ലോകം ഉറ്റുനോക്കുന്ന മെറ്റ് ഗാല; 142 കോടിയുടെ നെക്ലേസില്‍ തിളങ്ങി ഇന്ത്യന്‍ ശതകോടീശ്വരി

sudha

ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ വേദിയായ മെറ്റ് ഗാലയില്‍ ഈവര്‍ഷവും ഇന്ത്യന്‍ സാന്നിധ്യം ചര്‍ച്ചയായി. ഹോളിവുഡ് താരങ്ങളും ടെലിവിഷന്‍ സെലിബ്രിറ്റികളുമെല്ലാം അണിനിരന്ന മെറ്റ് ഗാലയില്‍ ശ്രദ്ധാകേന്ദ്രമായത് ഇന്ത്യയില്‍നിന്നുള്ള ഒരു ശതകോടീശ്വരിയായിരുന്നു. ഒന്നും രണ്ടുമല്ല 142 കോടി രൂപയുടെ നെക്ലേസ് അണിഞ്ഞെത്തിയ ഹൈദരാബാദ് സ്വദേശിനിയായ ശതകോടീശ്വരി സുധ റെഡ്ഡിയാണ് മെറ്റ് ഗാല വേദിയെ കീഴടക്കിയത്.

ത്രികോണാകൃതിയിലുള്ള വജ്രങ്ങള്‍ ചേര്‍ത്ത് വിക്ടോറിയന്‍ ശൈലിയിലാണ് നെക്ലേസിന്റെ ചെയിന്‍. 550 കാരറ്റ് വരുന്ന രത്‌നമാണ് നെക്ലേസിന്റെ മധ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുധയുടെ സ്വകാര്യ ശേഖരത്തിലുള്ളതാണ് 15 മില്യണ്‍ യു.എസ് ഡോളര്‍ (142 കോടി രൂപ) വിലമതിക്കുന്ന നെക്ലേസ് എന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ഇന്ത്യന്‍ ഡിസൈനാറായ മനീഷ് മല്‍ഹോത്ര രൂപകല്‍പ്പന ചെയ്ത വസ്ത്രത്തിലായിരുന്നു സുധ മെറ്റ് ഗാലയില്‍ എത്തിയത്.


142 കോടി രൂപയുടെ നെക്ലേസ് അണിഞ്ഞുള്ള ചിത്രം സുധ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു. ”ഹൈദരാബാദ് എന്റെ ഉത്ഭവം മാത്രമല്ല; അതൊരു ഭാഷയാണ്, ഒരു താളമാണ്, ഒരു ജീവിതരീതിയാണ്. ഈ രൂപത്തിലൂടെ, ദക്ഷിണേന്ത്യന്‍ ഭാവനയില്‍ ആഴത്തില്‍ വേരൂന്നിയതോടൊപ്പം ആഗോള വേദിയില്‍ അനായാസം നിലനില്‍ക്കാന്‍ കഴിയുന്ന ഒരു രൂപത്തിലേക്ക് അതിനെ വിവര്‍ത്തനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു”- സുധ റെഡ്ഡി കുറിച്ചു. 2021ലാണ് സുധ റെഡ്ഡി ആദ്യമായി മെറ്റ് ഗാലയില്‍ അരങ്ങേറ്റം കുറിച്ചത്. 2023ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലിലും സുധ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

Also Read: ആ മമ്മൂട്ടി സിനിമയിൽ നായികയായി ആദ്യം തീരുമാനിച്ചത് മഞ്ജു വാര്യറെ; താരം പിന്മാറിയതിന്റെ കാരണംപറഞ്ഞ് സംവിധായകൻ

ആരാണ് സുധ റെഡ്ഡി

ഹൈദരാബാദ് ആസ്ഥാനമായ മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് ഗ്രൂപ്പിന്റെ ഡയറക്ടറാണ് സുധ റെഡ്ഡി. കൂടാതെ സുധ റെഡ്ഡി ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയാണ് 47കാരിയായ സുധ. 2025ല്‍ 72ാമത് മിസ് വേള്‍ഡ് മത്സരത്തിനിടെ മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്റെ ഒരു സംരംഭമായ ബ്യൂട്ടി വിത്ത് എ പര്‍പ്പസിന്റെ ആദ്യത്തെ ആഗോള അംബാസഡറായി സുധയെ തിരഞ്ഞെടുത്തിരുന്നു.
1978 ഡിസംബര്‍ 10ന് ആന്ധ്രാപ്രദേശിലെ വുയ്യൂരില്‍ ജനിച്ച സുധ മൈക്രോബയോളജിയില്‍ ബിരുദം നേടി. പിന്നീട് ഫാഷനോടുള്ള താല്‍പര്യത്തെത്തുടര്‍ന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍നിന്നും ബിരുദം നേടിയിരുന്നു. വിദ്യാഭ്യാസം, സ്‌കോളര്‍ഷിപ്പുകള്‍, പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ശാക്തീകരണം എന്നിവയിലെ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതാണ് സുധ സ്ഥാപിച്ച സുധ റെഡ്ഡി ഫൗണ്ടേഷന്‍. യൂണിസെഫ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി ഫൗണ്ടേഷന്‍ സഹകരിച്ചിട്ടുണ്ട്.
വ്യവസായി മേഘ കൃഷ്ണ റെഡ്ഡിയെ വിവാഹം കഴിച്ച സുധയ്ക്ക് പ്രണവ്, മനസ് എന്നീ രണ്ട് ആണ്‍മക്കളുണ്ട്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലാണ് കുടുംബസമേതം സുധയുടെ താമസം. 2025ല്‍ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 10 ബിനിനസ് വനിതകളിലൊരാളായി സുധയെ തിരഞ്ഞെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News