ കരീബിയന്റെ ക്രൂയിസ് ഷിപ്പുകളില്‍ ഏറ്റവും വലുതാണ് ഐക്കണ്‍ ക്ലാസ് ക്രൂയിസ് ഷിപ്പുകള്‍. ഓരോ ഐക്കണ്‍ ക്ലാസ് ഷിപ്പുകളും 7600 വീതം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ളതാണ്.
Also Read: 20,000 ബിരുദധാരികളെ നിയമിക്കും; വമ്പൻ പ്രഖ്യാപനവുമായി ഇൻഫോസിസ്, പുതിയ തീരുമാനത്തിനുപിന്നിൽ
അത്യാഡംബരത്തിന്റെ മുഖമുദ്രയാണ് റോയല്‍ കരീബിയന്റെ ക്രൂയിസ് ഷിപ്പുകള്‍. പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന സുഖസൗകര്യങ്ങളാണ് ഇവയില്‍ ഉണ്ടാകുക. കടലില്‍ ഒഴുകുന്ന ഒരു ചെറിയ നഗരം തന്നെയെയാണ് ഈ കപ്പലുകള്‍. വിനോദസഞ്ചാരികളുമായി ലോകം ചുറ്റുന്നതാണ് ഇവ. റോയല്‍ കരീബിയന്റെ ഒയാസിസ് ക്ലാസില്‍പ്പെട്ട ക്രൂയിസ് ഷിപ്പുകളായ ഒയാസിസ് ഓഫ് ദ സീസ്, അലയര്‍ ഓഫ് ദ സീസ്, ഹാര്‍മണി ഓഫ് ദ സീസ്, സിംഫണി ഓഫ് ദ സീസ്, വണ്ടര്‍ ഓഫ് ദ സീസ്, ഉട്ടോപ്യ ഓഫ് ദ സീസ് എന്നിവ ഏറെ പ്രശസ്തമായവയാണ്. ആഗോള ക്രൂയിസ് ടൂറിസം മേഖലയില്‍ പ്രതിവര്‍ഷം കോടിക്കണക്കിനു ഡോളറിന്റെ ബിസിനസാണ് ഇതുവഴി നടക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

