അടിയന്തരാവസ്ഥ കാലത്തെ ആര്‍ എസ് എസ്

1975 ജൂണ്‍ 25 അര്‍ദ്ധരാത്രി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശുപാര്‍ശയെ തുടര്‍ന്ന് പ്രസിഡന്റ് ഫക്രുദ്ദീന്‍ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റായ് ബറേലിയില്‍ നിന്നുളള ഇന്ദിരാഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതിയുടെ വിധിയെ മറികടക്കുക എന്നതിലുമുപരി, രാജ്യത്ത് ഏകാധിപത്യ ഭരണസംവിധാനം നടപ്പിലാക്കുക എന്നതായിരുന്നു അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെഅടിസ്ഥാന ലക്ഷ്യം. രാജ്യത്ത് നെഹ്രുകുടുംബത്തിന്റെ ഏകാധിപത്യമെന്ന ലക്ഷ്യം നിറവേറ്റപ്പെട്ടില്ല. പക്ഷെ, കോണ്‍ഗ്രസ് (ഐ) എന്ന പാര്‍ട്ടിയുടെ നേതൃത്വം നെഹ്‌റു കുടുംബത്തിന് വീറ്റോ പവറുളള ഒരു സംവിധാനമായി മാറി. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷിക വേളയില്‍ കോണ്‍ഗ്രസ്സിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം രാഹുല്‍ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്കുമാണ്. പക്ഷെ, രാഹുലിനും പ്രിയങ്കയ്ക്കും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാന്‍ കേരളത്തില്‍ വരണം. റോബര്‍ട്ട് വാദ്രയെ ഡി എല്‍ എഫ് ഭൂമി ഇടപാട് കേസില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി ബി ജെ പിക്ക് 170 കോടി രൂപ കോഴ കൊടുത്തതില്‍ വരെ നെഹ്‌റു കുടുംബത്തിന്റെ ‘വീരസ്യങ്ങള്‍’ എത്തിനില്‍ക്കുന്നു.

അടിയന്തരാവസ്ഥക്കെതിരെ പോരാട്ടം നടത്തിയവരെന്ന് നിത്യേന പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്.ഇവരുടെ ഭരണശൈലിയാകട്ടെ, അടിയന്തരാവസ്ഥക്ക് സമാനമാണ്.പ്രതിഷേധിക്കുന്നവരെ ഉന്‍മൂലനം ചെയ്യുന്നതിനായി അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ഉപയോഗിച്ച അതേ പദമാണ് ഇന്ന് നരേന്ദ്രമോദിയും പ്രയോഗിക്കുന്നത് – ‘രാജ്യദ്രോഹം’

ഇന്ദിരാഗാന്ധിയുടെ കരുണതേടിയ ദേവരസ്

അടിയന്തരാവസ്ഥാ കാലത്ത് ഏറ്റവുമധികം മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയത് കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമായിരുന്നു. പ്രതിഷേധിച്ചവരില്‍ ആര്‍ എസ് എസ്സുകാരും ഉണ്ടായിരുന്നു. ആര്‍ എസ് എസ്സിന്റെ കരുത്തുറ്റ സംഘടനാ സംവിധാനവും അംഗബലവും കണക്കിലെടുക്കുമ്പോള്‍, പീഡനങ്ങള്‍ നേരിട്ടിരുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാല്‍, അടിയന്തരാവസ്ഥക്കാലത്തെ പീഡനങ്ങളുടെ കണക്ക് പറഞ്ഞ് രാജ്യത്ത് ഏറ്റവുമധികം പെന്‍ഷന്‍ വാങ്ങുന്നത് ആര്‍ എസ് എസ്സുകാരാണ്. ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശില്‍ 25, 000 രൂപവരെയാണ് പല ആര്‍ എസ് എസ്സുകാര്‍ക്കും ലഭിക്കുന്ന പെന്‍ഷന്‍.

അടിയന്തരാവസ്ഥകാലത്തെ അന്തര്‍ നാടകങ്ങള്‍ ‘ ദി ആര്‍ എസ് എസ്- എ മെനസ് ടു ഇന്ത്യ’ എന്ന പുസ്തകത്തില്‍ തെളിവുകള്‍ സഹിതം നിരത്തിയിട്ടുണ്ട്.പുറത്ത് ഇന്ദിരാഗാന്ധിക്കെതിരെ സമരം ചെയ്യുമ്പോള്‍ തന്നെ, ആര്‍ എസ് എസ് നേതാക്കള്‍ ഇന്ദിരാഗാന്ധിയുമായി സന്ധിചേരുന്നതിനായുളള അണിയറ നീക്കങ്ങള്‍ തകൃതിയായി നടത്തി. അടിയന്തരാവസ്ഥാകാലത്ത് മധുകര്‍ ദത്താത്രെയ ദേവരസ് ആയിരുന്നു ആര്‍ എസ് എസ്സിന്റെ സര്‍സംഘചാലക്. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ജനാധിപത്യ സംവിധാനം ഏറ്റവും കടുത്ത പ്രതിസന്ധി നേരിട്ടിരുന്ന കാലത്ത് ദേവരസ് മാതൃകയാക്കിയത് വി ഡി സവര്‍ക്കറുടെ ശൈലിയായിരുന്നു.

ആന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് മോചനം നേടാനായി 1913 നവംമ്പര്‍ 14ന് വി ഡി സവര്‍ക്കര്‍ ബ്രിട്ടിഷ് സര്‍ക്കാരിന് അയച്ച കത്തിലെ പ്രധാന വാചകം ഇങ്ങനെ:

‘ ദയ തോന്നി എന്നെ ജയിലില്‍ നിന്ന് മോചിപ്പിക്കണം.
എന്നെ മോചിപ്പിച്ചാല്‍ ബ്രിട്ടീഷുകാരോട് വിധേയത്വമുളളവനായി
ഞാന്‍ പ്രവര്‍ത്തിക്കും.വഴിതെറ്റിപ്പോയ ചെറുപ്പക്കാരെ
ഞാന്‍ ശരിയായ ദിശയില്‍ നയിക്കും’

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് പിന്നാലെ, 1975 ജൂണ്‍30ന് ദേവരസിനെ പൂനെയിലെ യര്‍വാദാ ജയിലില്‍ അടച്ചു.1975 ജൂലായ് 15 മുതല്‍ 1976 ജനുവരി 12 വരെയുളള കാലയളവില്‍ ദേവരസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ക്കയച്ചത് 9 കത്തുകള്‍. കത്തിലെ വാചകങ്ങള്‍ക്ക് സവര്‍ക്കര്‍ മാപ്പിരന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് അയച്ച കത്തുകളോട് സാദൃശ്യമുണ്ട്.

വ്യാപകമായ ക്രമക്കേട് നടന്നെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന്, യു പിയിലെ റായ്ബറേലി മണ്ധലത്തില്‍ നിന്ന് ഇന്ദിരാഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത് ,1975 ജൂണ്‍ 12ന് അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. ജൂണ്‍ 24ന് അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. ജൂണ്‍ 25 ന് അര്‍ദ്ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ജയിലിലടക്കപ്പെട്ട ദേവരസ് ഉടനെ ഇന്ദിരാഗാന്ധിക്ക് അഭിനന്ദനകത്തയച്ചു. താങ്കളുടെ തെരഞ്ഞെടുപ്പ് സംമ്പന്ധിച്ച് സുപ്രിംകോടതിയുടെ 5 അംഗബെഞ്ചില്‍ നിന്ന് അനുകൂല വിധി നേടാനായതില്‍ അഭിനന്ദിക്കുന്നു എന്നതായിരുന്നു കത്തിലെ വാചകം. പൗരാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയവരെയെല്ലാം ക്രൂരമായി അടിച്ചമര്‍ത്തുന്നതിനിടെയാണ് 1975 ഓഗസ്റ്റ് 15ന് ഇന്ദിരാഗാന്ധി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തിയത്. ഇന്ദിരാഗാന്ധിയുടെ പ്രസംഗത്തെ ജനാധിപത്യ വിശ്വാസികളെല്ലാം തളളിപ്പറഞ്ഞപ്പോള്‍, പ്രസംഗത്തെ അഭിനന്ദിച്ചും ഇന്ദിരാഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചും 1975 ഓഗസ്റ്റ് 22ന് ദേവരസ് വീണ്ടും കത്തയച്ചു.ആര്‍ എസ് എസ്സിനെതിരെയുളള നിരോധനം പിന്‍വലിക്കണമെന്ന് താണുകേണ് അപേക്ഷിച്ചു. ജയില്‍മോചിതനായാല്‍ തനിക്ക് കൂടിക്കാഴ്ച നടത്താന്‍ സമയം നല്കണമെന്നും ദേവരസ് കത്തില്‍ ഇന്ദിരാഗാന്ധിയോട് യാചിച്ചു. ആ സമയത്ത് അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭങ്ങളില്‍ ബീഹാറും ഗുജറാത്തും ഇളകിമറിയുകയായിരുന്നു.ആ പ്രക്ഷോഭങ്ങളില്‍ ആര്‍ എസ്സിന് യാതൊരുപങ്കുമില്ലെന്ന് വിശദീകരിച്ചുകൊണ്ടുളളതായിരുന്നു അടുത്ത കത്ത്. 1975 നവംബര്‍ 10 ന് അയച്ചകത്ത് ഒരു പടികൂടി കടന്നു. ജയിലില്‍ കിടക്കുന്ന ആര്‍ എസ് എസ്സുകാരെയെല്ലാം വിട്ടയച്ചാല്‍ രാഷ്ട്രപുരോഗതിക്കായി യോജിച്ച് പ്രവര്‍ത്തിക്കാം എന്നറിയിച്ചുകൊണ്ടുളളതായിരുന്നു കത്ത്. നിര്‍ബന്ധിത വന്ധ്യക്കരണവും ചേരികള്‍ ഇടിച്ച് നിരത്തുന്നതും ജുഡിഷ്യറിയെ കൈപ്പിടിയിലൊതുക്കുന്നതുമെല്ലാമായിരുന്നു ഇന്ദിരാഗാന്ധി അക്കാലത്ത് ലക്ഷ്യമിട്ടിരുന്ന രാഷ്ട്രപുരോഗതി.

1976 ഫെബ്രുവരിയില്‍ അസുഖം നടിച്ച് ദേവരസ് ബോംബെയിലെ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിച്ചു. യര്‍വാദ ജയില്‍ സ്ഥിതിചെയ്യുന്ന പൂനെയില്‍ തന്നെ നല്ല ആശുപത്രികള്‍ ഉണ്ടായിരിക്കെയാണ് ദേവരസ് വിദഗ്ധ ചികിത്സയ്ക്കായി ബോംബെയിലെത്തിയത്. ഇന്ദിരാഗാന്ധി ബോംബെ സന്ദര്‍ശിക്കാനിരിക്കെയായിരുന്നു ആ നാടകം.ഇന്ദിരാഗാന്ധിയുമായി ഒരു രഹസ്യകൂടിക്കാഴ്ച്ച നടത്താന്‍ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി എസ് ബി ചവാന്‍ അണിയറയൊരുക്കി. ഇന്ദിരാഗാന്ധിയെ നേരില്‍ കണ്ട് മാപ്പുപറയുകയായിരുന്നു ലക്ഷ്യം. ആര്‍ എസ് എസ്സുകാരെയെല്ലാം ജയില്‍ മോചിതരാക്കിയാല്‍ അടിയന്തരാവസ്ഥക്ക് പിന്തുണ നല്കാമെന്നും ദേവരസ് ഏറ്റു. പക്ഷെ ,ഇന്ദിരാഗാന്ധി കൂടിക്കാഴ്ച്യ്ക്ക് തയ്യാറായില്ല. ആര്‍ എസ് എസ്സിന്റെ പിന്തുണ ഇല്ലാതെതന്നെ ജനവികാരത്തെ അതിജീവിക്കാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇന്ദിരാഗാന്ധി.മഹാരാഷ്ട്ര സര്‍ക്കാരാകട്ടെ, അടിയന്തരാവസ്ഥ തടവുകാര്‍ക്ക് മുന്നില്‍ ഒരു ഉപാധിവെച്ചു.അടിയന്തരാവസ്ഥക്ക് തടസ്സം നില്കുന്ന പ്രവൃത്തികളിലൊന്നും ഏര്‍പ്പെടില്ലെന്ന സമ്മതപത്രത്തില്‍ ഒപ്പുവെച്ചാല്‍ ജയില്‍ മോചിതരാക്കാം എന്നായിരുന്നു ഉപാധി. സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് തടവുകാരൊന്നും സമ്മതപത്രത്തില്‍ ഒപ്പുവെച്ചില്ല. അവര്‍ ജയില്‍വാസം തുടര്‍ന്നു.ദേവരസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാ ആര്‍ എസ്സുകാരും സമ്മതപത്രത്തില്‍ ഒപ്പുവെച്ചു.ഇവരില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇഷ്ടപ്പെട്ട കുറച്ചുപേരെ മാത്രം മോചിപ്പിച്ചു. ആ അച്ചടക്കമുളള രാജ്യസ്‌നേഹികളിലെ പലരും ഇപ്പോള്‍ അടിയന്തരാവസ്ഥാ ‘പീഡന ‘ പെന്‍ഷന്‍ വാങ്ങുന്നുണ്ട്.

സംഘപരിവാര്‍ അടിയന്തരാവസ്ഥ

അടിയന്തരാവസ്ഥാ കാലത്ത് ഗായകന്‍ കിഷോര്‍ കുമാറിന്റെ ഗാനങ്ങള്‍ക്ക് ആകാശവാണി വിലക്കേര്‍പ്പെടുത്തി. അടിയന്തരാവസ്ഥയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തില്ല എന്നതായിരുന്നു കിഷോര്‍ കുമാര്‍ ചെയ്ത കുറ്റം.അക്കാലത്ത് ചില വ്യക്തികള്‍ക്കാണ് വിലക്കെങ്കില്‍ മോദി ഭരണകാലത്ത് വിലക്ക് ചില വാക്കുകള്‍ക്കാണ്. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയില്‍ നിന്ന് ‘ജാനകി’ എന്ന പേര് ഒഴിവാക്കണം എന്നതാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം. ‘ജാനകി’ എന്നത് സീതയുടെ പര്യായമാണത്രെ. ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ലജ്ജിക്കേണ്ടിവരുമെന്ന അമിതാഷായുടെ
മുന്നറിയിപ്പ് രാജ്യത്തെ കാത്തിരിക്കുന്ന ഹിന്ദി ഭാഷാഭീകരതയുടെ മുന്നറിയിപ്പാണ്. രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ഗവര്‍ണര്‍ രാജ്യം നവ ഫാസിസത്തില്‍ നിന്ന് ഫാസിസത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന സൂചനയാണ് നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News